Monday, 16 June 2008

ഓര്‍മ്മയിലെ മഴ


വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.

കാറ്റുവന്നു പതുക്കെയെന്‍‌റെ അടുത്തുനില്‍‌ക്കുന്നു ...ഒരു
ചാറ്റലെന്‍‌റെ കുരുന്നു നെഞ്ചില്‍ തൂവിയേകുന്നു.
പച്ചയിട്ടു നനഞ്ഞപാടം ഞൊറിയുടുക്കുന്നു... അതു
കൊച്ചുകണ്ണുവിടര്‍ത്തി വീണ്ടും നോക്കി നില്‍ക്കുന്നു

മെല്ലെമാനമിരുണ്ടുവീണ്ടുമൊരുങ്ങിനില്‍ക്കുന്നു . ഒരു
മുല്ലഗന്ധം മുന്നില്‍ വന്നു നിറഞ്ഞു നില്‍ക്കുന്നു.
കണ്ണടച്ചാ ഗന്ധമുള്ളില്‍ ഞാന്‍ പടര്‍ത്തുന്നു .. വീണ്ടും
കാതിലൊരു പേമാരിനൃത്തം ചുവടു വക്കുന്നു

ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു

ചാഞ്ഞവാഴയ്‌ക്കൂന്നു നല്‍കി നനഞ്ഞു നില്‍ക്കുമ്പോള്‍ - നെഞ്ചില്‍
ചായുവാന്‍ ഞാനോടിയച്ഛന്നരികിലെത്തുന്നു
നെറ്റിയില്‍ പൊന്‍‌‌വിയര്‍പ്പും നീര്‍ത്തുള്ളിയും ചേരും .. നേര-
ത്തിറ്റുനേരം വാരിയെന്നെ മാറിലേറുന്നു..

വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...

Wednesday, 16 April 2008

പള്ളിക്കൂടമടച്ചല്ലോ ഇനി.....


പള്ളിക്കൂടമടച്ചല്ലോയിനി
തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍
പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ
കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
പാട്ടും പാടി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ നടുവില്‍
കൊച്ചൊരു തോണിയിലെത്താലോ
വെള്ളം ചെപ്പി ചെപ്പിയിരുന്നൊരു
വല്ലം കഥകള്‍ ചൊല്ലലോ
നെല്ലിയുലുത്തിയുലുത്തിയൊരിത്തിരി
അല്ലിക്കാമണി തിന്നാലോ
മഞ്ചാടിക്കുരുയൊരുപിടി വാരി
കൊഞ്ചിക്കൊഞ്ചിയിരിക്കാലോ
കല്ലിലിടിച്ചൊരു പുളിയന്‍ മാങ്ങ
കല്ലുപ്പിട്ടു കഴിക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെ പാടാലോ
വള്ളിക്കുടിലു മെനഞ്ഞിട്ടുള്ളില്‍
വെള്ളാരം കല്ലാടാലോ
തത്തിതത്തിച്ചാടും ചേച്ചി-
ക്കൊത്തു കളത്തില്‍ കൂടാലോ
പള്ളിക്കൂടമടച്ചല്ലോയിനി
പുസ്തകമൊന്നു മടക്കാലോ
മണ്ണും മഴയും വെയിലും കുളിരും
കണ്ണുനിറച്ചിനി കാണാലോ


(എല്ലാ കൂട്ടുകാര്‍ക്കും മദ്ധ്യവേനല്‍ അവധി ആശംസകള്‍ - പുസ്തകം മടക്കൂ... കമ്പ്യൂട്ടറും ഹാരിപോട്ടറും മാറ്റി വക്കൂ.. മണ്ണിലേക്ക് ചാടി മറിഞ്ഞു നടക്കൂ........)

Friday, 4 April 2008

രാധയും അച്ഛനും ഓഡിയോ

“രാധയും അച്ഛനും ആകാശവും“ എന്ന കവിത ശ്രീ മനോജ് ചൊല്ലിയത് ഇവിടെ.
http://www.kapeesh.com/music/blog/GManu-Radha-aakaasam.mp3രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛന്‍‌റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..

