Saturday 12 May 2007

കാലില്ലാത്തൊരു ചുണ്ടനെലി നീളത്തില്‍ വാലുള്ളൊരെലി


കാലില്ലാത്തൊരു ചുണ്ടനെലി
നീളത്തില്‍ വാലുള്ളൊരെലി
നീളുമിടയ്ക്കു ചുരുങ്ങിവരും
മാളത്തില്‍ ചുരുളുന്നൊരെലി
മിന്നാമിന്നിവെളിച്ചത്തില്‍
ചോന്നുതുടുത്തമിടുക്കനെലി
തീനും കുടിയും വേണ്ടാത്ത
ചീനി കരണ്ടാ പാവമെലി
ആരും കെണിയില്‍ കൊല്ലാത്ത
കരിനിറമുള്ളൊരു കുഞ്ഞനെലി

Friday 11 May 2007

അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍ അമ്പോറ്റിയമ്മുവിനെന്തൊരുക്കം


അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍
അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പിളിപ്പൊന്‍ മുഖം തെല്ലുമിനുക്കുന്നു
അമ്പോ ചുവന്നൊരു പൊട്ടിടുന്നു
രണ്ടായ്‌ പിരിച്ചു മുടിയൊന്നൊരുക്കുന്നു
വണ്ടിണക്കണ്ണില്‍ മഷിയിടുന്നു
കൊച്ചുകവിളില്‍ കറുത്ത കുത്തേകുന്നു
കുപ്പിവളകള്‍ നിറച്ചിടുന്നു
ചെറ്റു തലചരിച്ചൊന്നു നോക്കീടുന്നു
നെറ്റിയില്‍ തെല്ലു മുടിയിടുന്നു
നീലപ്പാവാട ഞൊറിയൊരുക്കീടുന്നു
ചേലൊത്ത മാലയണിഞ്ഞീടുന്നു
തൂവാലയൊന്നു തിരഞ്ഞെടുത്തീടുന്നു
തൂമ തികഞ്ഞോന്നു ചോദിക്കുന്നു
ഒക്കെയും കണ്ടു ചിരിച്ചു നിന്നമ്മ പി-
ന്നൊക്കത്തു വച്ചു പുണര്‍ന്നിടുന്നു
"അമ്മു അടുത്തു നീയിങ്ങനെ നില്‍ക്കുമ്പോള്‍
അമ്പലോം അമ്പോറ്റീം വേറെന്തിനു.... "

Wednesday 9 May 2007

മാളുവും റിക്ഷാമാമനും


ഉച്ചയ്ക്കു നിത്യവും സ്കൂളില്‍ നിന്നെത്തിക്കും
പച്ചയുടുപ്പിട്ട റിക്ഷാമാമന്‍
വച്ചുചവിട്ടി വിയര്‍പ്പു തുടച്ചുകൊ-
ണ്ടൊത്തിരിക്കാര്യങ്ങള്‍ ചൊല്ലുന്നവന്‍
ഏറെത്തളര്‍ന്നും മെലിഞ്ഞും ചുമച്ചുകൊ-
ണ്ടോരോരോ പാട്ടുകള്‍ പാടുന്നവന്‍
അമ്മകൊടുത്ത പഴമൊന്നു നീട്ടുമ്പോള്‍
ഉമ്മകൊടുത്തുപൊതിഞ്ഞെടുക്കും
"മാളൂനെപ്പോലൊരു മോളുണ്ടെനിക്കുമെ"-
ന്നീറന്‍ മിഴികള്‍ തുടച്ചുനില്‍ക്കും
അന്നൊരുനാളവള്‍ ചോദിച്ചീയങ്കിളി-
നെന്നുമൊരേയുടുപ്പെന്തിതച്ഛാ...
എറെമുഷിഞ്ഞു കുടുക്കുകള്‍ പോയിട്ടും
വേറെയൊരെണ്ണമിടാത്തതെന്താ?

"പാവങ്ങളാണവരാര്‍ക്കുമേ വേണ്ടാത്തോറ്‍
പാവകള്‍ പോലെ ചലിക്കുന്നവര്‍
ചോറിനുവേണ്ടി ചവിട്ടിത്തളരുന്നോറ്‍
ചേരിയില്‍ ജീവിതം വാട്ടുന്നവര്‍
ഒട്ടുംതികയില്ല നമ്മള്‍ കൊടുക്കുന്ന
തുട്ടുകള്‍ വേറൊരുടുപ്പു വാങ്ങാന്‍"

മെല്ലെവിതുമ്പിപ്പറഞ്ഞവള്‍ "നല്‍കണം
നല്ലോരുടുപ്പ്‌ വിഷുദിനത്തില്‍
മാമനു ചേരും നിറവും വലിപ്പവും
ഓമനയോര്‍ത്തു പറഞ്ഞുതന്നു.
പുള്ളിയുടുപ്പുമായ്‌ പോയവള്‍ പൊന്‍ വിഷു
വെള്ളിയുദിച്ച ദിനത്തിലന്ന്
വിങ്ങിക്കരഞ്ഞുമടങ്ങിവന്നു മുഖം
മങ്ങിത്തുടുത്തു ചുവന്നു കൊണ്ട്‌

"എങ്ങോ മറഞ്ഞെണ്റ്റെ മാമന്‍ ഇനിമേലില്‍
ഇങ്ങുവരില്ലെന്നു ചൊല്ലിയൊരാള്‍.. "
പുള്ളിയുടുപ്പുമാറൊടൊന്നു ചേര്‍ത്തു നീര്
‍ത്തുള്ളികള്‍ തുള്ളും മിഴിതുടച്ചു...

