Monday, 4 June 2007

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പല
നിറങ്ങള്‍ നല്‍കിച്ചന്തം തികച്ച ചിത്രങ്ങള്‍ വാ-
ലെഴുതിച്ചിരിച്ചു നീ പൊട്ടിടാനെടുക്കുന്നോ-
രഴകിന്നരികിട്ട തുണ്ടുവാല്‍ക്കണ്ണാടികള്‍
മഴവില്‍ച്ചേലില്‍ നിന്നെ തിളക്കിത്തെളിയിച്ച
മിഴിവുതഴുകുന്ന മുടിക്കെട്ടുകള്‍ പിന്നെ
നിനവില്‍ നിനക്കിഷ്ടം പകര്‍ന്ന പളുങ്കുകള്‍
നനയും മിഴിതുടച്ചെടുക്കും കവിതകള്‍
നൃത്തമാടുവാന്‍ മുടിത്തിരുപ്പന്‍ കെട്ടും കരി
മുത്തുകള്‍ പിടിപ്പിച്ച ദുപ്പട്ടക്കഷണങ്ങള്‍

മാറ്റിവക്കുവാന്‍ വയ്യയിവയൊന്നുമേ ദു:ഖം
മാറ്റുതേടുമ്പോള്‍ വീണ്ടുമറിവൂ ഞാനാ സുഖം
പിണക്കം തടിച്ചിരുള്‍ വിതയ്ക്കും കുഞ്ഞു മുഖം
പിടയ്ക്കും നെഞ്ചം വീണ്ടും തേടുന്നാ സന്ധ്യാരാഗം..

കണ്ണടയ്ക്കുവാന്‍ വയ്യ കാണുന്നു വിയര്‍പ്പിണ്റ്റെ
പൊന്നുകള്‍ തിളങ്ങുന്ന നിന്നിളം കഴുത്തു ഞാന്‍
തെല്ലൊന്നു തുറക്കുമ്പോള്‍ കാണുന്നു കളിച്ചിരി
തെല്ലുകളൊരുക്കുന്ന തൈമുഖത്താരിന്നിതള്‍..

അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...

(മാളവിക നാട്ടിലേക്കു മടങ്ങിയപ്പോള്‍....... )

11 comments:

G.MANU said...

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പല

Sona said...

സാരല്യാട്ടോ..സങ്കടപ്പെടണ്ടാ..മാളവിക പെട്ടെന്നു തിരിച്ചു വരുമല്ലൊ.

സുന്ദരന്‍ said...

ഹൃദയത്തില്‍ തട്ടിയ വരികള്‍
ഉള്ളിന്റെയുള്ളില്‍ ചാരം‌മൂടിക്കിടക്കുന്ന ഓര്‍മ്മകളെ ഊതിയുണര്‍ത്തി മനു..
എന്നെ നീ കരയിച്ചു

സാരംഗി said...

എന്തെഴുതണമെന്നറിയില്ല. വാക്കുകളില്‍ നിറയുന്ന വേദന മനസ്സിലാകുന്നു..

സുല്‍ |Sul said...

മനു :)
-സുല്‍

ചീര I Cheera said...

വരികള്‍ ഇഷ്ടമായി..

വിനോജ് | Vinoj said...

നല്ല കവിത.

ശിശു said...

അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...


ആശങ്കവേണ്ട, മനുജി, തീര്‍ച്ചയായും മുന കൂടിയിട്ടേയുള്ളൂ, നല്ല വരികള്‍, വളരെ ഇഷ്ടമായി.

അപ്പൂസ് said...

മനുവേട്ടാ,
ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തുന്നത്.
ഇഷ്ടമായീ കവിത.

Prof.R.K.Pillai said...

ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തുന്നത്..എനിക്ക് നന്നേ ഇഷ്ടമായി..

Anonymous said...

അന്നു വായിച്ചു. ഇന്നു ശിശു ചൊല്ലിക്കേട്ടപ്പോള്‍ വീണ്ടും വായിച്ചു.

അസ്സലായി...