Thursday, 20 March 2008

ഉണ്ണീ നീ കണ്ണുതുറക്കുക

ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്‍റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും
ഉണ്ണീ നീ കണ്ണുതുറക്കാതെ കാണുകീ
മണ്ണിനെ താങ്ങുന്ന കാരുണ്യവും
ദൂരത്തുനിന്നും കുളിരു ചുമന്നു നിന്‍
ചാരത്തേക്കോടിയണഞ്ഞ കാറ്റും
വെട്ടംവിളമ്പുന്ന സൂര്യനും നിന്‍ മിഴി
പൂട്ടിയുറക്കുമിരുട്ടും ലാവും
കാലത്തുനിന്നെയുണര്‍ത്തുവാനെത്തുന്ന
കോലക്കുയിലിന്‍റെ നെഞ്ഞിടിപ്പും
കോലായില്‍ നിന്നെ ചിരിപ്പിക്കാനെത്തുന്ന
കൂനനുറുമ്പില്‍ വരനടത്തോം
മുറ്റത്തു മിണ്ടാതിരുന്നു ചിരിക്കുന്ന
ചെത്തിയും മന്ദാരപ്പൂവിതളും
കൊച്ചുമണംകൊണ്ടു വാരിപ്പുതയ്ക്കുന്ന
പിച്ചിയും മുല്ലയും പാരിജാതോം
അല്ലിത്തളിര്‍ച്ചുണ്ടിലൊത്തിരി മാധുര്യം
നുള്ളിത്തരുന്നൊരീ വാഴക്കൂമ്പും
താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക
ഉണ്ടു ചിരിക്കുകീ നന്മകളെ

(പ്രിയ സുഹൃത്ത് സുഗതരാജ് പലേരിക്ക് ഇന്നു ജനിച്ച ഉണ്ണിക്കുട്ടന് ഈ കവിത കൊടുക്കുന്നു.. മിടുക്കനായി മനുഷ്യനായി വളരാന്‍ ആശംസ........)

14 comments:

G.manu said...

താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക


(പ്രിയ സുഹൃത്ത് സുഗതരാജ് പലേരിക്ക് ഇന്നു ജനിച്ച ഉണ്ണിക്കുട്ടന് ഈ കവിത കൊടുക്കുന്നു.. മിടുക്കനായി മനുഷ്യനായി വളരാന്‍ ആശംസ

സുഗതരാജ് പലേരി said...

മനുമാഷേ ഞാനെന്തുപറയേണ്ടൂ.... എങ്ങിനെ നന്ദി പറയേണ്ടൂ ഈ സ്നേഹത്തിനും സൌഹൃദത്തിനും ........

എങ്കിലും ........... നന്ദി എന്ന രണ്ടക്ഷരം പറയാതിരുന്നാല്‍ നന്ദികേടാകില്ലേ....

ശ്രീ said...

ഇതു നല്ലൊരു സമ്മാനമായി, മനുവേട്ടാ...
അപ്പോ, സുഗതരാജ് മാഷേ... ആശംസകള്‍!
:)

മനോജ്.ഇ.| manoj.e said...

മനൂ - കവിത നന്നായിരിക്കുന്നു. ഭംഗിയും ആഴവും ഉള്ളത്. താങ്കളുടെ ഈ birthday present അതുല്യം തന്നെ! സുഗതരാജിനും കുടുംബത്തിനും ഞങ്ങളുടെ ആശംസകള്‍. ഉണ്ണിക്കുട്ടന് ആയുരാരോഗ്യങ്ങള്‍ നേരുന്നു. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

വാല്‍മീകി said...

നല്ല കവിത. ശരിക്കും മനു അക്ഷരങ്ങള്‍ കൊറിക്കുകയാണോ ഇപ്പോള്‍? എപ്പോഴും നാലു വരികള്‍ ചുണ്ടത്ത്?

കൊസ്രാക്കൊള്ളി said...

കുട്ടികള്‍ നന്മകള്‍ ഉണ്ടു വളരട്ടെ

Jithendrakumar/ജിതേന്ദ്രകുമര്‍ said...

സുഗതരാജിന്‌ ആശംസകള്‍!!
ഒരു ജൂനിയര്‍ സുഗതനും,
മനുവിന്‍റെ ഒരു ഗംഭീരന്‍ കവിതയും. അഭിനന്ദങ്ങള്‍!!

sv said...

കൊച്ചരിപ്രാവിനെ തേടുന്ന കണ്‍കളും
കാച്ചെണ്ണ മണമോലുന്നോരാ ഓര്‍മ്മകളും...
പുനെല്ല് മണക്കുന്നൊരാ നിശ്വാസങ്ങളും...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Gopan (ഗോപന്‍) said...

നല്ല വരികള്‍ എന്ന് എഴുതിയാല്‍
കുറവാകും ഈ കവിതയ്ക്ക്..
excellent post.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന മനൂ ജീ, മനോഹരം!!!

വേണു venu said...

സുഗതരാജു്, നേരിട്ടു പറഞ്ഞ ആശംസ ഈ കവിത കണ്ട് പിന്നെയും പറയുന്നു.ആശംസകള്‍.:)
മനുവേ എന്തൊരു സുന്ദരി കിങ്ങിണി വരികള്‍.:)

മറ്റൊരാള്‍\GG said...

“താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക“

ഹാവൂ.. നല്ലവരികള്‍!
ഇതുകൊണ്ട് വല്ലോം ഇപ്പോഴത്തെ കൊച്ചുങ്ങളുടെ കരച്ചിലുമാറുമോ മാഷേ?
എന്നിരുന്നാലും ഞാനിതൊന്ന് ആകെ മൊത്തം കാണാതെ പഠിക്കട്ടെ. ആവശ്യമുണ്ട് ചൊല്ലിക്കൊടുക്കാന്‍!!

ഓ.ടോ: താഴമ്പൂമണവും, താരും തളിരും ദൂരെയെങ്ങാണ്ടൂന്ന് ഓടിവരുന്നു.

സുമേഷ് ചന്ദ്രന്‍ said...

സൂപ്പര്‍!!!!

മനോജ്.ഇ.| manoj.e said...

മനുവിന്റെ കവിത ഒരു ലളിതമായ ഈണമിട്ട് ഞാന്‍ പാടിയത് ഇവിടെ കേള്‍ക്കാം.