Monday, 31 March 2008

പാപ്പിയും പീപ്പിയും പിന്നെ ബലൂണും

രണ്ടു കുട്ടിക്കവിതകള്‍ എം.പി.ത്രീയില്‍


പാപ്പിയും പീപ്പിയും

"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

------------------

ബലൂണ്‍
പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍

******************
“മകളേ വളരാതിരിക്കുക“ എന്ന കവിത വനിതാലോകത്ത്
http://vanithalokam.blogspot.com/2008/03/7.html

Monday, 24 March 2008

ഇതെന്തേയിങ്ങനെ?


അമ്മേ അമ്മേ കണ്ടോ ഭിത്തിയില്‍
അമ്മു ചിരിക്കുന്നു
ഇമ്മിണി നല്ലൊരു കമ്മലുമിട്ടി-
ട്ടമ്മു ചിരിക്കുന്നു.
ഇങ്ങോട്ടൊന്നും ചെരിഞ്ഞാലും ഞാ-
നങ്ങോട്ടായാലും
എന്നെ മാത്രം നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
കട്ടില്‍പടിയില്‍ കയറിയിരുന്നി-
ട്ടൊട്ടു കുനിഞ്ഞാലും
കട്ടിളവക്കില്‍ പമ്മിയിരുന്നി-
ട്ടൊട്ടു നിവര്‍ന്നാലും
എന്നെത്തന്നി നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
എങ്ങനെ ഫോട്ടോ കണ്ണുതിരിച്ചി-
ട്ടെന്നെ നോക്കുന്നു?

(നേരെ നോക്കുന്ന ഫോട്ടോയുടെ കണ്ണൂകള്‍ നോക്കുന്ന ആളിനെ പിന്തുടരുന്നതെങ്ങനെ.. ചെരിഞ്ഞ പോസുള്ളതില്‍ അത്‌ തോന്നാത്തതെന്തുകൊണ്ട്‌.. ടെക്കികള്‍ ഒന്നു വിശദീകരിക്കാമോ?)

ഈ പ്രതിഭാസത്തിനൊരു വിശദീകരണം ശ്രീലാല്‍ തപ്പിയെടുത്തത് ഇവിടെ

ഈ കവിത മനോജ് ഇവിടെ ചൊല്ലിയിട്ടുണ്ട്

Thursday, 20 March 2008

ഉണ്ണീ നീ കണ്ണുതുറക്കുക

ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്‍റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും
ഉണ്ണീ നീ കണ്ണുതുറക്കാതെ കാണുകീ
മണ്ണിനെ താങ്ങുന്ന കാരുണ്യവും
ദൂരത്തുനിന്നും കുളിരു ചുമന്നു നിന്‍
ചാരത്തേക്കോടിയണഞ്ഞ കാറ്റും
വെട്ടംവിളമ്പുന്ന സൂര്യനും നിന്‍ മിഴി
പൂട്ടിയുറക്കുമിരുട്ടും ലാവും
കാലത്തുനിന്നെയുണര്‍ത്തുവാനെത്തുന്ന
കോലക്കുയിലിന്‍റെ നെഞ്ഞിടിപ്പും
കോലായില്‍ നിന്നെ ചിരിപ്പിക്കാനെത്തുന്ന
കൂനനുറുമ്പില്‍ വരനടത്തോം
മുറ്റത്തു മിണ്ടാതിരുന്നു ചിരിക്കുന്ന
ചെത്തിയും മന്ദാരപ്പൂവിതളും
കൊച്ചുമണംകൊണ്ടു വാരിപ്പുതയ്ക്കുന്ന
പിച്ചിയും മുല്ലയും പാരിജാതോം
അല്ലിത്തളിര്‍ച്ചുണ്ടിലൊത്തിരി മാധുര്യം
നുള്ളിത്തരുന്നൊരീ വാഴക്കൂമ്പും
താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക
ഉണ്ടു ചിരിക്കുകീ നന്മകളെ

(പ്രിയ സുഹൃത്ത് സുഗതരാജ് പലേരിക്ക് ഇന്നു ജനിച്ച ഉണ്ണിക്കുട്ടന് ഈ കവിത കൊടുക്കുന്നു.. മിടുക്കനായി മനുഷ്യനായി വളരാന്‍ ആശംസ........)

