Saturday, 28 April 2007

തെങ്ങോലത്തുമ്പത്തു പൂങ്കുരുവി കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ


തെങ്ങോലത്തുമ്പത്തു പൂങ്കുരുവി
കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ
പാറിനടന്നേറെ നാരെടുത്ത്‌
പാടവരമ്പിലെ നാമ്പെടുത്ത്‌
കുഞ്ഞിക്കിളിവാതില്‍ മുന്നെയൊന്ന്
കുഞ്ഞിനിരിക്കുവാന്‍ മഞ്ചമൊന്ന്
മണ്ണുകുഴച്ചൊരലുക്കു വച്ച്‌
മിന്നാമിനുങ്ങിനെ കൊണ്ടുവച്ച്‌
രാവിലിണയ്ക്കു വെളിച്ചമേകാന്‍
ആരും പറഞ്ഞു കൊടുത്തിടാതെ..
അമ്മക്കുരുവിക്കു മുട്ടയിടാന്‍
ഇമ്മട്ടിലുള്ളില്‍ കുഴി മെനഞ്ഞ്‌
മഞ്ഞും മഴയും നനഞ്ഞിടാതെ
കുഞ്ഞിക്കുരുവിക്കുടുംബമിതാ
കുഞ്ഞിളം കാറ്റത്തൊന്നാടിയാടി
മഞ്ഞനിലാവൊത്തൊന്നാടിയാടി

തൊട്ടിലുപോലുള്ളാ കൂട്ടിനുള്ളില്
‍തൊട്ടിരിക്കന്‍ വരൂ കൂട്ടുകാരെ... ...

Monday, 23 April 2007

വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍ ...........


വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍
വേഗമൊരുങ്ങെന്റെ യമ്മേയൊന്ന്
ഉള്ളംതുടിക്കുകയാണെന്റെ യാമഴ
ത്തുള്ളിയോടൊത്തൊന്നു തുള്ളിയാടാന്‍
കണ്ണിമാങ്ങകടിച്ചൊന്നു രുചിക്കുവാന്‍
ഉണ്ണിയോടൊത്തൊന്നു കൂട്ടുകൂടാന്‍
മാവിന്‍ ചുവട്ടിലിരുന്നു കളിക്കുവാന്‍
മഞ്ചാടിച്ചന്തം നുകര്‍ന്നിരിക്കാന്‍
ഓലപ്പന്തൊന്നു മെനയുവാന്‍ രാവിലെ
ചേലക്കുയിലിന്റെ പാട്ടുകേള്‍ക്കാന്‍
മണ്ണപ്പംചുട്ടിലത്തുമ്പില്‍ വിളമ്പുവാന്‍
മന്ദാരപ്പൂവിറുത്തുമ്മവയ്ക്കാന്‍
അച്ഛനോടൊത്തുപുലര്‍ച്ചയില്‍ തന്നെയെന്‍
അച്ചന്‍ കോവില്‍പ്പുഴ നീന്തിയേറാന്‍
കായല്‍ത്തിരക്കുളിര്‍കാറ്റേറ്റു നില്‍ക്കുവാന്‍
ആയത്തിലൂയലൊന്നാടിയാടാന്‍
ചാറ്റല്‍മഴയുടെ ചാരത്തിരുന്നൊരു
പാട്ടുരസിച്ചുല്‍ കുളിരണിയാന്‍
മുറ്റത്തെവാഴത്തളിര്‍ക്കൂമ്പിന്നുള്ളിലാ-
യിറ്റുന്ന തേന്‍ രുചിച്ചുല്ലസിക്കാന്‍
ഓലേഞ്ഞാലിക്കിളിക്കൂടൊന്നു കാണുവാന്‍
ഞാലിപ്പൂവന്‍ പഴച്ചേലു കാണാന്‍
പാടവരമ്പില്‍ ചിരിച്ചുനില്‍ക്കും തൊട്ടാ-
വാടിയെത്തൊട്ടുകളിപറയാന്‍
കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്‍ക്കാന്‍
അപ്പൂപ്പന്‍ താടിയോടൊത്തൊന്നു തുള്ളുവാന്‍
അപ്പച്ചിചൊല്ലും കഥകള്‍ കേള്‍ക്കാന്‍
കോളാമ്പിപ്പൂവിന്റെ മഞ്ഞാട കണ്ടിട്ടു
കോലോത്തെ റാണി നീ യെന്നു ചൊല്ലാന്‍
മറ്റെങ്ങും കാണാത്ത ചാമ്പക്ക തിന്നുവാന്‍
മുറ്റത്തെ മുല്ലയെ തൊട്ടിരിക്കാന്‍
പച്ചീര്‍ക്കില്‍ത്തുമ്പിലായ്‌ മച്ചിങ്ങ കോര്‍ത്തൊരു
കൊച്ചുതയ്യല്‍ യന്ത്രം തീര്‍ത്തെടുക്കാന്‍

