Wednesday 28 February 2007

ആലീസിനൊരു കടലാസു വിമാനം വേണം


വെള്ളക്കടലാസു നുള്ളിയെടുത്തൊരു
വള്ളമുണ്ടാക്കി വിരുതനുണ്ണി
വെള്ളത്തിലിട്ടതു നീങ്ങുന്ന കണ്ടപ്പൊ
തുള്ളിച്ചിരിച്ചു മിടുക്കന്‍ അമ്പി
കല്ലിട്ടൊരോളത്താല്‍ പിന്നെയും നീങ്ങുന്ന
കണ്ടു കുതിച്ചു മദിച്ചുണ്ണൂണ്ണി
കൂനനുറുമ്പിനെ കാശുവാങ്ങാതുള്ളില്‍
കേറ്റിയിരുത്തിമിടുക്കിയല്ലി
പച്ചപ്പുല്ലൊന്നു പറിച്ചെടുത്തറ്റത്തു
കുത്തിവച്ചൊന്നു ചിരിച്ചമ്മിണി
തുമ്പപ്പൂകൈയാലിറുത്തെടുത്തക്കരെ
തുമ്പിക്കു നല്‍കാന്‍ പറഞ്ഞമ്പിളി
അങ്ങു ദൂരെ കടലമ്മയ്ക്കു നല്‍കുവാന്‍
ഉമ്മനിറയെ കൊടുത്തു നീലി
വര്‍ണ്ണക്കടലാസു നീട്ടി കുഞ്ഞാലീസൊ-
ന്നുണ്ണിയെ മാടി വിളിച്ചു നിന്നു
"ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "

Monday 26 February 2007

പഞ്ചമിയും മഞ്ചാടിയും


മഞ്ചാടിപ്പൂങ്കുരു നുള്ളിപ്പെറുക്കുമ്പോള്‍
പഞ്ചമിപ്പൈതലാള്‍ പുഞ്ചിരിച്ചു
അഞ്ചിടം കൈയിലും അഞ്ചുന്ന പാവാട
തുഞ്ചത്തെ കുമ്പിളില്‍ അന്‍പത്തഞ്ചും
വാരിയെടുത്തു വരുമ്പോളയലത്തെ
വാര്യത്തെയമ്മുവെ കണ്ടുവല്ലൊ
"അഞ്ചെണ്ണം താ നീ യെനിക്കെണ്റ്റെ പഞ്ചമി "
കൊഞ്ചിക്കുഴഞ്ഞവള്‍ ചോദിച്ചല്ലൊ
"ഇന്നലെ ഞാന്‍ നിനക്കൊത്തിരി മുല്ലപ്പൂ
ഒന്നും പറയാതെ തന്നതല്ലെ? "

പഞ്ചാര മിട്ടായി മൂന്നെണ്ണം വാങ്ങിയി-
ട്ടഞ്ചാറു മഞ്ചാടി നല്‍കിയവള്‍

Friday 23 February 2007

ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ


ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ
അണ്ണാറക്കണ്ണനിറങ്ങും മുമ്പേ
അമ്മയുറക്കമുണരും മുമ്പേ
അന്നക്കിളി വന്നെടുക്കും മുമ്പേ
അമ്മൂമ്മ മുറ്റമടിക്കും മുമ്പേ
പൂത്തുമ്പിതുള്ളിവരുന്ന മുമ്പേ
പുത്തന്‍ മഴപൊഴിയുന്ന മുമ്പേ
പൊന്നിതളുള്ളില്‍ പൊതിയുമന്‍പാം
തേന്‍ തുള്ളിയെന്തു മധുരമമ്പോ
ചിത്തിര മുറ്റത്തെ വാഴക്കൂമ്പേ
ഇത്തിരിത്തേന്‍ തുള്ളി താ നീ കൂമ്പേ