Tuesday, 18 March 2008

കുടുകുടു കുക്കുടു ബോട്ട്


കട്ടപ്പനയില്‍നിന്നും നമ്മുടെ
കുട്ടനു കിട്ടിയ ബോട്ടാണേ
എട്ടരരൂപ തുട്ടിനു വാങ്ങീ-
ട്ടേട്ടന്‍ നല്‍കിയ ബോട്ടാണേ

വട്ടപ്പാത്രമെടുത്തിട്ടമ്മു-
ക്കുട്ടീ വേഗം വന്നാട്ടെ
കിട്ടാ വെള്ളമൊഴിയ്ക്കൂ സീത-
ക്കുട്ടീ കൈത്തിരി തന്നാട്ടേ

പെട്ടെന്നിത്തിരിയെണ്ണയൊഴിച്ചീ
തട്ടമകത്തിനി വക്കട്ടെ
കുടുകുടു നീങ്ങുന്നതു നീ കണ്ടോ
ഗുട്ടന്‍സെന്താ കുട്ടൂസേ

(കളിബോട്ടിലെ കുഴലില്‍ വെള്ളം നിറച്ച്‌, അകത്ത്‌ വിളക്കു കൊളുത്തി വയ്ക്കുമ്പോള്‍ കുടുകുടാ നീങ്ങുന്നതിന്‍റെ രഹസ്യം അച്ഛനോടു ചോദിക്കൂ കുട്ടികളെ)

Saturday, 8 March 2008

നെല്ലീ നെല്ലീ നെല്ലിക്ക


നെല്ലീ നെല്ലീ മുറ്റത്തങ്ങനെ
നില്ലേ നില്ലേ കിന്നാരീ
നല്ലൊരു കള്ളം ചൊല്ലും കാറ്റിനു
നുള്ളുകൊടുക്കെടീ ചിങ്കാരീ
മുല്ലചിരിക്കും നേരത്തവളെ
മെല്ലെവിളിക്കെടീ കാന്താരീ..
തെല്ലുകഴിഞ്ഞിട്ടല്ലിക്കാ മണി
നുള്ളിയടര്‍ത്തിത്തരുമോ നീ
പല്ലുപുളിക്കും നേരത്തിത്തിരി
വെള്ളമെടുത്തുകുടിക്കുമ്പോള്‍
ചൊല്ലെടി മധുരം നല്‍കും നീയൊരു
കള്ളിയതല്ലേ കല്യാണീ

Thursday, 28 February 2008

ആലീസിനൊരു വിമാനം..

ആലീസിനൊരു കടലാസുവിമാനം വേണം എന്ന കവിത ചൊല്ലി പോസ്റ്റുന്നു..
വെള്ളക്കടലാസു നുള്ളിയെടുത്തൊരു
വള്ളമുണ്ടാക്കി വിരുതനുണ്ണി
വെള്ളത്തിലിട്ടതു നീങ്ങുന്ന കണ്ടപ്പൊ
തുള്ളിച്ചിരിച്ചു മിടുക്കന്‍ അമ്പി
കല്ലിട്ടൊരോളത്താല്‍ പിന്നെയും നീങ്ങുന്ന
കണ്ടു കുതിച്ചു മദിച്ചുണ്ണൂണ്ണി
കൂനനുറുമ്പിനെ കാശുവാങ്ങാതുള്ളില്‍
കേറ്റിയിരുത്തിമിടുക്കിയല്ലി
പച്ചപ്പുല്ലൊന്നു പറിച്ചെടുത്തറ്റത്തു
കുത്തിവച്ചൊന്നു ചിരിച്ചമ്മിണി
തുമ്പപ്പൂകൈയാലിറുത്തെടുത്തക്കരെ
തുമ്പിക്കു നല്‍കാന്‍ പറഞ്ഞമ്പിളി
അങ്ങു ദൂരെ കടലമ്മയ്ക്കു നല്‍കുവാന്‍
ഉമ്മനിറയെ കൊടുത്തു നീലി
വര്‍ണ്ണക്കടലാസു നീട്ടി കുഞ്ഞാലീസൊ-
ന്നുണ്ണിയെ മാടി വിളിച്ചു നിന്നു
"ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "

