Tuesday, 26 June 2007

പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍ പുസ്തകമൊക്കെയെടുത്തിട്ട്‌


പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍
പുസ്തകമൊക്കെയെടുത്തിട്ട്‌
കുടയും ബാഗും ചോറുനിറച്ചൊരു
കൂടും കൂടൊരു പുഞ്ചിരിയും
കൂട്ടിനു താഴെവീട്ടിലെ മീന-
ക്കുട്ടിപ്പെണ്ണും വാവാച്ചീം
അങ്ങേവീട്ടിലെ അന്തോണീ പി-
ന്നിങ്ങേവളവിലെ ബീരാനും
തമ്മില്‍ക്കൈകള്‍ കോര്‍ത്തും മഴയുടെ
താളം കുടയില്‍ വാങ്ങിച്ചും
നാട്ടുവിശേഷം ചൊല്ലിത്തമ്മില്‍
പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചും
കൊച്ചുകടംകഥ ചോദിച്ചിടയില്‍
പിച്ചുകൊടുത്തു ചിരിച്ചിട്ടും
പള്ളിക്കൂടത്തില്‍പോകുന്നതു
പിള്ളച്ചേട്ടാ കണ്ടാട്ടെ
ചാറ്റല്‍ മഴയും കുഞ്ഞിക്കുളിരും
ചുറ്റിവരിഞ്ഞത്‌ കണ്ടാട്ടെ
കുഞ്ഞിപ്പൂവുകള്‍ പോലെചിരിക്കും
കുഞ്ഞുമുഖങ്ങള്‍ കണ്ടാട്ടെ.

Saturday, 23 June 2007

മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ചെയ്യും


"മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്‌
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ്‌ വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"

"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

"ആലിപ്പഴം കൂടെ വന്നുവല്ലോ
അല്ലിക്കുരുന്നേ നീയെന്തു ചെയ്യും?"
"പാതിമുറ്റംവരെയോടിയോടി
പാവാടക്കുമ്പിളില്‍ വാരിവയ്ക്കും"

മുറ്റ്‌ത്തുവെള്ളം നിറഞ്ഞുവല്ലോ
മുത്തേകുരുന്നേ നീയെന്തു ചെയ്യും?
"വെള്ളംതെറിപ്പിച്ചു തുള്ളിയാടി
ഉള്ളംകുളിര്‍പ്പിച്ചിരിക്കുമല്ലോ"

"മെല്ലെ മഴ മറയുന്നുവല്ലോ
ചെല്ലക്കിടാവേ നീയെന്തു ചെയ്യും?"
"നാളെയുമെത്തണേയെന്നു ചൊല്ലി
വള്ളമുണ്ടാക്കിയിരിക്കുമല്ലോ"

Tuesday, 19 June 2007

തൊട്ടാവാടീ തൊട്ടാവാടീ തൊട്ടാല്‍ വാടുവതെന്താടീ


തൊട്ടാവാടീ തൊട്ടാവാടീ
തോട്ടുവരമ്പില്‍ ശിങ്കാരീ
കമ്മലുമിട്ടു കുണുങ്ങിയിരിക്കണ
കാണാനെന്തൊരു ചേലാടീ
കാറ്റത്തൊന്നു ചിരിച്ചു രസിക്കണ
കാണാനെന്തൊരു ചേലാടീ
നോവിക്കാനരികത്തില്ലാരും
നുള്ളിയകറ്റാന്‍ മുള്ളുണ്ട്‌
എന്നിട്ടും ഞാനൊന്നു തൊടുമ്പോള്‍
എന്തേയിങ്ങനെ വാടുന്നു
നാണം കൊണ്ടോ പേടിയതുണ്ടോ
പെണ്ണേയെന്തിനു വാടുന്നു?
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ
മുല്ലത്തൈയ്യെ കണ്ടുപടിക്കോള്‍-
ക്കില്ലീ നാണം ശിങ്കാരീെ
ചെല്ലത്തെറ്റിക്കൊട്ടും പേടിയ-
തില്ലതു കാണൂ ശിങ്കാരീ
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ

Monday, 18 June 2007

വാലും പൊക്കി ചാടിനടക്കും വേലിക്കമ്പേലണ്ണാനേ


വാലും പൊക്കി ചാടിനടക്കും
വേലിക്കമ്പേലണ്ണാനേ
വരയനുടുപ്പിട്ടൊന്നു ചിലക്കും
വികൃതിക്കുട്ടന്നണ്ണാനേ
ഒന്നുതൊടാന്‍ ഞാനോടിവരുമ്പോള്‍
മിന്നിയൊളിച്ചിട്ടൊടുവില്‍ നീ
മാവിന്‍ കൊമ്പത്തോടിക്കയറി
മാമ്പഴമങ്ങനെ തിന്നുമ്പോള്‍
താഴത്താശിച്ചാശിച്ചിങ്ങനെ നില്‍ക്കും
താരക്കുട്ടിക്കൊന്നു തരൂ
താമരമാലകളഞ്ചുതരാം പല-
മാതിരി മുത്തുകളേഴു തരാം
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..
കാറ്റും കേട്ടില്ലാരും കേട്ടില്ല-
ണ്ണാര്‍ക്കണ്ണ നീ കേള്‍ക്കൂ....
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..

