
ചിങ്ങനിലാവിന്നൊരുങ്ങി വന്നൂ
ചിത്തിരപ്പുഞ്ചിരി തൂവി നിന്നു
പാടവരമ്പും പവിഴമല്ലീം
പാവാടയിട്ടു കുണുങ്ങി നിന്നു
ഒത്തിരിപ്പൂമണം കൈയില്‍ വച്ചൂ
പാത്തും പതുങ്ങിയും കാറ്റു വന്നൂ
തുമ്പികള്‍ തുള്ളിക്കളിച്ചു വന്നൂ
തുമ്പക്കുടങ്ങള്‍ വിരിഞ്ഞു നിന്നൂ
പൊന്‍വെയില്‍ പൂക്കളമിട്ടു നിന്നൂ
പൊയ്കകളെങ്ങും നിറഞ്ഞു നിന്നു
കൈതയിലകള്‍ കരങ്ങള്‍ കൊട്ടി
കൈകൊട്ടിത്താളം പകര്‍ന്നു നിന്നു
തെങ്ങോല തുള്ളിച്ചിരിച്ചു നിന്നൂ
തുമ്പിലിളം കിളിയാടി നിന്നു
മാനം തെളിഞ്ഞു വിടര്‍ന്നു നിന്നു
മാവേലിത്തമ്പ്രാനെഴുന്നെള്ളുന്നു
അമ്മൂമ്മയുമ്മറത്തോടി വന്നൂ
"അമ്മൂ നീ കണ്ടോ പൊന്നോണം വന്നൂ"