Wednesday, 20 February 2008

കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി


അച്ഛനവധിയ്ക്കു വന്നപ്പോള്‍ തന്നല്ലോ
കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി
കൂട്ടിനെലിയുള്ള കിന്നാരപ്പൂമ്പെട്ടി
കൂട്ടുകൂടാനുള്ള കുഞ്ഞിപ്പെട്ടി
തൊട്ടൊന്നുണര്‍ത്തിയാല്‍ താമരപ്പൂവുകള്‍
പെട്ടെന്നു മുന്നില്‍ തെളിയ്ക്കും പെട്ടി
പാട്ടുകള്‍ കേള്‍പ്പിക്കും ചിത്രം വരപ്പിയ്ക്കും
പട്ടണം കാണിക്കും ചെല്ലപ്പെട്ടി
ദൂരത്തുള്ളേട്ടനെ ചാരത്തു കാണിക്കും
കാര്യങ്ങള്‍ കേള്‍പ്പിക്കും പൊന്നും പെട്ടി
അക്കയ്ക്കു ജോലിയ്ക്കു പോകുവാന്‍ ടിക്കറ്റ്‌
വെക്കമെടുത്തു തരുന്ന പെട്ടി
അമ്മയ്ക്കണിയാന്‍ വളകളും ചേച്ചിയ്ക്ക്‌
കമ്മലും വാങ്ങിത്തരുന്ന പെട്ടി
പാവമനുജനടുത്ത പരീക്ഷയ്ക്ക്‌
പാഠങ്ങളൊക്കെ കൊടുക്കും പെട്ടി
എന്തുചോദിച്ചാലും നല്‍കുന്ന പൂമ്പെട്ടി
എന്തിഷ്ടമാണെന്നോ കുഞ്ഞിപ്പെട്ടീ

Monday, 18 February 2008

ചെല്ലക്കിടാത്തിയും ചെമ്പരത്തിയും


"കാറ്റുവന്നെന്തോ പറഞ്ഞല്ലോ നിന്നോട്‌
കൂട്ടുകാരീ എന്‍റെ കൂട്ടുകാരീ
മിണ്ടാതെ മുറ്റത്തിരുന്നു ചിരിക്കുന്ന
മണ്ടീ കടുംചോപ്പു ചെമ്പരത്തീ"

"ഇല്ല ഞാന്‍ ചൊല്ലില്ല ചെല്ലക്കിടാത്തി നീ
നുള്ളിയാലും ഞാന്‍ പറയുകില്ല
കാലത്തു മാമുണ്ണും നേരത്തു നീയെന്‍റെ
ചാരത്തു നിന്നു മറഞ്ഞതല്ലേ.. "

"അമ്മവിളിച്ചാലരകില്‍ ചെന്നില്ലെങ്കില്‍
അമ്പോ എനിക്കടി കിട്ടുകില്ലേ
അമ്പെടീ നിന്നെക്കളഞ്ഞിട്ടു ദൂരത്ത്‌
മുമ്പെങ്ങും പോയിട്ടില്ലോര്‍മ്മയുണ്ടോ.. "

ഉച്ചയ്ക്ക്‌ ചോറുണ്ണാനെന്നെ കളഞ്ഞിട്ടു
കൊച്ചേ നീയോടിയതോര്‍മ്മയില്ലേ
കൊച്ചരിപ്പുഞ്ചിരി തന്നിട്ടും നീയെന്നെ
കൊച്ചാക്കി മിണ്ടാതെയോടിയില്ലേ "

"അച്ഛന്‍ വിളിച്ചാലരികില്‍ ചെന്നില്ലെങ്കില്‍
കൊച്ചടിയഞ്ചാറു കിട്ടുകില്ലേ
കൊച്ചുമഴയത്തും കൂട്ടിനു നിന്നില്ലേ
കൊച്ചമ്മേയൊട്ടുമതോര്‍മ്മയില്ലേ... "

"സന്ധ്യയ്ക്ക്‌ മുത്തശ്ശി മാടിവിളിച്ചപ്പോള്‍
എന്തേപറയാതെ പോയിവേഗം
അഞ്ചിതള്‍ തുമ്പിലും കുങ്കുമം തന്നിട്ടും
അമ്പോ കടന്നു കളഞ്ഞില്ലേ നീ"

"നാമം ജപിക്കുവാനമ്മൂമ്മ ചൊല്ലിയാല്‍
നാണക്കേടല്ലേയടുത്തില്ലെങ്കില്‍
ചൊല്ലിക്കഴിഞ്ഞു ഞാനോടിയടുത്തില്ലേ
അല്ലിക്കവിളത്തൊരുമ്മ നല്‍കാന്‍"

"കാറ്റുപറഞ്ഞു നിന്‍ കള്ളച്ചിരിയുമെന്‍
കാഞ്ചനപ്പൂമ്പൊടീമൊന്നുപോലെ
പിന്നെപ്പറഞ്ഞവന്‍ ചെല്ലക്കിടാത്തി നിന്
‍പിന്നും മുടിയേറെയിഷ്ടമെന്ന്.. "


