Friday 4 May 2007

കന്നിനിലാവിന്നു കിന്നരി വച്ചൊരു കുന്നുമിറങ്ങി വരുന്ന കണ്ടോ


കന്നിനിലാവിന്നു കിന്നരി വച്ചൊരു
കുന്നുമിറങ്ങി വരുന്ന കണ്ടോ
കുഞ്ഞരിപ്പൂവിണ്റ്റെയല്ലിക്കവിളത്തൊ-
രുമ്മകൊടുത്തു ചിരിച്ച കണ്ടോ
മുറ്റത്തു വെള്ളിപ്പരമ്പുവിരിച്ചൊരു
നൃത്തം ചവിട്ടിരസിച്ച കണ്ടോ
തുള്ളിച്ചിരിക്കുന്ന മുല്ലപ്പൂപെണ്ണിനെ
നുള്ളിച്ചെവിക്കു പിടിച്ചകണ്ടോ
മിന്നാമിനുങ്ങിണ്റ്റെ മുന്നിലായ്‌ നിന്നൊരു
കണ്ണുമടച്ചുകളിച്ച കണ്ടോ
താഴെക്കിണറ്റിലിറങ്ങിയാ വെള്ളത്തിന്‍
ആഴമളന്നുതിരിച്ച കണ്ടോ
പച്ചയുടുപ്പിട്ട കൊച്ചുതുളസിക്കു
പുത്തന്‍ വളകള്‍ കൊടുത്തകണ്ടോ
മെല്ലെയുറങ്ങും പശുക്കിടാവിന്‍ മിഴി
തെല്ലുതടവിക്കൊടുത്തകണ്ടോ
അങ്ങേപ്പറമ്പിലെ ചെമ്പകപ്പൂമണം
കിങ്ങിണിക്കൈയില്‍ പകര്‍ന്ന കണ്ടോ
ഇങ്ങേപ്പറമ്പിലെ തൈവാഴച്ചെക്കനെ
ഇങ്ങനെ വാരിപ്പുണര്‍ന്ന കണ്ടോ
ഉമ്മറത്തങ്ങനിരിക്കുമെന്‍ കൈയിലും
ഇമ്മിണിവെട്ടം പകര്‍ന്ന കണ്ടോ

പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍..

12 comments:

G.MANU said...

കന്നിനിലാവിന്നു കിന്നരി വച്ചൊരു
കുന്നുമിറങ്ങി വരുന്ന കണ്ടോ
ഞ്ഞരിപ്പൂവിണ്റ്റെയല്ലിക്കവിളത്തൊ-
രുമ്മകൊടുത്തു ചിരിച്ച കണ്ടോ
മുറ്റത്തു വെള്ളിപ്പരമ്പുവിരിച്ചൊരു
നൃത്തം ചവിട്ടിരസിച്ച കണ്ടോ

ശിശു said...

മനുജി) താങ്കളുടെ കുഞ്ഞിക്കവിതകള്‍ക്കെന്താ ഒരു വശ്യത.. എങ്ങും ഒരു വാക്കുപോലും മുഴച്ചുനില്‍ക്കാതെ താളത്തില്‍ ഇങ്ങനെയെഴുതാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ.

മയൂര said...

'പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍.. '

എല്ലാ കുട്ടികള്‍ക്കും ഇതോക്കെ ആവോളം കണ്ടൊന്നിരിക്കാന്‍ കഴിയട്ടെ....
ഇഷ്‌ടായി...

Unknown said...

കൊള്ളാട്ടോ...

നല്ല വരികള്‍.....എനിക്കിഷ്ടായി....

Pramod.KM said...

കണ്ടു കണ്ടു ഈ കുട്ടിക്കവിത.;)

Unknown said...

മനൂ .
വളരെ നന്നായിരിക്കുന്നു.
ഒരുപാടിഷ്ടമായി.

മുല്ലപ്പൂ said...

ഒഴുകി ഇറ്ങ്ങി വരുന്ന കന്നിനിലാവിന്റെ കുസൃതികള്‍ ഭംഗി യായി എഴുതുന്നു.

ഇരുന്നു കണ്ടതു പോലെ സാധ്യമ്മ്ക്കുന്ന വായന

വേണു venu said...

കണ്‍‍കുളിര്‍‍ക്കെ കണ്ടൂ മനൂ.
ഇഷ്ടപ്പെട്ടു.:)

Anonymous said...

മിന്നാമിനുങ്ങിണ്റ്റെ മുന്നിലായ്‌ നിന്നൊരു
കണ്ണുമടച്ചുകളിച്ച കണ്ടോ

wow

സു | Su said...

കണ്ടു എന്നു മാത്രമല്ല ഇഷ്ടമാവുകയും ചെയ്തു.

സാജന്‍| SAJAN said...

മനൂ, നല്ല കുട്ടിക്കവിത ഇഷ്ടായി:)

സാരംഗി said...

"പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍.."

നല്ല കുട്ടികവിത മാഷെ