Monday 7 May 2007

മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു മുല്ലപ്പൂമണമേറ്റിട്ടു


മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു
മുല്ലപ്പൂമണമേറ്റിട്ടു
മൂളിപ്പാട്ടും പാടിത്തെക്കേ
മൂലയ്ക്കോടും നേരത്ത്‌
മുറ്റത്തങ്ങേക്കോണില്‍ ദേഹം
മൊത്തോം മുത്തുമണിഞ്ഞിട്ടു
മഞ്ഞിന്‍ തുള്ളിക്കുളിരിന്നുള്ളില്‍
മുങ്ങിയിരുന്നു ചിരിച്ചിട്ട്‌
മാടിവിളിച്ചു കൊതിപ്പിച്ചല്ലൊ
മോടിയിലിന്നൊരു ചാമ്പത്തൈ

"മോളിക്കുട്ടീ പുളിയും മധുരോം
മേളിക്കുന്നൊരു ചാമ്പക്ക
മേളില്‍ വരയൂം കൈയെത്തുന്നേല്‍
മേടിച്ചോ നീ ചാമ്പയ്ക്ക
മറ്റൊരു നാട്ടില്‍ കിട്ടത്തില്ല
മറ്റെങ്ങും ഞാന്‍ വളരൂലാ..
മോളിക്കുട്ടീ മധുരം വേണേല്‍
മേളില്‍ക്കേറിക്കൂടിക്കോ"

മോഹംകൂടി ചാടിത്തുള്ളി
മോളിക്കുട്ടി തളര്‍ന്നപ്പോള്‍
മിന്നിയണഞ്ഞൊരു തെക്കന്‍ കാറ്റ്‌
മെല്ലെയടര്‍ത്തീ ചാമ്പയ്ക്ക
മഞ്ഞപ്പാവടപ്പൂങ്കുമ്പിള്‍
മുഴുവന്‍ നല്‍കീ ചാമ്പയ്ക്ക

മോളിക്കുട്ടി മദിച്ചു കുതിച്ചു
മൂളിമറഞ്ഞൂ പൂങ്കാറ്റും..

11 comments:

G.MANU said...

മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു
മുല്ലപ്പൂമണമേറ്റിട്ടു
മൂളിപ്പാട്ടും പാടിത്തെക്കേ
മൂലയ്ക്കോടും നേരത്ത്‌
മുറ്റത്തങ്ങേക്കോണില്‍ ദേഹം
മൊത്തോം മുത്തുമണിഞ്ഞിട്ടു
മഞ്ഞിന്‍ തുള്ളിക്കുളിരിന്നുള്ളില്‍
മുങ്ങിയിരുന്നു ചിരിച്ചിട്ട്‌
മാടിവിളിച്ചു കൊതിപ്പിച്ചല്ലൊ
മോടിയിലിന്നൊരു ചാമ്പത്തൈ

Unknown said...

ആഹഹാ...പതിവുപോലെ സുന്ദരം മനൂ.

സു | Su said...

മോളിക്കുട്ടിയും, ചാമ്പയ്ക്കയും, ഒന്നിച്ച കുട്ടിപ്പാ‍ട്ട് നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

മോളിക്കുട്ടി ഏറനാട്ടിലെ മത്തായിച്ചന്റെ ഏകമോള്‍ മോളിക്കൂട്ടിയാണോ മനൂ?
അവളിത്ര ഉഷാറോ? എന്റീശോയേ!

Sathees Makkoth | Asha Revamma said...

നന്നായി:)

Anonymous said...

മനു
കവിതവായിച്ചിട്ട് രണ്ട് ....ചാമ്പക്ക തിന്നാന്‍ കൊതിവരുന്നു
ഇവിടെ അമ്പഴങ്ങയുടെ സീസനാ... ചാമ്പക്കയെ മനസ്സില്‍ ധ്യാനിച്ച് രണ്ട് അമ്പഴങ്ങകഴിക്കാം...

ചേച്ചിയമ്മ said...

നല്ല കവിത..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുവിന്റെ കവിതകള്‍ പലതും വായിച്ചു.

പണ്ടുള്ളവര്‍ "--അസ്തോഭമനവദ്യം --" എന്ന്‌ സൂത്രങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്‌ അതു പോലെ യാതൊരു വിധ അനാവശ്യപദങ്ങളും ഇല്ലാതെ ഇത്ര നല്ല ഒഴുക്കില്‍ എഴുതുന്നതിന്‌ അഭിനന്ദനങ്ങള്‍

മുസ്തഫ|musthapha said...

നല്ല രസമുള്ള വരികള്‍... മനൂ

Sona said...

പതിവുപോലെ നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ കവിത..നന്നായിട്ടുണ്ട്.

Anonymous said...

അടിപൊളി കവിത ...