** ഈ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം
ഇത് പാടിയ പോസ്റ്റ് ചെയ്ത ശ്രീ മനോജിനെ ഒരുപാട് നന്ദി)

Friday, 18 January 2008

അപ്പച്ചാ........ അച്ചപ്പം


"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം കണ്ടോ
അപ്പച്ചിക്കിതു കണ്ടുകഴിഞ്ഞാ-
ലപ്പം കൊതിയൊപ്പം"

"പാപ്പച്ച കളി വേണ്ടാ എന്നോ-
ടച്ചപ്പക്കൊതിയാ
അപ്പച്ചിക്കൊതി ചൊല്ലിത്തന്നി-
ട്ടച്ചപ്പം വാങ്ങി
അപ്പിടി തിന്നുരസിക്കാനല്ലേ
അപ്പണി വേണ്ടയ്യാ... "

"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം തന്നാല്‍
അപ്പം നല്‍കാം കവിളില്‍ രണ്ടും
മുപ്പതു പൊന്നുമ്മ

Thursday, 17 January 2008

അപ്പവും അപ്പൂപ്പനും


അപ്പക്കാരയടുപ്പില്‍ വച്ചി-
ട്ടപ്പൂപ്പന്‍ ചൊല്ലി
അപ്പുക്കുട്ടാ ചുട്ടു തരാം ഞാ-
നപ്പം പത്തെണ്ണം
അപ്പം മീനുക്കുട്ടി ചിണുങ്ങീ
അപ്പൂപ്പാ വേണം
അപ്പുക്കുട്ടനെടുക്കും മുമ്പേ
അപ്പം പത്തെണ്ണം
അപ്പം കോരിയെടുക്കുന്നേര-
ത്തപ്പൂപ്പന്‍ ഞെട്ടി
പപ്പന്‍ പൂച്ചയെടുത്തു മറിച്ചി-
ട്ടപ്പം പത്തെണ്ണോം

Saturday, 12 January 2008

പഴംപൊരി


മഞ്ഞയുടുപ്പിട്ടരികിലിരിക്കും
കുഞ്ഞാലിപ്പയ്യാ
എണ്ണക്കടലില്‍ മുങ്ങിവരുമ്പോ-
ളെന്തൊരു മണമയ്യാ
ഉള്ളിലൊളിക്കും മധുരമൊരിത്തിരി
നുള്ളിയെടുത്തയ്യാ
നാലുമണിക്കതു നുണയും നേര-
ത്തെന്തൊരു രസമയ്യാ

Wednesday, 2 January 2008

പുതുവര്‍ഷം പുതുവര്‍ഷം


ഭിത്തിയില്‍ നിന്നും പഴയതു മാറ്റി
പുത്തന്‍ കലണ്ടറിടുന്നച്ഛന്‍
താളുകളൊക്കെ മറിച്ചൊന്നു നോക്കി
താളത്തിലൊന്നു ചിരിച്ചമ്മ

"മാളൂ നീ ചൊല്ലു കലണ്ടറിനുള്ളില്‍
മോളേ നിനക്കേറെയിഷ്ടമെന്ത്‌?
ഓണമോ പൊന്നു വിഷുവോ വിളക്കോ
ഓമലേ നിന്‍റെ പിറന്നാളോ?"

"ഓണമല്ലമ്മേ വിഷുവുമല്ലമ്മേ
ഓമനയക്കം ചുവപ്പക്കം
എത്രയുണ്ടമ്മേ കലണ്ടറിനുള്ളില്‍
ചിത്തിരയക്കം ചുവപ്പക്കം?
അമ്മയ്ക്കുമച്ഛനുമൊപ്പമിരിക്കാന്
‍വേണമെനിക്കു ചുവപ്പക്കം...
കുഞ്ഞിച്ചിരിയൊരുപാടു പൊഴിക്കാന്‍
കുന്നോളം വേണം ചുവപ്പക്കം"

അച്ഛന്‍ ചിരിച്ചു പിന്നമ്മ ചിരിച്ചു
പുത്തന്‍ പുലരിയും പുഞ്ചിരിച്ചു
മാളുവും കൂടെ കുണുങ്ങിച്ചിരിച്ചു
"മോളേയുണ്ടേറെ ചുവപ്പക്കം"