Monday, 18 February 2008

ചെല്ലക്കിടാത്തിയും ചെമ്പരത്തിയും


"കാറ്റുവന്നെന്തോ പറഞ്ഞല്ലോ നിന്നോട്‌
കൂട്ടുകാരീ എന്‍റെ കൂട്ടുകാരീ
മിണ്ടാതെ മുറ്റത്തിരുന്നു ചിരിക്കുന്ന
മണ്ടീ കടുംചോപ്പു ചെമ്പരത്തീ"

"ഇല്ല ഞാന്‍ ചൊല്ലില്ല ചെല്ലക്കിടാത്തി നീ
നുള്ളിയാലും ഞാന്‍ പറയുകില്ല
കാലത്തു മാമുണ്ണും നേരത്തു നീയെന്‍റെ
ചാരത്തു നിന്നു മറഞ്ഞതല്ലേ.. "

"അമ്മവിളിച്ചാലരകില്‍ ചെന്നില്ലെങ്കില്‍
അമ്പോ എനിക്കടി കിട്ടുകില്ലേ
അമ്പെടീ നിന്നെക്കളഞ്ഞിട്ടു ദൂരത്ത്‌
മുമ്പെങ്ങും പോയിട്ടില്ലോര്‍മ്മയുണ്ടോ.. "

ഉച്ചയ്ക്ക്‌ ചോറുണ്ണാനെന്നെ കളഞ്ഞിട്ടു
കൊച്ചേ നീയോടിയതോര്‍മ്മയില്ലേ
കൊച്ചരിപ്പുഞ്ചിരി തന്നിട്ടും നീയെന്നെ
കൊച്ചാക്കി മിണ്ടാതെയോടിയില്ലേ "

"അച്ഛന്‍ വിളിച്ചാലരികില്‍ ചെന്നില്ലെങ്കില്‍
കൊച്ചടിയഞ്ചാറു കിട്ടുകില്ലേ
കൊച്ചുമഴയത്തും കൂട്ടിനു നിന്നില്ലേ
കൊച്ചമ്മേയൊട്ടുമതോര്‍മ്മയില്ലേ... "

"സന്ധ്യയ്ക്ക്‌ മുത്തശ്ശി മാടിവിളിച്ചപ്പോള്‍
എന്തേപറയാതെ പോയിവേഗം
അഞ്ചിതള്‍ തുമ്പിലും കുങ്കുമം തന്നിട്ടും
അമ്പോ കടന്നു കളഞ്ഞില്ലേ നീ"

"നാമം ജപിക്കുവാനമ്മൂമ്മ ചൊല്ലിയാല്‍
നാണക്കേടല്ലേയടുത്തില്ലെങ്കില്‍
ചൊല്ലിക്കഴിഞ്ഞു ഞാനോടിയടുത്തില്ലേ
അല്ലിക്കവിളത്തൊരുമ്മ നല്‍കാന്‍"

"കാറ്റുപറഞ്ഞു നിന്‍ കള്ളച്ചിരിയുമെന്‍
കാഞ്ചനപ്പൂമ്പൊടീമൊന്നുപോലെ
പിന്നെപ്പറഞ്ഞവന്‍ ചെല്ലക്കിടാത്തി നിന്
‍പിന്നും മുടിയേറെയിഷ്ടമെന്ന്.. "


** ഈ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം
ഇത് പാടിയ പോസ്റ്റ് ചെയ്ത ശ്രീ മനോജിനെ ഒരുപാട് നന്ദി)

21 comments:

G.manu said...

കാറ്റുവന്നെന്തേന്തോ പറഞ്ഞല്ലോ നിന്നോട്‌
കൂട്ടുകാരീ എന്‍റെ കൂട്ടുകാരീ
മിണ്ടാതെ മുറ്റത്തിരുന്നു ചിരിക്കുന്ന
മണ്ടീ കടുംചോപ്പു ചെമ്പരത്തീ"

അപ്പു said...

എന്റമ്മേ... എന്തായിത് കുട്ടിവാക്കുകളുടെ ലാവാ പ്രവാഹമോ!!!!!? മനുവിന്റെ ഈ കഴിവിനു മുമ്പില്‍ പ്രണാമം. ഒരു തേങ്ങയും ഇരിക്കട്ടെ.

നവരുചിയന്‍ said...