Thursday 22 February 2007

കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ


"കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ
കുഞ്ഞേ നിന്‍ കണ്ണുനനഞ്ഞതെന്തേ?
അന്തിച്ചുവപ്പു തുടിക്കുന്ന കണ്ടെണ്റ്റെ
അല്ലീ മിഴികള്‍ നിറഞ്ഞതെന്തേ?
പൊന്നു സൂര്യന്‍ മുങ്ങിത്താഴുന്ന കണ്ടിട്ടോ
പൊന്നേ മടങ്ങണമെന്നോറ്‍ത്തിട്ടോ?
ചിപ്പി പോരാഞ്ഞിട്ടോ മാല പോരാഞ്ഞിട്ടോ
കുപ്പിവളകള്‍തികയാഞ്ഞിട്ടോ?
കന്യാകുമാരിക്കടല്‍ത്തിരകണ്ടെണ്റ്റെ
കുഞ്ഞേ നിന്‍ കണ്ണുനനഞ്ഞതെന്തേ?"

"അങ്ങൊരുചേച്ചിനില്‍ക്കുന്നതു കാണമ്മെ
വിങ്ങിക്കരഞ്ഞുകരഞ്ഞുകൊണ്ട്‌
ശംഖുംവളകളും നൂറുണ്ട്‌ കൈകളില്‍
സങ്കടം മാത്രമാക്കണ്ണുകളില്‍
എത്രനിറമുള്ള മാലയുണ്ടാക്കൈയില്‍
എന്നിട്ടുമെന്തേ കരഞ്ഞുചേച്ചി... "

"കൊച്ചു മാലവില്‍ക്കും പെണ്‍കിടാവണവള്‍
അഛനെ തേടുകയായിരിക്കാം
കമ്മലും കല്ലും കൊടുക്കുന്നോളാണവള്‍
അമ്മയെത്തേടുകയായിരിക്കാം
ഒക്കെയുംവാങ്ങുവാനാരിനിയെത്തുമെ-
ന്നോറ്‍ത്തുകരയുകയായിരിക്കാം"

അമ്മതന്‍ കൈയില്‍പിടിച്ചു നടന്നമ്മു
പിന്നെയും പിന്നോട്ടു തന്നെ നോക്കി....

Wednesday 21 February 2007

കുന്നും മുകളിലെ പൂക്കൊന്നപ്പെണ്ണിന്ന്


"കുന്നും മുകളിലെ പൂക്കൊന്നപ്പെണ്ണിന്ന്
പൊന്നും പൂത്താലിയുമിട്ടുവെന്ന്
കൈതവരമ്പില്‍ വച്ചമ്മിണിക്കാറ്റെണ്റ്റെ
കാതില്‍പറഞ്ഞല്ലൊ ചെമ്പരത്തി "

"സത്യമാ തുമ്പീ ഞാന്‍ കണ്ടതാ രാവിലെ
യെത്ര മനോഹരിയാണിന്നവള്‍
ഇന്നലെ കണ്ടവളാണെന്നു ചൊല്ലില്ല
പൊന്നില്‍ കുളിച്ചുള്ള നില്‍പ്പു കണ്ടാല്‍
മേടം കൊടുത്തതാണെന്നാരൊ ചൊല്ലുന്നു
മേടിച്ചതാണെന്നും കേള്‍ക്കുന്നു ഞാന്‍
കൊച്ചു വിഷു വന്നു കൈനീട്ടം തന്നതെ-
ന്നച്ചുക്കിളിയോടു ചൊല്ലിയവള്‍
ഇത്രയും പൊന്നവള്‍ക്കാരു കൊടുത്തതെ-
ന്നെത്രനിനച്ചിട്ടും കിട്ടുന്നില്ല
എങ്കിലുമെണ്റ്റെ പൂത്തുമ്പി നീ യാക്കൊച്ചു
സുന്ദരിക്കോതയെ കാണേണ്ടതാ
മേലാകെ പൊന്നാണു പൊട്ടിച്ചിരിക്കുമ്പോള്‍
ചേലെഴും മുത്തു പൊഴിയുന്നതും "

