Wednesday 31 January 2007

നീയേതു പൂവേതു പൂങ്കുരുന്നേ


പൂവിനോടൊത്തു നീ നില്‍ക്കവെ ശങ്കിച്ചു
പൂവേത്‌ നീയേത്‌ പൂങ്കുരുന്നേ
പൂമണം മുത്തുവാന്‍ വന്നൊരാ കാറ്റു നിന്‍
പുഞ്ചിരിപ്പൂവിറുത്തോമനിപ്പൂ
പൂര്‍ണ്ണേന്ദു രാവിണ്റ്റെ പൂമുഖം താരക
പൂക്കളാല്‍ പൊന്‍-കളം തീര്‍ത്തിടും പോല്‍
പൂന്തേനുറങ്ങുമീ അമ്പിളിപ്പൂമുഖം
പൂവിട്ടു നിന്‍-ചിരി പൂവിതളാല്‍....

Tuesday 30 January 2007

ഒന്നരയുരുള ചോറുണ്ണാനെന്നുണ്ണിക്കുട്ടനു കഥ വേണം


ഒന്നരയുരുള ചോറുണ്ണാനെ-
ന്നുണ്ണിക്കുട്ടനു കഥ വേണം
ഒന്നരവട്ടിപ്പുഞ്ചിരീവീഴാ-
നുണ്ണിക്കുട്ടനു കഥ വേണം
കയ്യുംകെട്ടിയടങ്ങിയിരിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം
കഞ്ഞീം പയറും കൂട്ടിയിറക്കാ-
നുണ്ണിക്കുട്ടനുകഥ വേണം
എണ്ണേമിഞ്ചേമിട്ടു കുളിക്കാ-
നുണ്ണിക്കുട്ടനു കഥവേണം
എണ്ണക്കുപ്പിമറിച്ചു കളിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം
തെക്കേമുറ്റത്തൂഞ്ഞാലാടാ-
നുണ്ണിക്കുട്ടനു കഥ വേണം
തെക്കിനിയിറയത്തൊന്നുമയങ്ങാ-
നുണ്ണിക്കുട്ടനു കഥ വേണം
സ്വപ്നം കണ്ടു ചിരിച്ചുമദിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം

ചെണ്ടക്കാരന്‍ കിണ്ടന്‍ ചേട്ടന്‍


ചെണ്ടക്കാരന്‍ കിണ്ടന്‍ ചേട്ടന്‍
ചെണ്ടേം കൊണ്ടൊരു വണ്ടീല്‍ കേറി
വണ്ടന്‍മേട്ടെ കുണ്ടില്‍ വീണാ
വണ്ടികുലുങ്ങി കിണ്ടന്‍ ചേട്ടന്‍
ചെണ്ടയുമായിയുരുണ്ടതു കണ്ടൊരു
മണ്ടന്‍ ചെക്കന്‍ തൊണ്ടതുറന്നതു
കണ്ടാ ചെക്കനു മണ്ടക്കിട്ടൊരു
ഞോണ്ടുകൊടുത്തതു കണ്ടവരുണ്ടോ?

Monday 29 January 2007

നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര


നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര
മിന്നിത്തിളങ്ങുന്നതെന്തമ്മെ
നാട്ടുവഴിയിലെ പൂക്കളെയൊറ്‍ത്തിട്ടൊ..
നാടൊടിപ്പാട്ടിണ്റ്റെയീണമോര്‍ത്തോ?
തുമ്പക്കുരുന്നിണ്റ്റെ തുമ്പത്തെ തുമ്പികള്‍
ഓര്‍മ്മയില്‍ തുള്ളിക്കളിച്ചിട്ടോ?
തൊട്ടാല്‍ മയങ്ങുന്ന നാണംകുണുങ്ങിയാം
തൊട്ടവാടിയെ ഓര്‍ത്തിട്ടൊ?
പിച്ചകപൂമണം കട്ടൊരു കാറ്റന്നു
പിച്ചിയ കാര്യങ്ങളൊര്‍ത്തിട്ടൊ
പാതിരാപെണ്ണിനു പാവാട തയ്ക്കുന്ന
പാലിലം തിങ്കളെ ഓര്‍ത്തിട്ടൊ
പാതിവിരിഞ്ഞു ചിരിച്ചു കുഴയുന്ന
പൂമുല്ലക്കുഞ്ഞിനെയോര്‍ത്തിട്ടൊ?
മഞ്ഞപ്പുടവയണിഞ്ഞു മിനുങ്ങുന്ന
മന്ദാരപൂവിനെയോറ്‍ത്തിട്ടൊ?
തോട്ടുവരമ്പിലെ പാട്ടു വിതക്കുന്ന
തത്തമ്മപ്പെണ്ണിനെയോര്‍ത്തിട്ടൊ
ഉച്ചവെയിലിലും തുള്ള്ഇപ്പറക്കുന്നൊ -
രപ്പൂപ്പന്‍ താടിയെയോര്‍ത്തിട്ടൊ?
നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര