Tuesday, 3 April 2007

രാധയും അച്ഛനും ആകാശവും


രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛണ്റ്റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..

10 comments:

G.MANU said...

രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

സു | Su said...

കവിത നന്നായി.

അച്ഛന്റെ സ്നേഹവും രാധയെന്ന കുട്ടിയേയും കണ്ടു.

ഗുപ്തന്‍ said...

മാഷേ മാര്‍വെലസ്... ഇങ്ങളിങ്ങനെ യെഴുതാന്‍ തൊടങ്ങിയാ ഞമ്മളെഴുത്തുനിറുത്തും കേട്ടാ.. ഇങ്ങടെ പേരും അടിച്ചുമാറ്റീട്ട് നാണക്കേടൊണ്ടാക്കരുതല്ലാ..

Kiranz..!! said...

മലയാളം പുസ്തകത്താളില്‍ ഉണ്ടായിരുന്ന ഈണത്തില്‍ ചൊല്ലാവുന്ന ഒരു കവിത പോലെ മനോഹരം മനൂ..!

സുന്ദരന്‍ said...

കലക്കി...മനു

വേണു venu said...

ഇന്നു ഞാന്‍ നാലു പ്രാവശ്യം ഈ കവിത വായിച്ചു...ഉറച്ചു്...
ഈ വല്ലിയില്‍ നിന്നു ചെമ്മേ...പൂക്കാള്‍‍..
അതേ മാനസികാവസ്ഥയോടെ,
മനൂ...
അനുമോദനങ്ങള്‍‍.:)

ജ്യോതിര്‍മയി /ज्योतिर्मयी said...

മനുജീ
നിയ്ക്കിഷ്ടായീ... എല്ലാ കവിതപ്പാട്ടും:)

ഇതില്‍ ചിലതൊക്കെ എന്റ്റടുത്തുവരുന്ന കുഞ്ഞുകുട്ടികളെ ചൊല്ലിപ്പഠിപ്പിക്കട്ടെ?
നന്ദി.

G.MANU said...

ഇതിലെന്തു ചോദിക്കാനിരിക്കുന്നു ജ്യോതിര്‍മയി.
ഇതു കേട്ട്‌ ഏതെങ്കിലും കുട്ടി തലയാട്ടിയാല്‍ ഒന്നു പ്രാര്‍ത്ഥിക്കുക....വഴിയരികില്‍ വിശന്നുറങ്ങുന്ന ഒരു അനാഥക്കുട്ടിക്കു ഒരുനേരത്തെ ചോറുകിട്ടാന്‍....

Unknown said...

നന്നായിട്ടുണ്ട്.

കുറുമാന്‍ said...

മനു,വളരെ നന്നായിരിക്കുന്നു. നല്ല ഈണമുള്ള ലളിതസുന്ദരമായ വരികള്‍. ഓഡിയോ കേട്ടിട്ടില്ല.