Monday 16 June 2008

ഓര്‍മ്മയിലെ മഴ


വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.

കാറ്റുവന്നു പതുക്കെയെന്‍‌റെ അടുത്തുനില്‍‌ക്കുന്നു ...ഒരു
ചാറ്റലെന്‍‌റെ കുരുന്നു നെഞ്ചില്‍ തൂവിയേകുന്നു.
പച്ചയിട്ടു നനഞ്ഞപാടം ഞൊറിയുടുക്കുന്നു... അതു
കൊച്ചുകണ്ണുവിടര്‍ത്തി വീണ്ടും നോക്കി നില്‍ക്കുന്നു

മെല്ലെമാനമിരുണ്ടുവീണ്ടുമൊരുങ്ങിനില്‍ക്കുന്നു . ഒരു
മുല്ലഗന്ധം മുന്നില്‍ വന്നു നിറഞ്ഞു നില്‍ക്കുന്നു.
കണ്ണടച്ചാ ഗന്ധമുള്ളില്‍ ഞാന്‍ പടര്‍ത്തുന്നു .. വീണ്ടും
കാതിലൊരു പേമാരിനൃത്തം ചുവടു വക്കുന്നു

ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു

ചാഞ്ഞവാഴയ്‌ക്കൂന്നു നല്‍കി നനഞ്ഞു നില്‍ക്കുമ്പോള്‍ - നെഞ്ചില്‍
ചായുവാന്‍ ഞാനോടിയച്ഛന്നരികിലെത്തുന്നു
നെറ്റിയില്‍ പൊന്‍‌‌വിയര്‍പ്പും നീര്‍ത്തുള്ളിയും ചേരും .. നേര-
ത്തിറ്റുനേരം വാരിയെന്നെ മാറിലേറുന്നു..

വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...