Friday 18 January 2008

അപ്പച്ചാ........ അച്ചപ്പം


"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം കണ്ടോ
അപ്പച്ചിക്കിതു കണ്ടുകഴിഞ്ഞാ-
ലപ്പം കൊതിയൊപ്പം"

"പാപ്പച്ച കളി വേണ്ടാ എന്നോ-
ടച്ചപ്പക്കൊതിയാ
അപ്പച്ചിക്കൊതി ചൊല്ലിത്തന്നി-
ട്ടച്ചപ്പം വാങ്ങി
അപ്പിടി തിന്നുരസിക്കാനല്ലേ
അപ്പണി വേണ്ടയ്യാ... "

"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം തന്നാല്‍
അപ്പം നല്‍കാം കവിളില്‍ രണ്ടും
മുപ്പതു പൊന്നുമ്മ

Thursday 17 January 2008

അപ്പവും അപ്പൂപ്പനും


അപ്പക്കാരയടുപ്പില്‍ വച്ചി-
ട്ടപ്പൂപ്പന്‍ ചൊല്ലി
അപ്പുക്കുട്ടാ ചുട്ടു തരാം ഞാ-
നപ്പം പത്തെണ്ണം
അപ്പം മീനുക്കുട്ടി ചിണുങ്ങീ
അപ്പൂപ്പാ വേണം
അപ്പുക്കുട്ടനെടുക്കും മുമ്പേ
അപ്പം പത്തെണ്ണം
അപ്പം കോരിയെടുക്കുന്നേര-
ത്തപ്പൂപ്പന്‍ ഞെട്ടി
പപ്പന്‍ പൂച്ചയെടുത്തു മറിച്ചി-
ട്ടപ്പം പത്തെണ്ണോം

Saturday 12 January 2008

പഴംപൊരി


മഞ്ഞയുടുപ്പിട്ടരികിലിരിക്കും
കുഞ്ഞാലിപ്പയ്യാ
എണ്ണക്കടലില്‍ മുങ്ങിവരുമ്പോ-
ളെന്തൊരു മണമയ്യാ
ഉള്ളിലൊളിക്കും മധുരമൊരിത്തിരി
നുള്ളിയെടുത്തയ്യാ
നാലുമണിക്കതു നുണയും നേര-
ത്തെന്തൊരു രസമയ്യാ

Wednesday 2 January 2008

പുതുവര്‍ഷം പുതുവര്‍ഷം


ഭിത്തിയില്‍ നിന്നും പഴയതു മാറ്റി
പുത്തന്‍ കലണ്ടറിടുന്നച്ഛന്‍
താളുകളൊക്കെ മറിച്ചൊന്നു നോക്കി
താളത്തിലൊന്നു ചിരിച്ചമ്മ

"മാളൂ നീ ചൊല്ലു കലണ്ടറിനുള്ളില്‍
മോളേ നിനക്കേറെയിഷ്ടമെന്ത്‌?
ഓണമോ പൊന്നു വിഷുവോ വിളക്കോ
ഓമലേ നിന്‍റെ പിറന്നാളോ?"

"ഓണമല്ലമ്മേ വിഷുവുമല്ലമ്മേ
ഓമനയക്കം ചുവപ്പക്കം
എത്രയുണ്ടമ്മേ കലണ്ടറിനുള്ളില്‍
ചിത്തിരയക്കം ചുവപ്പക്കം?
അമ്മയ്ക്കുമച്ഛനുമൊപ്പമിരിക്കാന്
‍വേണമെനിക്കു ചുവപ്പക്കം...
കുഞ്ഞിച്ചിരിയൊരുപാടു പൊഴിക്കാന്‍
കുന്നോളം വേണം ചുവപ്പക്കം"

അച്ഛന്‍ ചിരിച്ചു പിന്നമ്മ ചിരിച്ചു
പുത്തന്‍ പുലരിയും പുഞ്ചിരിച്ചു
മാളുവും കൂടെ കുണുങ്ങിച്ചിരിച്ചു
"മോളേയുണ്ടേറെ ചുവപ്പക്കം"