ആലീസിനൊരു കടലാസുവിമാനം വേണം എന്ന കവിത ചൊല്ലി പോസ്റ്റുന്നു..
വെള്ളക്കടലാസു നുള്ളിയെടുത്തൊരു
വള്ളമുണ്ടാക്കി വിരുതനുണ്ണി
വെള്ളത്തിലിട്ടതു നീങ്ങുന്ന കണ്ടപ്പൊ
തുള്ളിച്ചിരിച്ചു മിടുക്കന്‍ അമ്പി
കല്ലിട്ടൊരോളത്താല്‍ പിന്നെയും നീങ്ങുന്ന
കണ്ടു കുതിച്ചു മദിച്ചുണ്ണൂണ്ണി
കൂനനുറുമ്പിനെ കാശുവാങ്ങാതുള്ളില്‍
കേറ്റിയിരുത്തിമിടുക്കിയല്ലി
പച്ചപ്പുല്ലൊന്നു പറിച്ചെടുത്തറ്റത്തു
കുത്തിവച്ചൊന്നു ചിരിച്ചമ്മിണി
തുമ്പപ്പൂകൈയാലിറുത്തെടുത്തക്കരെ
തുമ്പിക്കു നല്‍കാന്‍ പറഞ്ഞമ്പിളി
അങ്ങു ദൂരെ കടലമ്മയ്ക്കു നല്‍കുവാന്‍
ഉമ്മനിറയെ കൊടുത്തു നീലി
വര്‍ണ്ണക്കടലാസു നീട്ടി കുഞ്ഞാലീസൊ-
ന്നുണ്ണിയെ മാടി വിളിച്ചു നിന്നു
"ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "
Thursday, 28 February 2008
Wednesday, 20 February 2008
കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി

അച്ഛനവധിയ്ക്കു വന്നപ്പോള്‍ തന്നല്ലോ
കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി
കൂട്ടിനെലിയുള്ള കിന്നാരപ്പൂമ്പെട്ടി
കൂട്ടുകൂടാനുള്ള കുഞ്ഞിപ്പെട്ടി
തൊട്ടൊന്നുണര്‍ത്തിയാല്‍ താമരപ്പൂവുകള്‍
പെട്ടെന്നു മുന്നില്‍ തെളിയ്ക്കും പെട്ടി
പാട്ടുകള്‍ കേള്‍പ്പിക്കും ചിത്രം വരപ്പിയ്ക്കും
പട്ടണം കാണിക്കും ചെല്ലപ്പെട്ടി
ദൂരത്തുള്ളേട്ടനെ ചാരത്തു കാണിക്കും
കാര്യങ്ങള്‍ കേള്‍പ്പിക്കും പൊന്നും പെട്ടി
അക്കയ്ക്കു ജോലിയ്ക്കു പോകുവാന്‍ ടിക്കറ്റ്
വെക്കമെടുത്തു തരുന്ന പെട്ടി
അമ്മയ്ക്കണിയാന്‍ വളകളും ചേച്ചിയ്ക്ക്
കമ്മലും വാങ്ങിത്തരുന്ന പെട്ടി
പാവമനുജനടുത്ത പരീക്ഷയ്ക്ക്
പാഠങ്ങളൊക്കെ കൊടുക്കും പെട്ടി
എന്തുചോദിച്ചാലും നല്‍കുന്ന പൂമ്പെട്ടി
എന്തിഷ്ടമാണെന്നോ കുഞ്ഞിപ്പെട്ടീ
Monday, 18 February 2008
ചെല്ലക്കിടാത്തിയും ചെമ്പരത്തിയും

"കാറ്റുവന്നെന്തോ പറഞ്ഞല്ലോ നിന്നോട്
കൂട്ടുകാരീ എന്‍റെ കൂട്ടുകാരീ
മിണ്ടാതെ മുറ്റത്തിരുന്നു ചിരിക്കുന്ന
മണ്ടീ കടുംചോപ്പു ചെമ്പരത്തീ"
"ഇല്ല ഞാന്‍ ചൊല്ലില്ല ചെല്ലക്കിടാത്തി നീ
നുള്ളിയാലും ഞാന്‍ പറയുകില്ല
കാലത്തു മാമുണ്ണും നേരത്തു നീയെന്‍റെ
ചാരത്തു നിന്നു മറഞ്ഞതല്ലേ.. "
"അമ്മവിളിച്ചാലരകില്‍ ചെന്നില്ലെങ്കില്‍
അമ്പോ എനിക്കടി കിട്ടുകില്ലേ
അമ്പെടീ നിന്നെക്കളഞ്ഞിട്ടു ദൂരത്ത്
മുമ്പെങ്ങും പോയിട്ടില്ലോര്‍മ്മയുണ്ടോ.. "
ഉച്ചയ്ക്ക് ചോറുണ്ണാനെന്നെ കളഞ്ഞിട്ടു
കൊച്ചേ നീയോടിയതോര്‍മ്മയില്ലേ
കൊച്ചരിപ്പുഞ്ചിരി തന്നിട്ടും നീയെന്നെ
കൊച്ചാക്കി മിണ്ടാതെയോടിയില്ലേ "
"അച്ഛന്‍ വിളിച്ചാലരികില്‍ ചെന്നില്ലെങ്കില്‍
കൊച്ചടിയഞ്ചാറു കിട്ടുകില്ലേ
കൊച്ചുമഴയത്തും കൂട്ടിനു നിന്നില്ലേ
കൊച്ചമ്മേയൊട്ടുമതോര്‍മ്മയില്ലേ... "
"സന്ധ്യയ്ക്ക് മുത്തശ്ശി മാടിവിളിച്ചപ്പോള്‍
എന്തേപറയാതെ പോയിവേഗം
അഞ്ചിതള്‍ തുമ്പിലും കുങ്കുമം തന്നിട്ടും
അമ്പോ കടന്നു കളഞ്ഞില്ലേ നീ"
"നാമം ജപിക്കുവാനമ്മൂമ്മ ചൊല്ലിയാല്‍
നാണക്കേടല്ലേയടുത്തില്ലെങ്കില്‍
ചൊല്ലിക്കഴിഞ്ഞു ഞാനോടിയടുത്തില്ലേ
അല്ലിക്കവിളത്തൊരുമ്മ നല്‍കാന്‍"
"കാറ്റുപറഞ്ഞു നിന്‍ കള്ളച്ചിരിയുമെന്‍
കാഞ്ചനപ്പൂമ്പൊടീമൊന്നുപോലെ
പിന്നെപ്പറഞ്ഞവന്‍ ചെല്ലക്കിടാത്തി നിന്
പിന്നും മുടിയേറെയിഷ്ടമെന്ന്.. "
** ഈ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം
ഇത് പാടിയ പോസ്റ്റ് ചെയ്ത ശ്രീ മനോജിനെ ഒരുപാട് നന്ദി)
Subscribe to:
Posts (Atom)