കൊള്ളാലോ കുട്ടി കവിത ( ഒരു കൊച്ചു കുട്ടിക്ക് പോലും ആസ്വദിച്ച് ചൊല്ലാം ) .. ഞാന്‍ ഇതു പ്രിന്റ് ഔട്ട് എടുകുന്നു ... എന്റെ അനിയത്തിമാര്‍ക്കു കൊടുക്കാന്‍ .....

സാക്ഷരന്‍ said...

കാറ്റുപറഞ്ഞു നിന്‍ കള്ളച്ചിരിയുമെന്‍
കാഞ്ചനപ്പൂമ്പൊടീമൊന്നുപോലെ
പിന്നെപ്പറഞ്ഞവന്‍ ചെല്ലക്കിടാത്തി നിന്
‍പിന്നും മുടിയേറെയിഷ്ടമെന്ന്..
കൊള്ളാം നല്ല കവിത

സതീര്‍ത്ഥ്യന്‍ said...

നല്ല ലാളിത്യം... മനസ്സില്‍ ചെറുപ്പംകാത്തുസൂക്ഷിക്കാന്‍ ഇടയ്ക്ക് ഇത്തരം കവിതകള്‍ ഈണത്തില്‍ ഒന്നു ചൊല്ലിയാമതി.. നന്നായിരിക്കുന്നു.. :-)

ഇത്തിരിവെട്ടം said...

ലളിതം ... മനോഹരം...

ബയാന്‍ said...

കടുംചോപ്പു ചെമ്പരത്തി ,ചെല്ലക്കിടാത്തി,കൊച്ചരിപ്പുഞ്ചിരി - ഇഷ്ടമാണു ഈ കൊഞ്ചലുകള്‍.

Priya said...

:) sooo nice

സനാതനന്‍ said...

:)

("അമ്മവിളിച്ചാലരകില്‍ ചെന്നില്ലെങ്കില്‍ -തിരുത്ത് വേണം അല്ലേ)

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

ഹായ്
മ‌ധുരം!

kaithamullu : കൈതമുള്ള് said...

ചെമ്പരത്തി പൂവേ ചൊല്ല്....
മണ്ടിയല്ലവള്‍‍, ചെല്ലക്കിടാത്തീ!

ഹാരിസ് said...

cho chveet...........

കരീം മാഷ്‌ said...

അവന്‍ മരംകേറിയൊരു ചെമ്പരുത്തിപ്പൂ പറിച്ചവളുടെ മുടിയില്‍ വെച്ചു.
അവള്‍ കലികേറി ആ ചെമ്പരുത്തിപൂവെടുത്തവന്റെ ചെവിയില്‍ വെച്ചു.

മനോജ്.ഇ.| manoj.e said...

മനു - വളരെ നന്നായിരിക്കുന്നു. :)

മഴത്തുള്ളി said...

മാഷേ, ഈ കവിതയും വളരെ നന്നായിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്ക് ഈണത്തില്‍ പാടാനൊരു കവിത കൂടി.

Sharu.... said...

വളരെ ഇഷ്ടായി

നിലാവര്‍ നിസ said...

ഉം... അനിയത്തി ഇവിടെയുണ്ടെങ്കില്‍ ചൊല്ലിക്കൊടുക്കാമായിരുന്നു..

മിനീസ് said...

:-) സുന്ദരിക്കവിത!

ധ്വനി said...

ഇഷ്ടമായീ കുട്ടിക്കവിത!

കൂട്ടിച്ചേര്‍ത്തു രണ്ടുവരി പാടാന്‍ പറ്റിയില്ല! അത്ര ചന്തമാ ഇതിനു.

ഏ.ആര്‍. നജീം said...

ബല്യ കഥയോക്കെ എഴുതുമ്പോള്‍ ബുദ്ധിജീവിയാകുന്ന മനു കല്ലുപെന്‍സിലില്‍ ശരിക്കും കുഞ്ഞു ശൈലിയില്‍ ലളിതമായ ഭാഷയില്‍ എഴുതുന്നത് കാണമ്പോള്‍ അസൂയ തോന്നുന്നുണ്ട് കേട്ടോ....

സുല്‍ |Sul said...

നല്ല കൊച്ചു ചെല്ല കവിത മനൂ.
അച്ചനും അമ്മയും അമ്മൂമയും കുട്ടിയെ അടിക്കുന്നത്ര ശരിയല്ല കേട്ടൊ.
ഈ അച്ചനെങ്കിലും ഈ അടിയൊന്നു നിര്‍ത്താമായിരുന്നു :)

-സുല്‍