Saturday, 14 April 2007

കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു


കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു- സ്വര്‍ണ്ണ
വര്‍ണ്ണമേറും കണിക്കൊന്നക്കുടന്ന പൂവും - മഞ്ഞ
ത്തുകില്‍ച്ചന്തം പൊഴിച്ചൂറിച്ചിരിച്ചിരിക്കും - കണ്ണ-
ന്നടുത്തിരിന്നുലയുന്ന മണിദീപവും - മെല്ലെ
പുലര്‍ക്കാറ്റിന്‍ തളിര്‍ക്കൈകള്‍ തഴുകിനില്‍ക്കും - ചെറു
മലര്‍നിര പുണരുന്ന പുകച്ചുരുളും - തങ്ക
ത്താലമൊന്നില്‍ തിളങ്ങുന്ന നാണയത്തുട്ടും - മധു
വോലുമേതോ നാട്ടുമാവിന്‍ കനിയും പിന്നെ - മുറി
ത്തേങ്ങരണ്ടും തിളങ്ങും വാല്‍കണ്ണാടയൊന്നും - പുതു
തൊങ്ങലിട്ടും നവലോകം വിടര്‍ന്നീടുവാന്‍ - തിരു
പാദപത്മം പണിയുന്നേ കമലക്കണ്ണാ - ചോര
വീണുകണ്ണീര്‍ കുതിരാത്ത നാളെകള്‍ താ നീ- നിണ്റ്റെ
വേണുനാദം പടരുന്ന ജീവിതങ്ങള്‍ താ - പൊരി
വെയിലേറ്റു വാടാത്ത ബാലലോകം താ - ഇളം
കുയില്‍പ്പാട്ടില്‍ തലയാട്ടും പുലരികള്‍ താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളും താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളൂം താ..........

Friday, 6 April 2007

ചാടിച്ചാടി തെങ്ങില്‍ കയറി ചാരിയിരിക്കും കുഞ്ഞായി


ചാടിച്ചാടി തെങ്ങില്‍ കയറി
ചാരിയിരിക്കും കുഞ്ഞായി
മേളം പോലാ തെങ്ങും കൂമ്പില്‍
താളമടിക്കും കുഞ്ഞായി
ചാടിയിറങ്ങും നേരത്തരയില്‍
കൂട കുലുങ്ങും ചേലായി
ചാടിയിറങ്ങി തോമ്മിച്ചാനെ
മാടിവിളിക്കും കുഞ്ഞായി
കൂടതുറന്നിട്ടൊന്നര നാഴി
ക്കള്ളു കുടിക്കും തൊമ്മായി
നാലരനാഴീം കൂടെയിറക്കി
നാലാം കാലേല്‍ തൊമ്മായി
പമ്മി പമ്മി നടന്നേ പോയി
തൊമ്മിച്ചന്‍ ദാ വീലായി
വീട്ടില്‍ചെന്നിട്ടന്നച്ചേച്ചി-
ക്കെട്ടിടി നല്‍കീ ഹാലായി
മുട്ടനുളക്കയെടുത്തുകൊടുത്തു
മുട്ടിനൊരെണ്ണം ചേട്ടായി

"തെങ്ങില്‍ക്കേറി കള്ളും ചെത്തി
തുള്ളിയിറങ്ങും കുഞ്ഞായി
മത്തുപിടിച്ചു നശിക്കും ലോകം
നിര്‍ത്തുകയിപ്പണി ചങ്ങാതി. "


കൂടുതല്‍ കല്ലുപെന്‍സില്‍ കവിതകള്‍ ഇവിടെ ചൊല്ലിക്കേള്‍ക്കാം
Kallupencil Kavithakal Online.....!

Wednesday, 4 April 2007

കല്ലുപെന്‍സില്‍ ബ്ലോഗിലെ മൂന്നു കവിതകള്‍ ഓഡിയോ രൂപത്തില്‍. ഓര്‍ക്കസറ്റ്രേഷന്‍ ഒന്നും ഇല്ലാതെ വെറുതെ ഒരു തമാശ. വലിയ നിലവാരം പ്രതീക്ഷിക്കല്ലെ...

ആലാപനം : ലക്ഷ്മി എസ്. നായര്‍

Kallupen2.mp3


അല്ലെങ്കില്‍ ഈ ലിങ്കിലേക്കു പോവുക....(അഭിപ്രായം അറിയിക്കുമല്ലോ)
--------------------------------------
http://www.esnips.com/doc/53540749-e339-4d52-9d72-3663a74dbe46/Kallupen2
--------------------------------------

Tuesday, 3 April 2007

രാധയും അച്ഛനും ആകാശവും


രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛണ്റ്റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..