"എന്നാലവളെയെനിക്കൊന്നു കാണണ-
മൊന്നു വഴിപറ ചെമ്പരത്തീ "

Tuesday 20 February 2007

അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ അച്ചന്‍ കോവില്‍പുഴ


അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ
അച്ചന്‍ കോവില്‍പുഴ കൂട്ടുകാരാ
കുഞ്ഞുകുളിര്‍ കൈ നീ തെല്ലു വിടൂ എനി-
ക്കിന്നുപരീക്ഷയാ പാട്ടുകാരാ

നാളെവരാം പുലറ്‍വേളയില്‍ തന്നെ നി-
ന്നോളവളയത്തിലൂളിയിടാന്‍
മുത്തുമണല്‍മെത്തയിട്ടനിന്‍പൂന്തട്ടില്‍
മുത്തിനിവര്‍ത്തു കുളിച്ചുകേറാന്‍
തിട്ടയില്‍നിന്ന് കുതിച്ചുചാടി വെയില്‍
വെട്ടവുമായൊന്നു നീന്തിയേറാന്‍
വെള്ളിപ്പനിനീറ്‍മണിയൊരുകുമ്പിളില്‍
തുള്ളിചോരാതെയെടുത്തുമുത്താന്‍
ഇക്കിളിയിട്ടുരസിക്കും പരല്‍മീനെ
ഇത്തിരി കൈകളിളക്കിയാറ്റാന്‍
വഞ്ചിമരമിളം പുഞ്ചിരിതൂകിയി-
ട്ടഞ്ചുന്ന പൂക്കള്‍ തരുന്ന കാണാന്‍
കാറ്റുനിനക്കു വള തരുമ്പോള്‍ കവിള്‍
കോണില്‍ നുണക്കുഴിയൊന്നുകാണാന്‍

അഛന്‍ വിളിക്കുന്നു പോകാതെ വയ്യെണ്റ്റെ
അച്ചന്‍ കോവില്‍പുഴ കൂട്ടുകാരാ
അയ്യൊ പിണങ്ങല്ലെ കൂട്ടുകാരാ എനി-
ക്കിന്നു പരീക്ഷയാ പാട്ടുകാരാ

Monday 19 February 2007

മുട്ടക്കാരന്‍ കുട്ടപ്പേട്ടാ


"മുട്ടക്കാരന്‍ കുട്ടപ്പേട്ടാ
കുട്ടയുമായിട്ടെങ്ങോട്ടാ"
"മട്ടന്നൂരെ കുട്ടായിക്കീ
മുട്ടകൊടുക്കണ്ടേയിഷ്ടാ"
"മൊട്ടത്തലയില്‍ കുട്ടചുമന്നാല്‍
ഒട്ടും നോവില്ലേചേട്ടാ?"
"കുട്ടക്കടിയില്‍ വട്ടത്തില്‍ തുണി
കെട്ടിയ കണ്ടില്ലേയിഷ്ടാ"
"മുട്ടക്കാരന്‍ കുട്ടപ്പേട്ടാ
മുട്ടന്‍ മുട്ടയൊരെണ്ണം താ.. "
"എട്ടണതന്നൊരു മുട്ടയെടുത്തൊ
കുട്ടീ കീശയിലിട്ടോളൂ"

Friday 16 February 2007

ചൂല്‍


അന്നമ്മച്ചേച്ചിക്കു നൂറു കാലുണ്ടേലും
തന്നേ നടക്കുവാനാവില്ലല്ലൊ
താങ്ങിപ്പിടിക്കുവാനേരേലുമുണ്ടെങ്കില്‍
അങ്ങോട്ടുമിങ്ങോട്ടുമോടുമല്ലൊ
മുറ്റത്തെ ചപ്പും ചവറും പൊടികളും
ഒറ്റക്കു വാരിക്കളയുമല്ലൊ..
അന്നമ്മച്ചേട്ടത്തിയുണ്ടെല്ലാവീട്ടിലും
അന്നവുമപ്പവും തിന്നില്ലല്ലൊ

Thursday 15 February 2007

ചെമ്പരത്തീ...


