
ഉച്ചയ്ക്കു നിത്യവും സ്കൂളില്‍ നിന്നെത്തിക്കും
പച്ചയുടുപ്പിട്ട റിക്ഷാമാമന്‍
വച്ചുചവിട്ടി വിയര്‍പ്പു തുടച്ചുകൊ-
ണ്ടൊത്തിരിക്കാര്യങ്ങള്‍ ചൊല്ലുന്നവന്‍
ഏറെത്തളര്‍ന്നും മെലിഞ്ഞും ചുമച്ചുകൊ-
ണ്ടോരോരോ പാട്ടുകള്‍ പാടുന്നവന്‍
അമ്മകൊടുത്ത പഴമൊന്നു നീട്ടുമ്പോള്‍
ഉമ്മകൊടുത്തുപൊതിഞ്ഞെടുക്കും
"മാളൂനെപ്പോലൊരു മോളുണ്ടെനിക്കുമെ"-
ന്നീറന്‍ മിഴികള്‍ തുടച്ചുനില്‍ക്കും
അന്നൊരുനാളവള്‍ ചോദിച്ചീയങ്കിളി-
നെന്നുമൊരേയുടുപ്പെന്തിതച്ഛാ...
എറെമുഷിഞ്ഞു കുടുക്കുകള്‍ പോയിട്ടും
വേറെയൊരെണ്ണമിടാത്തതെന്താ?
"പാവങ്ങളാണവരാര്‍ക്കുമേ വേണ്ടാത്തോറ്‍
പാവകള്‍ പോലെ ചലിക്കുന്നവര്‍
ചോറിനുവേണ്ടി ചവിട്ടിത്തളരുന്നോറ്‍
ചേരിയില്‍ ജീവിതം വാട്ടുന്നവര്‍
ഒട്ടുംതികയില്ല നമ്മള്‍ കൊടുക്കുന്ന
തുട്ടുകള്‍ വേറൊരുടുപ്പു വാങ്ങാന്‍"
മെല്ലെവിതുമ്പിപ്പറഞ്ഞവള്‍ "നല്‍കണം
നല്ലോരുടുപ്പ് വിഷുദിനത്തില്‍
മാമനു ചേരും നിറവും വലിപ്പവും
ഓമനയോര്‍ത്തു പറഞ്ഞുതന്നു.
പുള്ളിയുടുപ്പുമായ് പോയവള്‍ പൊന്‍ വിഷു
വെള്ളിയുദിച്ച ദിനത്തിലന്ന്
വിങ്ങിക്കരഞ്ഞുമടങ്ങിവന്നു മുഖം
മങ്ങിത്തുടുത്തു ചുവന്നു കൊണ്ട്
"എങ്ങോ മറഞ്ഞെണ്റ്റെ മാമന്‍ ഇനിമേലില്‍
ഇങ്ങുവരില്ലെന്നു ചൊല്ലിയൊരാള്‍.. "
പുള്ളിയുടുപ്പുമാറൊടൊന്നു ചേര്‍ത്തു നീര്
ത്തുള്ളികള്‍ തുള്ളും മിഴിതുടച്ചു...
അന്നുമുതലവളെല്ലാവഴിയിലും
കണ്ണുനനച്ചു തിരക്കിനിന്നു
പാലൈസുകാരണ്റ്റെ സൈക്കിള്‍ മണിയിലും
പണ്ടത്തെമാമനെ തേടി നിന്നു...