Friday, 4 April 2008

രാധയും അച്ഛനും ഓഡിയോ

“രാധയും അച്ഛനും ആകാശവും“ എന്ന കവിത ശ്രീ മനോജ് ചൊല്ലിയത് ഇവിടെ.
http://www.kapeesh.com/music/blog/GManu-Radha-aakaasam.mp3



രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛന്‍‌റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..

9 comments:

G.MANU said...

രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു

Manoj | മനോജ്‌ said...

മനൂ- ഈ കവിത എന്നെ വളരെ വല്ലാതെ സ്പര്‍ശിച്ചു. ആയിരമായിരം സൂര്യന്മാരും അതിലൊരായിരം ലോകങ്ങളുമുള്ളപ്പോള്‍ ഇങ്ങനൊരച്ഛനും ആ അച്ഛന് ഇങ്ങനൊരു ഓമനക്കുടമായൊരു മകളും ... എന്തു ഭാഗ്യം ചെയ്തവരായിരിക്കണം അവര്‍!!

ആശ്ലേഷിച്ചു നില്‍ക്കുന്ന അവരുടെ ചിത്രം മനസ്സീല്‍ പതിഞ്ഞിരിക്കുന്നു.

അത്ഭുതകരമായ ഒരു feeling...

കവിതയുടെ ഓഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. അവിടെയും താങ്കളുടെ കവിതയുടെ മനോഹാരിതക്ക് അഭിനന്ദനങ്ങളറിയിച്ചിട്ടുണ്ട്, സഹൃദയര്‍! :)

Unknown said...

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"
മനു വാക്കുക്കള്‍ക്ക് നല്ല് അടുപ്പം ഏതു വ്രത്തമാണി കവിതയുടെത്

വേതാളം.. said...

മനു അണ്ണാ , നല്ല കവിത ട്ടോ

ഒരു കുഞ്ഞിന്റെ കൌതുകം വിടര്‍ന്ന മിഴികള്‍ മനസ്സില്‍ കാണുന്നു.

(എയര്‍ടെല്‍ ഇന്റെയോ മറ്റോ പരസ്യത്തിലെ കുട്ടിയെ ഓര്‍മ വന്നു പെട്ടെന്ന് )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൌതുകമുണര്‍ത്തുന്ന കവിത!

ചന്ദ്രകാന്തം said...

ചാണകം മെഴുകിയ കളത്തില്‍, ചാരുകസേരയിലിരിയ്ക്കുന്ന അച്ഛനെ ചേര്‍‌ന്നിരുന്ന്‌, മേഘത്തുണ്ടുകളില്‍ ഒളിച്ചുകളിയ്ക്കുന്ന അമ്പിളിയേയും താരകളേയും നോക്കി ഇതുപോലെ ഓരോന്ന്‌ ചോദിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ......... എനിയ്ക്കറിയാം.
ചിത്രങ്ങള്‍ ഒന്നുകൂടി തെളിയിച്ചെടുത്തു ഈ വരികള്‍.

അജയ്‌ ശ്രീശാന്ത്‌.. said...

"നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍

പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

കവിത നന്നായിതന്നെ
ആസ്വദിച്ചൂട്ടോ... മനൂ...
ആശംസകള്‍....

Suvi Nadakuzhackal said...

ഒത്തിരി നാള് കൂടി എനിക്കിഷ്ടപ്പെട്ട ഒരു കവിത കണ്ടതില്‍ ഒത്തിരി ഒത്തിരി സന്തോഷം!! അതിന്റെ കുട്ടിത്തം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു!!

Anonymous said...

നല്ല കവിത