Monday 29 October 2007

തുമ്പിയും തമ്പിയും


"തുമ്പീ തുമ്പീ തുമ്പപ്പൂവിന്‍
തുമ്പത്താടും പൂത്തുമ്പീ
തുള്ളിച്ചാടി വരുന്നോ മുറ്റ-
ത്തല്ലിക്കുളിരുണ്ടഴകുണ്ട്‌"

"തമ്പീ തമ്പീ നീയെന്‍ വാലിന്‍
തുമ്പില്‍ വള്ളിയുടക്കൂലേ
കല്ലുചുമക്കാന്‍ ചിറകില്‍ നുള്ളി
കള്ളാ നോവിച്ചീടില്ലേ?"

"തുമ്പീ തുമ്പീ ഞാനൊരു പാവം
തമ്പീ നിന്നെ നുള്ളില്ല
കല്ലു ചുമക്കാന്‍ ചൊല്ലത്തില്ല
മുല്ലപ്പൂവിലിരുത്തൂലോ"

Monday 22 October 2007

കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍


"കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
ആട്ടിരസിക്കും കുട്ടൂസേ
കാലത്തിങ്ങനെ വേണ്ടാതീനം
കാട്ടുവതെന്തിനു കുട്ടൂസേ... "

" 'കുട്ടാ തേങ്ങ ആട്ടിയെടുത്താല്‍
കിട്ടും നല്ല വെളിച്ചെണ്ണ'
ഇന്നലെ മാമന്‍ ചൊല്ലിയതല്ലേ
എന്നിട്ടെവിടെ വെളിച്ചെണ്ണ?"

(തേങ്ങ "ആട്ടി"യാല്‍ വെളിച്ചെണ്ണ കിട്ടുമെന്ന് കേട്ട ഒരു കുസൃതിപ്പയ്യന്‍)

Tuesday 16 October 2007

ചായമടിച്ചോരന്തിച്ചാരുത


"ചായമടിച്ചോരന്തിച്ചാരുത
ചാരത്തെത്തിയപോലമ്മേ
കുങ്കുമ വര്‍ണ്ണം സ്വര്‍ണ്ണം മേലേ
കണ്ണുകുളിര്‍ക്കും കടുനീലം
മന്ദാരപ്പൂവിതളു പടര്‍ത്തും
മഞ്ഞയ്ക്കരികിലിളം ചോപ്പും
തെല്ലു കറുപ്പും മിന്നാമിന്നി-
ത്തെല്ലുതിളക്കത്തുള്ളികളും
ആകാശത്തീ അമ്പോറ്റിക്കുട
ആരുവിടര്‍ത്തിയതാണമ്മേ?"

"ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്‌
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"



ചിത്രത്തിനു കടപ്പാട്‌.. ഫ്ലിക്കര്‍ ബിഗ്‌ ബി (Big Bee) പൂമ്പാറ്റ

Friday 12 October 2007

ചക്കരപ്പെട്ടി (മൊബൈല്‍ ഫോണ്‍)


അക്കരെനിന്നെന്നെ അച്ഛന്‍ വിളിക്കുമ്പോള്‍
ഇക്കരെ പെട്ടി കിണുങ്ങമല്ലോ
പെട്ടിയെടുത്തു ഞാന്‍ ബട്ടണമര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിച്ചു കുണുങ്ങുമല്ലോ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചൊല്ലുമ്പോള്‍
അച്ഛനോ കോരിത്തരിക്കുമല്ലോ
മുറ്റത്തെ മുല്ല വിരിഞ്ഞതും, പിച്ചകം
മൊട്ടിട്ട കാര്യവും ചൊല്ലുമല്ലോ
നന്ദിനിപ്പൈക്കുട്ടി ചാടിക്കളിച്ചതും
ചന്ദനം തൊട്ടതും ചൊല്ലുമല്ലോ
അമ്മയോടൊപ്പമിന്നങ്ങാടീ പോയതും
അമ്മൂമ്മ വന്നതും ചൊല്ലുമല്ലോ
അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ

Wednesday 10 October 2007

പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു


പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു
വെള്ളനിറമുള്ള വേലു മാമന്‍
അമ്മായി വന്നൊരു ഞെക്കു കൊടുത്തപ്പോള്‍
അമ്പോ പുറത്തേക്കു ചാടി മാമന്‍
നാരുകള്‍ തീര്‍ത്തോരു മെത്തപ്പുറത്തേക്കു
നേരേ മറിഞ്ഞു കിടന്നു മാമന്‍
കാലത്തേ തന്നൊരു കല്ലന്‍ ഗുഹയുടെ
ഉള്ളിലേക്കോടി മറഞ്ഞു മാമന്‍

(രാവിലെ ടൂത്ത്‌പേസ്റ്റ്‌ ബ്രഷിലേക്ക്‌)

Tuesday 9 October 2007

ഞൊട്ടയും വെട്ടവും


കുട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
പെട്ടെന്നെത്തീ വെട്ടം ദാ
കിട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
വെട്ടം പോയീ കഷ്ടം! ദാ

(സ്വിച്ചിടുമ്പോള്‍ ലൈറ്റ്‌ കത്തുന്നുന്നത്‌)

Thursday 4 October 2007

മുല്ലേ മുല്ലേ മുല്ലപ്പൂവേ


"മുല്ലേ മുല്ലേ മുല്ലപ്പൂവേ
നുള്ളുതരാമോ ചെല്ലമണം"

"കല്ലേ കല്ലേ കവിളത്തിന്നൊരു
നുള്ളുതരും ഞാനോര്‍ത്തോണം"

"മുല്ലേ മുല്ലേ മുല്ലപ്പൂവേ
വെള്ളയുടുപ്പിന്നെന്തു മണം"

"കല്ലേ കല്ലേ കളിയാക്കല്ലേ
തല്ലുതരും ഞാനോര്‍ത്തോണം"

മുല്ല ചിരിച്ചൂ കല്ലു ചിരിച്ചൂ
നുള്ളിയെടുത്തൂ ചെല്ലമണം

Wednesday 3 October 2007

നാലുമണിയ്ക്കു വിരിഞ്ഞ പൂവേ


നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്‍റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ
നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ
നല്ല ഞൊറിയുടുപ്പിട്ടു നില്‍ക്കും
നിന്നടുത്തോടി ഞാനെത്തിപൂവേ
ഒന്നു കൂടൊന്നു കുണുങ്ങു പൂവേ
കന്നിമഴപൊഴിയുന്ന മുമ്പേ