Thursday 19 July 2007

കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌ അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു


കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌
അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു
പച്ചിലത്തുമ്പൊന്നരിഞ്ഞെടുത്ത്‌
കൊച്ചമ്മിണി കറി മൂന്നു വച്ചു
വെള്ളത്തിലിത്തിരി പൂക്കളിട്ട്‌
മല്ലിക കിച്ചടി രണ്ടുവച്ചു
കപ്പത്തണ്ടൊന്നു മുറിച്ചെടുത്ത്‌
അപ്പൂട്ടനുപ്പേരി ചുട്ടെടുത്തു
ചീരയില നുള്ളി നുള്ളി വച്ച്‌
ബീരാനോ തോരനൊരുക്കി വച്ചു
നാലുകരിയില ചെന്നെടുത്ത്‌
ആലീസോ പപ്പടം കാച്ചി വച്ചു
പ്ളാവില കുത്തിയെടുത്തൊരുക്കി
പാര്‍വതി സദ്യവിളമ്പിവച്ചു
കാറ്റുവിശറിയും വീശിയെത്തി
കുട്ടികളങ്ങനെ ഉണ്ടിരുന്നു
കൊച്ചുമഴ ചന്നം പിന്നം വന്നു
കൊച്ചുങ്ങള്‍ കൈകള്‍ കഴുകി പിന്നെ..

(ചിത്രത്തിനു കടപ്പാട്‌ ചിതലിണ്റ്റെ പോസ്റ്റിനോട്‌ http://chithal.blogspot.com/2007/06/blog-post.html)

Monday 16 July 2007

പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു


പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു
പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു
പിച്ചുകൊടുത്തു ചിരിച്ചുനിന്നു
പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു
കുന്നോളം പൂമണം നീട്ടിനിന്നു
പാതിയെനിക്കവന്‍ തന്നുവല്ലോ അതില്‍
പാതി ഞാനമ്മയ്ക്കു നല്‍കിയല്ലോ
പഞ്ചാരപ്പുഞ്ചിരിവാങ്ങി ഞാനിത്തിരി
പഞ്ചമിപ്പെണ്ണിനും നല്‍കിയല്ലോ
ചിറ്റചോദിച്ചപ്പോളിത്തിരി നല്‍കി ഞാന്‍
ചുറ്റിവരിഞ്ഞുമ്മ വാങ്ങിയല്ലോ
അമ്മൂമ്മ ചോദിച്ച നേരത്തു കൈകളില്‍
ഇമ്മിണിയില്ലാതെ തീര്‍ന്നുവല്ലോ
കാറ്റേ നീയെന്നിനിയെത്തുമെന്നമ്മൂമ്മ
കാത്തിരിപ്പേറെക്കഴിച്ചുവല്ലോ...

Saturday 7 July 2007

വരിവരിയായി കുനുകുഞ്ഞുറുമ്പുകള് ‍വരുന്നതു കാണമ്മേ..


വരിവരിയായി കുനുകുഞ്ഞുറുമ്പുകള്
‍വരുന്നതു കാണമ്മേ..
ഇടമുറിയാതവരിയറയത്തുകൂടിങ്ങ-
ഴൊകുന്ന കാണമ്മേ
ഉറുമ്പിന്റെ അമ്പലനടയിലിന്നുത്സവ
ത്തിരുനാളാണോമ്മേ
സമരംചെയ്യുവാനവരൊരു ജാഥയായ്‌
പോവുകയാണോമ്മേ..
അവരുടെ പള്ളിക്കൂടത്തില്‍ രാവിലെ
മണിയടിച്ചോ അമ്മേ...
അവരുടെ സിനിമാശാലയില്‍ ടിക്കറ്റ്‌
കൊടുക്കാറായോമ്മേ
ആയിരമുറുമ്പുകള്‍ ഒരുവരിനിരയായ്‌
നീങ്ങുവതെന്തമ്മേ....