Saturday 28 April 2007

തെങ്ങോലത്തുമ്പത്തു പൂങ്കുരുവി കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ


തെങ്ങോലത്തുമ്പത്തു പൂങ്കുരുവി
കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ
പാറിനടന്നേറെ നാരെടുത്ത്‌
പാടവരമ്പിലെ നാമ്പെടുത്ത്‌
കുഞ്ഞിക്കിളിവാതില്‍ മുന്നെയൊന്ന്
കുഞ്ഞിനിരിക്കുവാന്‍ മഞ്ചമൊന്ന്
മണ്ണുകുഴച്ചൊരലുക്കു വച്ച്‌
മിന്നാമിനുങ്ങിനെ കൊണ്ടുവച്ച്‌
രാവിലിണയ്ക്കു വെളിച്ചമേകാന്‍
ആരും പറഞ്ഞു കൊടുത്തിടാതെ..
അമ്മക്കുരുവിക്കു മുട്ടയിടാന്‍
ഇമ്മട്ടിലുള്ളില്‍ കുഴി മെനഞ്ഞ്‌
മഞ്ഞും മഴയും നനഞ്ഞിടാതെ
കുഞ്ഞിക്കുരുവിക്കുടുംബമിതാ
കുഞ്ഞിളം കാറ്റത്തൊന്നാടിയാടി
മഞ്ഞനിലാവൊത്തൊന്നാടിയാടി

തൊട്ടിലുപോലുള്ളാ കൂട്ടിനുള്ളില്
‍തൊട്ടിരിക്കന്‍ വരൂ കൂട്ടുകാരെ... ...

9 comments:

G.MANU said...

തെങ്ങോലത്തുമ്പത്തു പൂങ്കുരുവി
കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ
പാറിനടന്നേറെ നാരെടുത്ത്‌
പാടവരമ്പിലെ നാമ്പെടുത്ത്‌
കുഞ്ഞിക്കിളിവാതില്‍ മുന്നെയൊന്ന്
കുഞ്ഞിനിരിക്കുവാന്‍ മഞ്ചമൊന്ന്


കുരുവിക്കൂട്‌ അന്നും ഇന്നും എന്നും എനിക്ക്‌ അത്ഭുതമാണു.വേനലവധിക്കു നാട്ടില്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇത്‌ കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുക്കണം.. അവരുടെ ചിന്തയും ഭാവനയും ചിറകു വിരിച്ച്‌ പറക്കട്ടെ

കരീം മാഷ്‌ said...

കുറുവിക്കൂട് നാട്ടിലും ഇവിടേയും(യു.എ.ഇ) കാണാം.
ഞാനെന്റെ ജനലിനു വെളിയില്‍ ഒരു കുരുവിക്കൂടു സ്ഥിരമായി തൂക്കിയിട്ടിരിക്കുന്നു. ക്വിക്ക് ഫിക്സു വെച്ചു വൈക്കോലും പുല്ലും ഒട്ടിച്ചു തുക്കണാം കുരുവിക്കൂടു പോലെ സുന്ദരമായ ഒന്നു ശല്യമൊന്നുമില്ലാത്ത ഭാഗത്തു സ്ഥാപിച്ചപ്പോള്‍ എല്ലാ കൊല്ലവും ഇക്കാലത്തു ഒരു ജോടി കുരുവി വന്നു താമസിക്കും മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പറന്നു പോകുന്നതു വരെ ജാലകത്തിന്റെ നിരക്കി നീക്കാത്ത ചില്ലിനപ്പുറത്തവയുടെ ചിറകടികള്‍ മനസ്സിനൊരു തുടിപ്പു തരും
നന്നായി ഈ കവിത.

സാജന്‍| SAJAN said...

മനൂന്റെ കവിതകള്‍ വായിക്കാറുണ്ട്.. കവിതയെ പറ്റി കൂടുതല്‍ അറിയാന്‍ പാടില്ലങ്കിലും.. മനൂന്റെ കവിതകള്‍ ലളിതമായതിനാല്‍.. വായിക്കാനും മനസ്സിലാക്കാനും.. എളുപ്പം ഒപ്പം ആസ്വാദ്യകരവും!!!

Anonymous said...

ഹൃദ്യം...ഇഷ്ടമായി.

Kiranz..!! said...

ആ മാളുക്കുട്ടിയുടെ ഓരോ ടൈംസ്...!

salim | സാലിം said...

പാടിപ്പോകുന്ന വരികള്‍... മനൂ നന്നായിരിക്കുന്നു.

Anonymous said...

കുഞ്ഞിളം കാറ്റത്തൊന്നാടിയാടി
മഞ്ഞനിലാവൊത്തൊന്നാടിയാടി
:)

Sona said...

എന്റെ തറവാട്ടുമുറ്റത്തും, ഈറന്‍പനയുടെ മുകളില്‍ കൂരിയാറ്റകുരുവികളുടെ, നീണ്ട് ഭംഗിയുള്ള കൂടുകള്‍ ഒത്തിരിയുണ്ട്..കുഞ്ഞ് ജനാലയൊക്കെയുള്ള ആ കുരുവികൂടുകള്‍ ഇന്നും എനിക്കൊരു അത്ഭുതമാണ്.
നല്ല കവിത.

ഏറനാടന്‍ said...

കൊള്ളാം മാളവിക (മനു?) കുരുന്നുകുരുവികവിത.. ആരെങ്കിലും പാടികേള്‍ക്കുവാനൊരു കുരുന്നുമോഹം മൊട്ടിടുന്നുവല്ലോ? (ദിവാസ്വപ്‌നം മാത്രമല്ലേ?)

"വാ കുരുവി ഇണപൂങ്കുരുവീ
തെങ്ങോലതുമ്പില്‍ വരു കുരുവീ.."