Thursday, 7 June 2007

ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍ ചന്തയിലേക്കൊരു പോക്കുണ്ടേ


ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍
ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തംകൂട്ടിമിനുക്കിയ മുഖവും
ചന്ദനവും ചെറുപുഞ്ചിരിയും
വെന്തുപുകഞ്ഞൊരു ബീഡിക്കുറ്റി-
ക്കുന്തുകൊടുക്കും മേല്‍മീശേം
മുന്തിയ കുടയൊരു കൈയില്‍, മുണ്ടിന്‍
കോന്തല മറ്റേക്കൈക്കുള്ളില്‍
കുന്തിച്ചങ്ങു കലുങ്കിലിരിക്കും
അന്തോണിക്കൊരു ചിരിയേകും
കൂന്താലിപ്പിടി തോളില്‍ വക്കും
ചന്തൂട്ടിയ്ക്കൊരു കൈ നല്‍കും
ചന്ദ്രന്‍പിള്ളെക്കാണും നേരം
"എന്തു വിശേഷം" ചോദിക്കും
പൊന്തക്കാട്ടില്‍ നിന്നുമെടുത്താ
പന്തു കിടാങ്ങള്‍ക്കേകീടും
ചന്തുമ്മാനെക്കണ്ടു കഴിഞ്ഞാല്‍
എന്തൊരു മോദമിതെല്ലാര്‍ക്കും
ചന്തുമ്മാനെപ്പോലായ്ത്തീരാന്‍
എന്തൊരു മോഹമിതെല്ലാര്‍ക്കും

Monday, 4 June 2007

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പല
നിറങ്ങള്‍ നല്‍കിച്ചന്തം തികച്ച ചിത്രങ്ങള്‍ വാ-
ലെഴുതിച്ചിരിച്ചു നീ പൊട്ടിടാനെടുക്കുന്നോ-
രഴകിന്നരികിട്ട തുണ്ടുവാല്‍ക്കണ്ണാടികള്‍
മഴവില്‍ച്ചേലില്‍ നിന്നെ തിളക്കിത്തെളിയിച്ച
മിഴിവുതഴുകുന്ന മുടിക്കെട്ടുകള്‍ പിന്നെ
നിനവില്‍ നിനക്കിഷ്ടം പകര്‍ന്ന പളുങ്കുകള്‍
നനയും മിഴിതുടച്ചെടുക്കും കവിതകള്‍
നൃത്തമാടുവാന്‍ മുടിത്തിരുപ്പന്‍ കെട്ടും കരി
മുത്തുകള്‍ പിടിപ്പിച്ച ദുപ്പട്ടക്കഷണങ്ങള്‍

മാറ്റിവക്കുവാന്‍ വയ്യയിവയൊന്നുമേ ദു:ഖം
മാറ്റുതേടുമ്പോള്‍ വീണ്ടുമറിവൂ ഞാനാ സുഖം
പിണക്കം തടിച്ചിരുള്‍ വിതയ്ക്കും കുഞ്ഞു മുഖം
പിടയ്ക്കും നെഞ്ചം വീണ്ടും തേടുന്നാ സന്ധ്യാരാഗം..

കണ്ണടയ്ക്കുവാന്‍ വയ്യ കാണുന്നു വിയര്‍പ്പിണ്റ്റെ
പൊന്നുകള്‍ തിളങ്ങുന്ന നിന്നിളം കഴുത്തു ഞാന്‍
തെല്ലൊന്നു തുറക്കുമ്പോള്‍ കാണുന്നു കളിച്ചിരി
തെല്ലുകളൊരുക്കുന്ന തൈമുഖത്താരിന്നിതള്‍..

അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...

(മാളവിക നാട്ടിലേക്കു മടങ്ങിയപ്പോള്‍....... )