ചെമ്പട്ടു പാവാടത്തുമ്പുലച്ചെന്‍ മുറ്റ-
ത്തന്‍പോടെ കുമ്പിടും ചെമ്പരത്തീ...
അഞ്ചിതള്‍ത്തുമ്പിലുമല്ലിക്കുളിരിടും
പഞ്ചാരക്കാറ്റു നിനക്കു കൂട്ട്‌
അന്തിവെയില്‍ വന്നു പൊട്ടിട്ടു തന്നപ്പൊള്‍
എന്തു രസമെണ്റ്റെ തമ്പുരാട്ടി
കുഞ്ഞുമഴത്തുള്ളി മുക്കുത്തി തന്നല്ലൊ
അഞ്ജനം പൂമ്പാറ്റ തന്നുവല്ലൊ
ചന്ദനം നല്‍കുവാനമ്പിളി വന്നല്ലൊ
ചന്തത്തില്‍ നീയൊന്നൊരുങ്ങൊരുങ്ങ്‌
കാലത്തു പൂജക്കു കോവിലില്‍ പോകണ്ടെ
കോലോത്തെപ്പെണ്ണേയൊരുങ്ങൊരുങ്ങ്‌

Wednesday 14 February 2007

പുട്ട്‌


കൊല്ലത്തു നിന്നൊരു തീവണ്ടിയില്‍
ചെല്ലപ്പനാശാന്‍ കയറിയല്ലൊ
ടിക്കറ്റെടുക്കാതെ തിക്കിനുള്ളില്‍
വൈക്കത്തു പോകാനിരുന്നുവല്ലൊ
ലാത്തിയുമായൊരു പോലീസേമാന്‍
കുത്തിവെളിയിലിറക്കിയല്ലൊ
അഞ്ചാളു വന്നു പിടിച്ചു കൊണ്ട്‌
അയ്യൊ ജയിലിലടച്ചുവല്ലൊ...

(പുട്ടുകുറ്റിയില്‍ വച്ചു തിളപ്പിച്ചു ഒടുവില്‍ കുത്തിയിറക്കി അഞ്ചു വിരലുകള്‍ കൊണ്ട്‌ വായിലാക്കുന്ന പുട്ടപ്പം)

Tuesday 13 February 2007

ആലിപ്പഴം


ആകാശത്തോപ്പിലെ ഏതു മരത്തില്‍ നി-
ന്നാരു പൊഴിക്കുന്നതാണിതമ്മെ?
നുള്ളിയെടുക്കുമ്പോളുള്ളം കുളിരുന്നൊ-
രാലിപ്പഴമെന്തു ചേലിതമ്മേ...
ഒന്നെടുക്കുമ്പോളടുത്തുണ്ടു വേറൊന്നു
പിന്നെയും പിന്നെയും വീഴുന്നമ്മെ..
പാവാടക്കുമ്പിളിലെല്ലാമെടുക്കുമ്പൊള്
‍പാതിയുമെങ്ങൊ മറയുന്നമ്മെ...
മാമ്പഴത്തിണ്റ്റെ മധുരമില്ലൊട്ടുമേ
ചാമ്പക്ക പോലെ പുളിയുമില്ല
ഞാലിപ്പൂവണ്റ്റെ രുചിയുമില്ലിത്തിരി
ഞാവല്‍പ്പഴത്തിന്‍ നിറവുമില്ല....
ഒട്ടും രുചിയില്ലയെങ്കിലുമിപ്പഴം
ഒത്തിരി ഒത്തിരിയിഷ്ടമമ്മെ...