Friday, 15 June 2007

ഒറ്റത്തൂണില്‍ കൂടാരം വട്ടത്തില്‍ ഒരു കൂടാരം


ഒറ്റത്തൂണില്‍ കൂടാരം
വട്ടത്തില്‍ ഒരു കൂടാരം
എട്ടുകഴുക്കോല്‍ കൊണ്ടൊരു തച്ചന്‍
കെട്ടിയൊരുക്കിയ കൂടാരം
തൊട്ടാലുയരും കൂടാരം പി-
ന്നൊട്ടുചുരുങ്ങും കൂടാരം
കിട്ടുമ്മാവന്‍ തോളിലെടുത്തു
പിടിച്ചു നടക്കും കൂടാരം
കുട്ടിപ്പെണ്ണൊരു മഴയെത്തുമ്പോള്‍
ഓടിയൊളിയ്ക്കും കൂടാരം
കട്ടിവെയില്‍ച്ചൂടൊന്നു പതിച്ചാല്‍
കുട്ടനൊളിയ്ക്കും കൂടാരം

Thursday, 7 June 2007

ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍ ചന്തയിലേക്കൊരു പോക്കുണ്ടേ


ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍
ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തംകൂട്ടിമിനുക്കിയ മുഖവും
ചന്ദനവും ചെറുപുഞ്ചിരിയും
വെന്തുപുകഞ്ഞൊരു ബീഡിക്കുറ്റി-
ക്കുന്തുകൊടുക്കും മേല്‍മീശേം
മുന്തിയ കുടയൊരു കൈയില്‍, മുണ്ടിന്‍
കോന്തല മറ്റേക്കൈക്കുള്ളില്‍
കുന്തിച്ചങ്ങു കലുങ്കിലിരിക്കും
അന്തോണിക്കൊരു ചിരിയേകും
കൂന്താലിപ്പിടി തോളില്‍ വക്കും
ചന്തൂട്ടിയ്ക്കൊരു കൈ നല്‍കും
ചന്ദ്രന്‍പിള്ളെക്കാണും നേരം
"എന്തു വിശേഷം" ചോദിക്കും
പൊന്തക്കാട്ടില്‍ നിന്നുമെടുത്താ
പന്തു കിടാങ്ങള്‍ക്കേകീടും
ചന്തുമ്മാനെക്കണ്ടു കഴിഞ്ഞാല്‍
എന്തൊരു മോദമിതെല്ലാര്‍ക്കും
ചന്തുമ്മാനെപ്പോലായ്ത്തീരാന്‍
എന്തൊരു മോഹമിതെല്ലാര്‍ക്കും

Monday, 4 June 2007

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പല
നിറങ്ങള്‍ നല്‍കിച്ചന്തം തികച്ച ചിത്രങ്ങള്‍ വാ-
ലെഴുതിച്ചിരിച്ചു നീ പൊട്ടിടാനെടുക്കുന്നോ-
രഴകിന്നരികിട്ട തുണ്ടുവാല്‍ക്കണ്ണാടികള്‍
മഴവില്‍ച്ചേലില്‍ നിന്നെ തിളക്കിത്തെളിയിച്ച
മിഴിവുതഴുകുന്ന മുടിക്കെട്ടുകള്‍ പിന്നെ
നിനവില്‍ നിനക്കിഷ്ടം പകര്‍ന്ന പളുങ്കുകള്‍
നനയും മിഴിതുടച്ചെടുക്കും കവിതകള്‍
നൃത്തമാടുവാന്‍ മുടിത്തിരുപ്പന്‍ കെട്ടും കരി
മുത്തുകള്‍ പിടിപ്പിച്ച ദുപ്പട്ടക്കഷണങ്ങള്‍

മാറ്റിവക്കുവാന്‍ വയ്യയിവയൊന്നുമേ ദു:ഖം
മാറ്റുതേടുമ്പോള്‍ വീണ്ടുമറിവൂ ഞാനാ സുഖം
പിണക്കം തടിച്ചിരുള്‍ വിതയ്ക്കും കുഞ്ഞു മുഖം
പിടയ്ക്കും നെഞ്ചം വീണ്ടും തേടുന്നാ സന്ധ്യാരാഗം..

കണ്ണടയ്ക്കുവാന്‍ വയ്യ കാണുന്നു വിയര്‍പ്പിണ്റ്റെ
പൊന്നുകള്‍ തിളങ്ങുന്ന നിന്നിളം കഴുത്തു ഞാന്‍
തെല്ലൊന്നു തുറക്കുമ്പോള്‍ കാണുന്നു കളിച്ചിരി
തെല്ലുകളൊരുക്കുന്ന തൈമുഖത്താരിന്നിതള്‍..

അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...

(മാളവിക നാട്ടിലേക്കു മടങ്ങിയപ്പോള്‍....... )

Saturday, 2 June 2007

ചെല്ലക്കാറ്റേ ചൊല്ലാമോ നീ ചെല്ലാത്തിടമുണ്ടോ മണ്ണില്‍


ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
ഇല്ലിക്കാട്ടില്‍ ചുള്ളിക്കാട്ടില്‍
നെല്ലിമരത്തില്‍ തുമ്പൊന്നില്‍
അല്ലിപ്പൂവും ചൂടിയിരിക്കും
കള്ളിപ്പാലപ്പൊന്‍ കൊമ്പില്‍
ഉള്ളംകാളും വെള്ളച്ചാട്ടം
തുള്ളിമദിക്കും ചുഴിയൊന്നില്‍
വെള്ളിമുകില്‍ത്തിര നീന്തിയടുക്കും
വെള്ളാരംകുന്നറ്റത്തില്‍
വെള്ളം നീലച്ചേലയിലോ തിര
തല്ലിത്തുള്ളും കടലൊന്നില്‍
ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