Monday, 23 April 2007
വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍ ...........
വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍
വേഗമൊരുങ്ങെന്റെ യമ്മേയൊന്ന്
ഉള്ളംതുടിക്കുകയാണെന്റെ യാമഴ
ത്തുള്ളിയോടൊത്തൊന്നു തുള്ളിയാടാന്‍
കണ്ണിമാങ്ങകടിച്ചൊന്നു രുചിക്കുവാന്‍
ഉണ്ണിയോടൊത്തൊന്നു കൂട്ടുകൂടാന്‍
മാവിന് ചുവട്ടിലിരുന്നു കളിക്കുവാന്‍
മഞ്ചാടിച്ചന്തം നുകര്‍ന്നിരിക്കാന്‍
ഓലപ്പന്തൊന്നു മെനയുവാന്‍ രാവിലെ
ചേലക്കുയിലിന്റെ പാട്ടുകേള്‍ക്കാന്‍
മണ്ണപ്പംചുട്ടിലത്തുമ്പില്‍ വിളമ്പുവാന്‍
മന്ദാരപ്പൂവിറുത്തുമ്മവയ്ക്കാന്‍
അച്ഛനോടൊത്തുപുലര്‍ച്ചയില്‍ തന്നെയെന്
അച്ചന് കോവില്‍പ്പുഴ നീന്തിയേറാന്‍
കായല്‍ത്തിരക്കുളിര്‍കാറ്റേറ്റു നില്ക്കുവാന്
ആയത്തിലൂയലൊന്നാടിയാടാന്‍
ചാറ്റല്‍മഴയുടെ ചാരത്തിരുന്നൊരു
പാട്ടുരസിച്ചുല്‍ കുളിരണിയാന്‍
മുറ്റത്തെവാഴത്തളിര്‍ക്കൂമ്പിന്നുള്ളിലാ-
യിറ്റുന്ന തേന്‍ രുചിച്ചുല്ലസിക്കാന്‍
ഓലേഞ്ഞാലിക്കിളിക്കൂടൊന്നു കാണുവാന്‍
ഞാലിപ്പൂവന് പഴച്ചേലു കാണാന്‍
പാടവരമ്പില്‍ ചിരിച്ചുനില്‍ക്കും തൊട്ടാ-
വാടിയെത്തൊട്ടുകളിപറയാന്‍
കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്ക്കാന്
അപ്പൂപ്പന് താടിയോടൊത്തൊന്നു തുള്ളുവാന്‍
അപ്പച്ചിചൊല്ലും കഥകള്‍ കേള്‍ക്കാന്‍
കോളാമ്പിപ്പൂവിന്റെ മഞ്ഞാട കണ്ടിട്ടു
കോലോത്തെ റാണി നീ യെന്നു ചൊല്ലാന്‍
മറ്റെങ്ങും കാണാത്ത ചാമ്പക്ക തിന്നുവാന്‍
മുറ്റത്തെ മുല്ലയെ തൊട്ടിരിക്കാന്‍
പച്ചീര്‍ക്കില്‍ത്തുമ്പിലായ് മച്ചിങ്ങ കോര്‍ത്തൊരു
കൊച്ചുതയ്യല്‍ യന്ത്രം തീര്‍ത്തെടുക്കാന്‍
Subscribe to:
Post Comments (Atom)
8 comments:
വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍
വേഗമൊരുങ്ങെന്റെ യമ്മേയൊന്ന്
ഉള്ളംതുടിക്കുകയാണെന്റെ യാമഴ
ത്തുള്ളിയോടൊത്തൊന്നു തുള്ളിയാടാന്‍
കണ്ണിമാങ്ങകടിച്ചൊന്നു രുചിക്കുവാന്‍
കൂട്ടുകാരെ...വേനല്‍ അവധിയായല്ലോ...ടൈയും, കോട്ടും, കാര്‍ട്ടൂണ്‍ നെറ്റ്.വര്‍ക്കും ഒക്കെ ഊരിക്കള....നാട്ടിലേക്കു വിട്ടോ...
Feel the Nature, Feel Yourself and Be Yourself
"കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്ക്കാന്
അപ്പൂപ്പന് താടിയോടൊത്തൊന്നു തുള്ളുവാന്‍
അപ്പച്ചിചൊല്ലും കഥകള്‍ കേള്‍ക്കാന്‍
കോളാമ്പിപ്പൂവിന്റെ മഞ്ഞാട കണ്ടിട്ടു .."
മനൂ..ഗൃഹാതുരത്വമുണര്‍ത്തുന്ന നൂറുപേജ് ഗദ്യത്തെ കവച്ചുവയ്ക്കുന്നു ഈ കുഞ്ഞിക്കവിത. പെരുത്തിഷ്ടായി.
പഴയതുപോലെ അവധിക്കാലം ചെലവഴിക്കാന്‍ ഇന്ന് കുട്ടികള്‍ക്ക് പറ്റുന്നില്ലെന്നൊരു ദുഃഖം മാത്രം. നാട്ടിന് പുറത്തായാലും നഗരത്തിലായാലും. സുരക്ഷാകാരണങ്ങള്‍ കൊണ്ട് നാല് ചുവരിനുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബാല്യം.
നല്ല കവിത മനൂ :)
ഉഗ്രന്‍ കവിത. ഞാന്‍ ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ 8 വയസ്സുകാരി മകള്‍ക്ക് കാണിച്ചു കൊടുത്തതും ചെയ്തു കൊടുത്തതും ആയ കാര്യങ്ങള്‍ തന്നെയാണിവയില് മിക്കതും. കടലാവണക്കിന് തണ്ട് ഒടിച്ച് കുമിള ഉണ്ടാക്കിയത് മതിയാവാഞ്ഞ് മകള്‍ പിണങ്ങിയത് ഇപ്പോള്‍ ഓര്‍ക്കുന്നു. അതുപോലെതന്നെ വാഴക്കൂമ്പില്‍ നിന്ന് തേന്‍ കുടിക്കാന്‍ വാശി പിടിച്ചതും എല്ലാം ഓര്‍ക്കുന്നു. ഈ ഗൃഹാതുരത്വത്തില്‍ നിന്ന് നമുക്കൊന്നും ഒരിക്കലും മോചനം കിട്ടുമെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങള്‍.
കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്ക്കാന്
ഈ കുമിളകള്‍ കണ്ണീല്വീഴാതെ നോക്കണം...
കുട്ടിക്കവിത കുട്ടിക്കാലത്തിന്റെ തനിപ്പകര്‍പ്പുതന്നെ
"കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്ക്കാന്
അപ്പൂപ്പന് താടിയോടൊത്തൊന്നു തുള്ളുവാന്‍
ഒര്‍മ്മകളുടെ കൊതുമ്പു വള്ളത്തിലിരിന്നു് ആരാണാടാത്തതു്.?:)
ഇതു വായിച്ചപ്പോള്‍ എനിയ്ക്കും കൊതിയായി നാടു കാണുവാന്‍.
"പച്ചീര്‍ക്കില്‍ത്തുമ്പിലായ് മച്ചിങ്ങ കോര്‍ത്തൊരു
കൊച്ചുതയ്യല്‍ യന്ത്രം തീര്‍ത്തെടുക്കാന്‍"
മനൂ, ഇത് മറന്നുകിടക്കുകയായിരുന്നു. നല്ല കവിത, പ്രിന്റ് എടുത്തിട്ടുണ്ട്.
Post a Comment