Friday 9 February 2007

പാവം മഷിത്തണ്ട്‌

"കള്ളച്ചിരിയുമായ്‌ കയ്യാല വക്കത്ത്‌
തുള്ളിയിരിക്കുന്ന വെള്ളിത്തണ്ടേ
വെള്ളിക്കുടത്തിലെ വെള്ളവുമായി നീ
വല്ലാതെ കാക്കുന്നതാരെയാണു?"

"പള്ളിക്കൂടത്തിലെ ചെല്ലക്കിടാവുകള്‍
തുള്ളിവരുമിപ്പോളെണ്റ്റെ കുഞ്ഞെ
കല്ലുസ്ളേറ്റിലവരോരൊന്നെഴുതുമ്പോള്‍
തെല്ലു തുടയ്ക്കുവാന്‍ വെള്ളം വേണ്ടെ
മുല്ലകൊടുക്കില്ല വല്ലികൊടുക്കില്ല
ചെല്ലക്കിടാക്കള്‍ക്ക്‌ ഞാന്‍ കൊടുക്കും

ഉള്ളില്‍തെളിയുന്ന നേരംവരെ അവറ്
‍വെള്ളംതുടച്ച്‌ തുടച്ചെഴുതാന്‍. " "

Wednesday 7 February 2007

പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും പൊങ്ങച്ചക്കാരന്‍


പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍

Tuesday 6 February 2007

അന്നയും കാറ്റും


"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരു തന്നൂ നിന്‍'റെ ആരോമല്‍ക്കൈകളില്‍
ആരും കൊതിക്കുമീ പൂങ്കുളിരു^ "


"കായല്‍ക്കിടാത്തിക്കു ചിറ്റോള പൊന്‍-വള
കൈകളിലിട്ടു കൊടുത്തനേരം
ആറ്‍ക്കും കൊടുക്കരുതെന്നോതിത്തന്നതാ-
ണാരും കൊതിക്കുമീ പൂങ്കിളിരു^"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരുതന്നൂ നിണ്റ്റെ ആരോമല്‍ക്കൈകളില്‍
ആരും കൊതിക്കുമീ പൂമണത്തെ"

"കന്നിവരമ്പിലെ കൈതപ്പൂപ്പെണ്ണിണ്റ്റെ
കണ്ണില്‍ പൊടിയൂതി നിന്നനേരം
ആറ്‍ക്കുംകൊടുക്കരുതെന്നോതിത്തന്നതാ-
ണാരും കൊതിക്കുമീ പൂമണത്തെ"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
ആരുതന്നു നിണ്റ്റെ ആരൊമല്‍ മെയ്യിലീ
ആരുമേ കാണാത്ത പട്ടുടുപ്പ്‌"

"കറ്റമെതിക്കുന്ന നാടോടിപ്പെണ്ണിണ്റ്റെ
നെറ്റിവിയര്‍പ്പു തുടച്ച നേരം
ആര്‍ക്കും കൊടുക്കരുതെന്നോതിത്തന്നതാ-
ണാരുമേ കാണാത്ത പട്ടുടുപ്പ്‌"

"പുഞ്ചവയല്‍ക്കടന്നെന്‍ ചുണ്ടിലിത്തിരി
പുഞ്ചിരി നല്‍കിയ കുഞ്ഞിക്കാറ്റെ
അമ്മവാങ്ങിത്തന്ന കമ്മലു നല്‍കാം ഞാന്‍
ഇമ്മിണിപ്പൂംകുളിറ്‍ നല്‍കുമോ നീ?
അമ്മാവന്‍ തന്ന കളിപ്പാട്ടം നല്‍കാം ഞാന്‍
ഇമ്മിണിപ്പൂമണം നല്‍കുമോ നീ?"

"അന്നക്കുരുന്നെ നീ എല്ലാമെടുത്തോളൂ
ഒന്നും പകരമെനിക്കു വേണ്ടാ.. "
എന്നുപറഞ്ഞവനെല്ലാം കൊടുത്തുകൊ-
ണ്ടെങ്ങോ പറന്നു മറഞ്ഞുപോയീ..