അന്നുമുതലവളെല്ലാവഴിയിലും
കണ്ണുനനച്ചു തിരക്കിനിന്നു
പാലൈസുകാരണ്റ്റെ സൈക്കിള്‍ മണിയിലും
പണ്ടത്തെമാമനെ തേടി നിന്നു...

Monday 7 May 2007

മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു മുല്ലപ്പൂമണമേറ്റിട്ടു


മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു
മുല്ലപ്പൂമണമേറ്റിട്ടു
മൂളിപ്പാട്ടും പാടിത്തെക്കേ
മൂലയ്ക്കോടും നേരത്ത്‌
മുറ്റത്തങ്ങേക്കോണില്‍ ദേഹം
മൊത്തോം മുത്തുമണിഞ്ഞിട്ടു
മഞ്ഞിന്‍ തുള്ളിക്കുളിരിന്നുള്ളില്‍
മുങ്ങിയിരുന്നു ചിരിച്ചിട്ട്‌
മാടിവിളിച്ചു കൊതിപ്പിച്ചല്ലൊ
മോടിയിലിന്നൊരു ചാമ്പത്തൈ

"മോളിക്കുട്ടീ പുളിയും മധുരോം
മേളിക്കുന്നൊരു ചാമ്പക്ക
മേളില്‍ വരയൂം കൈയെത്തുന്നേല്‍
മേടിച്ചോ നീ ചാമ്പയ്ക്ക
മറ്റൊരു നാട്ടില്‍ കിട്ടത്തില്ല
മറ്റെങ്ങും ഞാന്‍ വളരൂലാ..
മോളിക്കുട്ടീ മധുരം വേണേല്‍
മേളില്‍ക്കേറിക്കൂടിക്കോ"

മോഹംകൂടി ചാടിത്തുള്ളി
മോളിക്കുട്ടി തളര്‍ന്നപ്പോള്‍
മിന്നിയണഞ്ഞൊരു തെക്കന്‍ കാറ്റ്‌
മെല്ലെയടര്‍ത്തീ ചാമ്പയ്ക്ക
മഞ്ഞപ്പാവടപ്പൂങ്കുമ്പിള്‍
മുഴുവന്‍ നല്‍കീ ചാമ്പയ്ക്ക

മോളിക്കുട്ടി മദിച്ചു കുതിച്ചു
മൂളിമറഞ്ഞൂ പൂങ്കാറ്റും..

Friday 4 May 2007

കന്നിനിലാവിന്നു കിന്നരി വച്ചൊരു കുന്നുമിറങ്ങി വരുന്ന കണ്ടോ


കന്നിനിലാവിന്നു കിന്നരി വച്ചൊരു
കുന്നുമിറങ്ങി വരുന്ന കണ്ടോ
കുഞ്ഞരിപ്പൂവിണ്റ്റെയല്ലിക്കവിളത്തൊ-
രുമ്മകൊടുത്തു ചിരിച്ച കണ്ടോ
മുറ്റത്തു വെള്ളിപ്പരമ്പുവിരിച്ചൊരു
നൃത്തം ചവിട്ടിരസിച്ച കണ്ടോ
തുള്ളിച്ചിരിക്കുന്ന മുല്ലപ്പൂപെണ്ണിനെ
നുള്ളിച്ചെവിക്കു പിടിച്ചകണ്ടോ
മിന്നാമിനുങ്ങിണ്റ്റെ മുന്നിലായ്‌ നിന്നൊരു
കണ്ണുമടച്ചുകളിച്ച കണ്ടോ
താഴെക്കിണറ്റിലിറങ്ങിയാ വെള്ളത്തിന്‍
ആഴമളന്നുതിരിച്ച കണ്ടോ
പച്ചയുടുപ്പിട്ട കൊച്ചുതുളസിക്കു
പുത്തന്‍ വളകള്‍ കൊടുത്തകണ്ടോ
മെല്ലെയുറങ്ങും പശുക്കിടാവിന്‍ മിഴി
തെല്ലുതടവിക്കൊടുത്തകണ്ടോ
അങ്ങേപ്പറമ്പിലെ ചെമ്പകപ്പൂമണം
കിങ്ങിണിക്കൈയില്‍ പകര്‍ന്ന കണ്ടോ
ഇങ്ങേപ്പറമ്പിലെ തൈവാഴച്ചെക്കനെ
ഇങ്ങനെ വാരിപ്പുണര്‍ന്ന കണ്ടോ
ഉമ്മറത്തങ്ങനിരിക്കുമെന്‍ കൈയിലും
ഇമ്മിണിവെട്ടം പകര്‍ന്ന കണ്ടോ

പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍..