Monday 16 July 2007

പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു


പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു
പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു
പിച്ചുകൊടുത്തു ചിരിച്ചുനിന്നു
പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു
കുന്നോളം പൂമണം നീട്ടിനിന്നു
പാതിയെനിക്കവന്‍ തന്നുവല്ലോ അതില്‍
പാതി ഞാനമ്മയ്ക്കു നല്‍കിയല്ലോ
പഞ്ചാരപ്പുഞ്ചിരിവാങ്ങി ഞാനിത്തിരി
പഞ്ചമിപ്പെണ്ണിനും നല്‍കിയല്ലോ
ചിറ്റചോദിച്ചപ്പോളിത്തിരി നല്‍കി ഞാന്‍
ചുറ്റിവരിഞ്ഞുമ്മ വാങ്ങിയല്ലോ
അമ്മൂമ്മ ചോദിച്ച നേരത്തു കൈകളില്‍
ഇമ്മിണിയില്ലാതെ തീര്‍ന്നുവല്ലോ
കാറ്റേ നീയെന്നിനിയെത്തുമെന്നമ്മൂമ്മ
കാത്തിരിപ്പേറെക്കഴിച്ചുവല്ലോ...

10 comments:

G.MANU said...

പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു
പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു
പിച്ചുകൊടുത്തു ചിരിച്ചുനിന്നു
പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു
കുന്നോളം പൂമണം നീട്ടിനിന്നു

Allath said...

തങ്കളുടെ കവിതയ്ക്കു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം, നന്നായിരിക്കുന്നു

Sanal Kumar Sasidharan said...

ഹാ.. മനൂ എന്തൊരു മണമാണീ കവിതക്ക്.നല്ല മുല്ലമണം. മനോഹരം എന്നു പറഞ്ഞാല്പോര..സുഗന്ധ സുരഭിലം.

അപ്പു ആദ്യാക്ഷരി said...

മനൂ ഇത് മനോഹരമായിട്ടുണ്ട് കേട്ടോ..സൂപ്പര്‍!!

സു | Su said...

എനിക്കും കിട്ടി പിച്ചകപ്പൂവുകള്‍. :)

വിഷ്ണു പ്രസാദ് said...

മനൂ നല്ല ഈണമുള്ള ഈ കുഞ്ഞിക്കവിത ഇഷ്ടമായി.നൂറണിഞ്ഞു എന്ന പ്രയോഗം നൂറെണ്ണം അണിഞ്ഞു എന്ന അര്‍ഥത്തില്‍ തന്നെയാണ് മനു പ്രയോഗിച്ചതെങ്കിലും നൂറ്(ചുണ്ണാമ്പ്)അണിഞ്ഞു എന്ന അര്‍ഥത്തിലാണ് ഞാന്‍ ആദ്യം എത്തിയത്:)സംഗതി എന്റെ കുഴപ്പം തന്നെ.

വേണു venu said...

പിച്ചക പൂവിന്‍റെ സുഗന്ധം. വരികളിലെ സംഗീതം.
ജയന്‍‍ സ്റ്റയിലില്‍‍..
എനിക്കും യേശുദാസിന്‍റെ ഒരു തൊണ്ട കിട്ടിയിരുന്നെങ്കില്‍‍....
മനു, ലളിതം,മനോഹരം.:)

ഇളനീര്‍ said...

മനുവിന്റെ എല്ലാ കവിതകളും ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു തീര്‍ത്തു, ഞാന്‍ ഇന്നാണു ഇങ്ങനെ ഒരു സ്ഥലം കാണുന്നത്‌. എല്ലാ കുഞ്ഞിക്കവിതകളും വളരെ നന്നായിട്ടുണ്ട്‌, ചിലതു വായിക്കുമ്പോള്‍ കണ്ണ്‍ നിറയുന്നു....ഞാന്‍ ഇതു വരെ ഒരു പോസ്റ്റ്‌ പോലും ഇട്ടിട്ടില്ല...പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു.....

Areekkodan | അരീക്കോടന്‍ said...

മനോഹരമായിട്ടുണ്ട്

Mahesh Cheruthana/മഹി said...

പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു !!!!!!!!!!
മനോഹരമായിട്ടുണ്ട്!!!!!!!!