Saturday 18 August 2007

ഓണം വന്നോണം വന്നോണം വന്നു


ചിങ്ങനിലാവിന്നൊരുങ്ങി വന്നൂ
ചിത്തിരപ്പുഞ്ചിരി തൂവി നിന്നു
പാടവരമ്പും പവിഴമല്ലീം
പാവാടയിട്ടു കുണുങ്ങി നിന്നു
ഒത്തിരിപ്പൂമണം കൈയില്‍ വച്ചൂ
പാത്തും പതുങ്ങിയും കാറ്റു വന്നൂ
തുമ്പികള്‍ തുള്ളിക്കളിച്ചു വന്നൂ
തുമ്പക്കുടങ്ങള്‍ വിരിഞ്ഞു നിന്നൂ
പൊന്‍വെയില്‍ പൂക്കളമിട്ടു നിന്നൂ
പൊയ്കകളെങ്ങും നിറഞ്ഞു നിന്നു
കൈതയിലകള്‍ കരങ്ങള്‍ കൊട്ടി
കൈകൊട്ടിത്താളം പകര്‍ന്നു നിന്നു
തെങ്ങോല തുള്ളിച്ചിരിച്ചു നിന്നൂ
തുമ്പിലിളം കിളിയാടി നിന്നു
മാനം തെളിഞ്ഞു വിടര്‍ന്നു നിന്നു
മാവേലിത്തമ്പ്രാനെഴുന്നെള്ളുന്നു

അമ്മൂമ്മയുമ്മറത്തോടി വന്നൂ
"അമ്മൂ നീ കണ്ടോ പൊന്നോണം വന്നൂ"

15 comments:

G.MANU said...

ചിങ്ങനിലാവിന്നൊരുങ്ങി വന്നൂ
ചിത്തിരപ്പുഞ്ചിരി തൂവി നിന്നു
പാടവരമ്പും പവിഴമല്ലീം
പാവാടയിട്ടു കുണുങ്ങി നിന്നു

Anonymous said...

നല്ല കവിത, മനൂ.

വേണു venu said...

മനൂ നല്ല വരികള്‍‍.
പക്ഷേ നമുക്കാ അമ്മൂമ്മ പോലും നഷ്ടമായതു പോലെ.:)

ഉറുമ്പ്‌ /ANT said...

:)

Sanal Kumar Sasidharan said...

nannayittund manu.pakshe
കൈതയിലകള്‍ കരങ്ങള്‍ കൊട്ടി
കൈകൊട്ടിത്താളം പകര്‍ന്നു നിന്നു
athil "karangal kottiyum"
"kaikottiththalavum" randanenkilum
enthO avarththikkunnathupole thonnunnu.ennalum kollaam

അപ്പു ആദ്യാക്ഷരി said...

പതിവുപോലെ സുന്ദരം മനൂ

Typist | എഴുത്തുകാരി said...

പവിഴമല്ലിയും, കൈതോലയും, എന്തിനു്, തുമ്പപ്പൂ പോലും ഇല്ലാതായിത്തുടങ്ങി. എന്നാലും, ഓണമെന്നുമുണ്ടാവും, മലയാളിക്കു്, ഇല്ലേ?

Murali K Menon said...

അന്നത്തെ ചിങ്ങനിലാവിലും, പൊന്‍‌വെയിലിലും തെളിയുന്ന ഗ്രാമത്തിനെന്തു ഭംഗിയാണു മനു... ഓര്‍ക്കാന്‍ ഒരുപാടിഷ്ടപ്പെടുന്ന ആ കാലഘട്ടത്തെ മനു കവിതയിലൂടെ കടഞ്ഞുതന്നതിനു നന്ദി...
ഇത്തരം നഷ്ടപ്പെടാത്ത മനോവികാരങ്ങളിലൂടെ ഇനിയും കവിതകള്‍ പിറക്കട്ടെ, ഓണാശംസകളോടെ

മെലോഡിയസ് said...

നന്നായിരിക്കുന്നു.

സഹയാത്രികന്‍ said...

മനൂ(ചേട്ടാ) .... ഓര്‍മ്മകളിലെ ഓണത്തിലേക്കോരു മടക്കയാത്ര...

ഏ.ആര്‍. നജീം said...

മനുവിന്റെ മറ്റൊരു മനോഹര കവിത

Sathees Makkoth | Asha Revamma said...

ആഹാ. ഓണമിങ്ങെത്തി.

കരീം മാഷ്‌ said...

അമ്മൂമ്മയുമ്മറത്തോടി വന്നൂ
"അമ്മൂ നീ കണ്ടോ പൊന്നോണം വന്നൂ"
This line I want to take to my Heart.
beautiful!

ജ്യോതിര്‍മയി /ज्योतिर्मयी said...

നല്ല രസമുണ്ടേ ഇവിടത്തെ കുഞ്ഞിപ്പാട്ടുകള്‍!
നന്ദിയോടെ
ജ്യോതിര്‍മയി

oru blogger said...

നല്ല ബ്ലോഗ്..ഞാന്‍ അബദ്ധത്തില്‍ താങ്കള്‍ ഇട്ട കമന്റ് ഡെലീറ്റ് ചെയ്തു...

search ചെയ്തപ്പോള്‍ ആദ്യം ലിങ്ക് വര്‍ക്ക് ചെയ്തില്ലായിരുന്നു..