Wednesday 16 April 2008

പള്ളിക്കൂടമടച്ചല്ലോ ഇനി.....


പള്ളിക്കൂടമടച്ചല്ലോയിനി
തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍
പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ
കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
പാട്ടും പാടി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ നടുവില്‍
കൊച്ചൊരു തോണിയിലെത്താലോ
വെള്ളം ചെപ്പി ചെപ്പിയിരുന്നൊരു
വല്ലം കഥകള്‍ ചൊല്ലലോ
നെല്ലിയുലുത്തിയുലുത്തിയൊരിത്തിരി
അല്ലിക്കാമണി തിന്നാലോ
മഞ്ചാടിക്കുരുയൊരുപിടി വാരി
കൊഞ്ചിക്കൊഞ്ചിയിരിക്കാലോ
കല്ലിലിടിച്ചൊരു പുളിയന്‍ മാങ്ങ
കല്ലുപ്പിട്ടു കഴിക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെ പാടാലോ
വള്ളിക്കുടിലു മെനഞ്ഞിട്ടുള്ളില്‍
വെള്ളാരം കല്ലാടാലോ
തത്തിതത്തിച്ചാടും ചേച്ചി-
ക്കൊത്തു കളത്തില്‍ കൂടാലോ
പള്ളിക്കൂടമടച്ചല്ലോയിനി
പുസ്തകമൊന്നു മടക്കാലോ
മണ്ണും മഴയും വെയിലും കുളിരും
കണ്ണുനിറച്ചിനി കാണാലോ


(എല്ലാ കൂട്ടുകാര്‍ക്കും മദ്ധ്യവേനല്‍ അവധി ആശംസകള്‍ - പുസ്തകം മടക്കൂ... കമ്പ്യൂട്ടറും ഹാരിപോട്ടറും മാറ്റി വക്കൂ.. മണ്ണിലേക്ക് ചാടി മറിഞ്ഞു നടക്കൂ........)

Friday 4 April 2008

രാധയും അച്ഛനും ഓഡിയോ

“രാധയും അച്ഛനും ആകാശവും“ എന്ന കവിത ശ്രീ മനോജ് ചൊല്ലിയത് ഇവിടെ.
http://www.kapeesh.com/music/blog/GManu-Radha-aakaasam.mp3



രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛന്‍‌റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..