Wednesday, 9 May 2007

മാളുവും റിക്ഷാമാമനും


ഉച്ചയ്ക്കു നിത്യവും സ്കൂളില്‍ നിന്നെത്തിക്കും
പച്ചയുടുപ്പിട്ട റിക്ഷാമാമന്‍
വച്ചുചവിട്ടി വിയര്‍പ്പു തുടച്ചുകൊ-
ണ്ടൊത്തിരിക്കാര്യങ്ങള്‍ ചൊല്ലുന്നവന്‍
ഏറെത്തളര്‍ന്നും മെലിഞ്ഞും ചുമച്ചുകൊ-
ണ്ടോരോരോ പാട്ടുകള്‍ പാടുന്നവന്‍
അമ്മകൊടുത്ത പഴമൊന്നു നീട്ടുമ്പോള്‍
ഉമ്മകൊടുത്തുപൊതിഞ്ഞെടുക്കും
"മാളൂനെപ്പോലൊരു മോളുണ്ടെനിക്കുമെ"-
ന്നീറന്‍ മിഴികള്‍ തുടച്ചുനില്‍ക്കും
അന്നൊരുനാളവള്‍ ചോദിച്ചീയങ്കിളി-
നെന്നുമൊരേയുടുപ്പെന്തിതച്ഛാ...
എറെമുഷിഞ്ഞു കുടുക്കുകള്‍ പോയിട്ടും
വേറെയൊരെണ്ണമിടാത്തതെന്താ?

"പാവങ്ങളാണവരാര്‍ക്കുമേ വേണ്ടാത്തോറ്‍
പാവകള്‍ പോലെ ചലിക്കുന്നവര്‍
ചോറിനുവേണ്ടി ചവിട്ടിത്തളരുന്നോറ്‍
ചേരിയില്‍ ജീവിതം വാട്ടുന്നവര്‍
ഒട്ടുംതികയില്ല നമ്മള്‍ കൊടുക്കുന്ന
തുട്ടുകള്‍ വേറൊരുടുപ്പു വാങ്ങാന്‍"

മെല്ലെവിതുമ്പിപ്പറഞ്ഞവള്‍ "നല്‍കണം
നല്ലോരുടുപ്പ്‌ വിഷുദിനത്തില്‍
മാമനു ചേരും നിറവും വലിപ്പവും
ഓമനയോര്‍ത്തു പറഞ്ഞുതന്നു.
പുള്ളിയുടുപ്പുമായ്‌ പോയവള്‍ പൊന്‍ വിഷു
വെള്ളിയുദിച്ച ദിനത്തിലന്ന്
വിങ്ങിക്കരഞ്ഞുമടങ്ങിവന്നു മുഖം
മങ്ങിത്തുടുത്തു ചുവന്നു കൊണ്ട്‌

"എങ്ങോ മറഞ്ഞെണ്റ്റെ മാമന്‍ ഇനിമേലില്‍
ഇങ്ങുവരില്ലെന്നു ചൊല്ലിയൊരാള്‍.. "
പുള്ളിയുടുപ്പുമാറൊടൊന്നു ചേര്‍ത്തു നീര്
‍ത്തുള്ളികള്‍ തുള്ളും മിഴിതുടച്ചു...

അന്നുമുതലവളെല്ലാവഴിയിലും
കണ്ണുനനച്ചു തിരക്കിനിന്നു
പാലൈസുകാരണ്റ്റെ സൈക്കിള്‍ മണിയിലും
പണ്ടത്തെമാമനെ തേടി നിന്നു...

17 comments:

G.MANU said...

ഉച്ചയ്ക്കു നിത്യവും സ്കൂളില്‍ നിന്നെത്തിക്കും
പച്ചയുടുപ്പിട്ട റിക്ഷാമാമന്‍
വച്ചുചവിട്ടി വിയര്‍പ്പു തുടച്ചുകൊ-
ണ്ടൊത്തിരിക്കാര്യങ്ങള്‍ ചൊല്ലുന്നവന്‍
ഏറെത്തളര്‍ന്നും മെലിഞ്ഞും ചുമച്ചുകൊ-
ണ്ടോരോരോ പാട്ടുകള്‍ പാടുന്നവന്‍
അമ്മകൊടുത്ത പഴമൊന്നു നീട്ടുമ്പോള്‍
ഉമ്മകൊടുത്തുപൊതിഞ്ഞെടുക്കും

മണ്ടൂസ് said...

മനു,

വളരെ നന്നായിരിക്കുന്നു,വായിചു അറിയാതെ കണ്ണു നിറഞുപോയി, പ്രമേയം പഴയാതാണെങ്കിലും വരികള്‍ക്ക് നല്ല പുതുമ.

G.MANU said...
This comment has been removed by the author.
G.MANU said...

മുന്തിരി.. നന്ദി..

സംഭവം നടന്നതാണു ആ ഉടുപ്പു ഇപ്പൊഴും മാളവിക സൂക്ഷിക്കുന്നു

വേണു venu said...

എന്നത്തേയും പോലെ ഈ കുഞ്ഞു കവിതയും ഇഷ്ടമായി. ചെറിയ ഒരു നൊമ്പരം സമ്മാനിക്കുന്നു, ഈ കുഞ്ഞു കവിത.!

Sona said...

മാമന്‍ എവിടെ പോയി?അന്വേഷിച്ചില്ലേ?

ചേച്ചിയമ്മ said...

മനൂ,
കവിത വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലൊരു വിങ്ങല്‍...
നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ...

ഗുപ്തന്‍ said...

manu chettaa.. nannayirikkunnu.. very touching

Pramod.KM said...

നല്ല പാട്ട്.;)
കുട്ടികള്‍ക്ക് ഇങ്ങനെ ഉള്ള പാട്ടുകള്‍ പഠിപ്പിച്ചു കൊടുക്കണം.:)

സൂര്യോദയം said...

വളരെ ടച്ചിംഗ്‌ ആയ വരികള്‍.... നടന്ന സംഭവമാണെന്നത്‌ മനസ്സിന്റെ വേദന തീഷ്ണമാക്കുന്നു...

ഭദ്രൊലോക് said...

Manu, nalla kavitha. Manasinte adithattil evideyo oru thengal, oru nomparam.

Abhinandanangal.

വിഷ്ണു പ്രസാദ് said...

മനൂ,നല്ല കുട്ടിക്കവിത...

Areekkodan | അരീക്കോടന്‍ said...

മനൂ,
കവിത വായിച്ചുകഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണു നിറഞുപോയി

സു | Su said...

മനൂ,

പതിവുപോലെ നന്നായി. വായിച്ചിട്ട് വിഷമം തോന്നി. നടന്നതെന്നോര്‍ക്കുമ്പോള്‍ എന്തു പറയണം എന്നറിയില്ല. ഇങ്ങനെ എത്ര ജീവിതങ്ങള്‍.

സുല്‍ |Sul said...

മനു,
നല്ല കവിത.
മോള്‍ക്കിപ്പോഴും മാമനെയോര്‍മ്മയുണ്ടോ?

-സുല്‍

ചീര I Cheera said...

കുഞ്ഞുകവിത ഇഷ്ടമായി..
കുഞ്ഞുമനസ്സുകള്‍, ഓരോന്നും എത്ര ആഴത്തിലേയ്ക്കാണെടുക്കുന്നത് അല്ലേ...

[ nardnahc hsemus ] said...

wonderful poems...
simple languages...
keep it up...
do write more...
we're all waiting!