Friday 2 February 2007

ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ അമ്പിളിക്കുട്ടാ നീ എന്തുകണ്ടു


"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ
അമ്പിളിക്കുട്ടാ നീ എന്തുകണ്ടു?"

"അമ്പാരി കണ്ടു ഞാനാനയെ കണ്ടു ഞാന്‍
അമ്പലമുറ്റത്തെയാളെ കണ്ടു
പീപ്പിവാങ്ങിക്കുന്ന മീനൂനെ കണ്ടു ഞാന്‍
ആപ്പിള്‍പോലുള്ള ബലൂണുകണ്ടു.
തൊട്ടാല്‍ നിരങ്ങുന്ന കാറു പിടിക്കുന്ന
മൊട്ടത്തലയന്‍ അപ്പൂനെകണ്ടു
വെള്ളം തെറിക്കുന്ന തോക്കു കണ്ടു വിള-
ക്കുള്ളില്‍ കൊളുത്തുന്ന ബോട്ടുകണ്ടു
കുപ്പിവളയിട്ടു കൊഞ്ചിച്ചിരിക്കുന്ന
കൊച്ചുമിടുക്കി ദേവൂനെക്കണ്ടു"

"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നെണ്റ്റെ
അമ്പിളിക്കുട്ടാ നീ എന്തുവാങ്ങി?
തൊട്ടാല്‍ നിരങ്ങുന്ന കാറോ തിളങ്ങുന്ന
പൊട്ടാസുവേണ്ടാ കറുത്ത തോക്കൊ?"

"തൂവാലക്കെട്ടഴിച്ചമ്മ ചുടുകണ്ണീര്‍
തൂവിയെടുത്ത മുഷിഞ്ഞ കാശ്‌
ആരുമെടുക്കാതൊടുവിലെനിക്കമ്മ
ആരോമലുമ്മകള്‍ നൂറു തന്നു

അഛന്‍ വരട്ടെ ജയിലില്‍ നിന്നൊത്തിരി
കൊച്ചു കളിപ്പാട്ടം കിട്ടുമല്ലൊ..... "

Thursday 1 February 2007

അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും വിങ്ങിക്കരയുന്നതെന്തമ്മേ


അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും
വിങ്ങിക്കരയുന്നതെന്തമ്മേ
കിങ്ങിണിയിട്ടാലും കൊങ്ങിണിയിട്ടാലും
ഒന്നു ചിരിക്കാത്തതെന്തമ്മേ
കുന്നിക്കുരുമണി നൂറുകൊടുത്താലും
ഒന്നും പറയാത്തതെന്തമ്മേ
കുഞ്ഞിക്കവിളില്‍ ഞാനുമ്മകൊടുത്താലും
ഒന്നു കുണുങ്ങാത്തതെന്തമ്മേ
പ്ളാവിലത്തൊപ്പി ഞാന്‍ വച്ചു കൊടുത്താലും
ഒന്നു മിനുങ്ങാത്തതെന്തമ്മേ
പാലക്കാമൊതിരമിട്ടു കൊടുത്താലും
ഒന്നു തിളങ്ങാത്തതെന്തമ്മേ
പൂരംനാള്‍ വാങ്ങിയ മാലകൊടുത്താലും
പുഞ്ചിരി തൂവാത്തതെന്തമ്മേ
പൂക്കളിറുത്തു ഞാന്‍ കൈയില്‍കൊടുത്താലും
കണ്ണു ന്‍ഇറയുന്നതെന്തമ്മേ

അങ്ങേലെയമ്മിണിക്കുമ്മ കൊടുക്കുവാന്‍
അമ്മയും അച്ഛനുമില്ല മോളെ
അമ്മയുമച്ഛനുമില്ലെങ്കിലെങ്ങനെ
അമ്മിണി കൊഞ്ചി ചിരിക്കും മോളെ