
വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍
വേഗമൊരുങ്ങെന്റെ യമ്മേയൊന്ന്
ഉള്ളംതുടിക്കുകയാണെന്റെ യാമഴ
ത്തുള്ളിയോടൊത്തൊന്നു തുള്ളിയാടാന്‍
കണ്ണിമാങ്ങകടിച്ചൊന്നു രുചിക്കുവാന്‍
ഉണ്ണിയോടൊത്തൊന്നു കൂട്ടുകൂടാന്‍
മാവിന്‍ ചുവട്ടിലിരുന്നു കളിക്കുവാന്‍
മഞ്ചാടിച്ചന്തം നുകര്‍ന്നിരിക്കാന്‍
ഓലപ്പന്തൊന്നു മെനയുവാന്‍ രാവിലെ
ചേലക്കുയിലിന്റെ പാട്ടുകേള്‍ക്കാന്‍
മണ്ണപ്പംചുട്ടിലത്തുമ്പില്‍ വിളമ്പുവാന്‍
മന്ദാരപ്പൂവിറുത്തുമ്മവയ്ക്കാന്‍
അച്ഛനോടൊത്തുപുലര്‍ച്ചയില്‍ തന്നെയെന്‍
അച്ചന്‍ കോവില്‍പ്പുഴ നീന്തിയേറാന്‍
കായല്‍ത്തിരക്കുളിര്‍കാറ്റേറ്റു നില്‍ക്കുവാന്‍
ആയത്തിലൂയലൊന്നാടിയാടാന്‍
ചാറ്റല്‍മഴയുടെ ചാരത്തിരുന്നൊരു
പാട്ടുരസിച്ചുല്‍ കുളിരണിയാന്‍
മുറ്റത്തെവാഴത്തളിര്‍ക്കൂമ്പിന്നുള്ളിലാ-
യിറ്റുന്ന തേന്‍ രുചിച്ചുല്ലസിക്കാന്‍
ഓലേഞ്ഞാലിക്കിളിക്കൂടൊന്നു കാണുവാന്‍
ഞാലിപ്പൂവന്‍ പഴച്ചേലു കാണാന്‍
പാടവരമ്പില്‍ ചിരിച്ചുനില്‍ക്കും തൊട്ടാ-
വാടിയെത്തൊട്ടുകളിപറയാന്‍
കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്‍ക്കാന്‍
അപ്പൂപ്പന്‍ താടിയോടൊത്തൊന്നു തുള്ളുവാന്‍
അപ്പച്ചിചൊല്ലും കഥകള്‍ കേള്‍ക്കാന്‍
കോളാമ്പിപ്പൂവിന്റെ മഞ്ഞാട കണ്ടിട്ടു
കോലോത്തെ റാണി നീ യെന്നു ചൊല്ലാന്‍
മറ്റെങ്ങും കാണാത്ത ചാമ്പക്ക തിന്നുവാന്‍
മുറ്റത്തെ മുല്ലയെ തൊട്ടിരിക്കാന്‍
പച്ചീര്‍ക്കില്‍ത്തുമ്പിലായ് മച്ചിങ്ങ കോര്‍ത്തൊരു
കൊച്ചുതയ്യല്‍ യന്ത്രം തീര്‍ത്തെടുക്കാന്‍