Saturday, 31 March 2007

കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍


കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍
ചേലൊത്തു പാടുന്ന പൂങ്കുയിലേ
ചാരത്തു ഞാനുമിരുന്നോട്ടെ നിന്‍ കുളിറ്‍
നാദത്തെയുള്ളില്‍നിറച്ചെടുക്കാന്‍
മാന്തളില്‍തിന്നിട്ടോ പൂന്തേന്‍ നുകര്‍ന്നിട്ടോ
മുന്തിരിച്ചാറു കുടിച്ചിട്ടാണൊ
അമ്പാടിക്കണ്ണന്നമ്പോറ്റിപ്പൂങ്കുഴല്‍
അന്‍പോടെ നിന്‍ കൈയില്‍ തന്നിട്ടാണോ
ആരുംകൊതിക്കുന്നൊരീണവുമായ്‌ നീയെ-
ന്നാരാമ റാണിയായ്‌ മാറിയല്ലോ
പാലുമായമ്മ വിളിച്ചാലുമമ്മൂമ്മ
പായസം നീട്ടിക്കൊതിപ്പിച്ചാലും
നീയൊന്നു പാടിയാല്‍ വേറേതോ ലോകത്തില്‍
നീന്തി ഞാനെല്ലാം മറക്കുമല്ലോ
പോവല്ലേ നീയെങ്ങും പൂങ്കുയിലേ നിന-
ക്കാവുന്നതെല്ലാം ഞാന്‍ വാങ്ങിയേകാം
എന്നുമെന്‍ മുറ്റത്തു വന്നു നീ പാടിയാല്‍
പൊന്നും പവിഴവും വാങ്ങിയേകാം

Thursday, 29 March 2007

മലയാളക്കരയെന്തുണ്ട്‌


മലയാളക്കരയെന്തുണ്ട്‌
മലയോരപ്പൂങ്കാറ്റുണ്ട്‌
മഞ്ഞുപൊതിഞ്ഞുകുണുങ്ങിയിരിക്കും
മന്ദാരപ്പൂങ്കാടുണ്ട്‌
കണ്ണുകവര്‍ന്നുകുലുങ്ങിയിരിക്കും
കന്നിനിലാവിന്‍ കുളിരുണ്ട്‌
കൈതവരമ്പില്‍ പൂവുണ്ട്‌
കൈതവമില്ലാപ്പുഴയുണ്ട്‌
പുഴയുടെ കൈയില്‍ പുതുമഴ നല്‍കിയ
പൊന്നോളപ്പൂഞ്ചെപ്പുണ്ട്‌
ചെപ്പിന്നുള്ളില്‍ മുത്തുണ്ട്‌ ആ
മുത്തിനൊത്തിരിയഴകുണ്ട്‌
കളിചിരിപറയാനോടിവരുന്നൊരു
കല്യാണിപ്പൂങ്കിളീയുണ്ട്‌
കിളിയുടെ ചുണ്ടില്‍ പാടം നല്‍കിയ
കിലുകിലെ മിന്നും നെല്ലുണ്ട്‌
നാലുമണിക്കു വിടര്‍ന്നു ചിരിക്കും
നാടന്‍ ചെടിയുടെ പൂവുണ്ട്‌
നാലുവെളുപ്പിനുണര്‍ന്നു വിളിക്കും
വാലന്‍ കോഴിച്ചേലുണ്ട്‌
അത്തപ്പൂക്കളമുറ്റത്തമ്പിളി
യെത്തിമിനുക്കും രാവുണ്ട്‌
ഒത്തിരിയൊത്തിരിമധുരം നിറയും
ചിത്തിരവാഴക്കൂമ്പുണ്ട്‌
പിച്ചിവിടര്‍ന്നുമണക്കും മുറ്റ-
ത്തച്ചിങ്ങായുടെ നിരയുണ്ട്‌
തെങ്ങോലപ്പൂന്തുമ്പത്താടും
കുഞ്ഞാറ്റപ്പൂങ്കൂടുണ്ട്‌
വെള്ളിപുതച്ചകരിമ്പിന്‍ പാടം
തുള്ളിയുതിര്‍ക്കും കുളിരുണ്ട്‌
വെള്ളിത്തണ്ടുമണക്കും തൊടിയില്‍
വെള്ളാരപ്പൊന്‍ കല്ലുണ്ട്‌

Friday, 23 March 2007

പട്ടുനൂല്‍ കൊട്ടാരത്തിലെ രാക്ഷസ രാജാവ്‌


പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രാജരാജന്‍
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചരിക്കാന്‍
കൊട്ടാരം കാണുവാനെത്തുന്ന കൂട്ടരെ
കെട്ടിവരിഞ്ഞുമുറുക്കിയിട്ടു
ഒട്ടുവിശക്കുമ്പോള്‍ കൂട്ടത്തിലൊന്നിനെ
വെട്ടിവിഴുങ്ങിയഹങ്കരിച്ചു
വട്ടുണ്ണി വണ്ടുമൊരിക്കല്‍ കടന്നല്ലൊ
വട്ടത്തിലുള്ളൊരാ കൊട്ടാരത്തില്‍
പെട്ടന്നുരാജാവു വന്നു കടും പാടു
പെട്ടവന്‍ രക്ഷപെട്ടോടിയോടി
കുന്നില്‍മുകളിലെ പക്ഷിരാജാവിനെ
ചെന്നുകണ്ടെല്ലാം പറഞ്ഞുവല്ലോ
എത്തിയുടന്‍പക്ഷിരാജനാ ദുഷ്ടനെ
കൊത്തിയെടുത്തുപറന്നകന്നു..

Wednesday, 21 March 2007

ആലീസും അമ്മച്ചിയും തമ്മില്‍ ഒരു കൊച്ചുവര്‍ത്തമാനം


"പള്ളീപ്പൊയിത്തുള്ളിവരുന്നൊരു
പുള്ളിയുടുപ്പിട്ടാലീസേ
പള്ളിക്കൂടമടച്ചില്ലേ പൂ-
പ്പള്ളിലെന്നാ പോവുന്നേ
വെള്ളക്കാരുടെനാട്ടില്‍ നിന്നും
വല്ല്യപ്പച്ചന്‍ വന്നീലേ
വെള്ളക്കാറില്‍ അപ്പയ്ക്കൊപ്പം
വേളാംകണ്ണീല്‍ പോണില്ലേ
കള്ളച്ചിരിയും കൈവളയും കൊ-
ണ്ടുള്ളന്നൂരില്‍ പോണില്ലേ
വള്ളത്തേലൊന്നാടിയിരിക്കാന്‍
വെള്ളങ്കടവില്‍ പോണില്ലേ
ഉള്ളുതുറന്നിട്ടെന്തായൊന്നും
കള്ളിപ്പെണ്ണേ മിണ്ടാത്തെ"

"വെള്ളിത്തോടത്തുമ്പുകുലുക്കി
വെള്ളം കോരുന്നമ്മച്ചീ
വെള്ളേപ്പത്തിനുകൂട്ടാനെന്താ
ഉള്ളിക്കറിയോ പപ്പാസോ?"

Saturday, 17 March 2007

ചായക്കടയിലെ അനിയത്തീ..


ചായക്കടയിലെ ചാരം പുരണ്ടേറെ
ചാരുത മങ്ങിയ പെണ്‍കുരുന്നേ
പത്തുവയസിലെ കൊച്ചു കുസൃതിയെ
പാത്രം കഴുകിക്കളയുവോളെ
പേരുചോദിക്കുമ്പോഴൊന്നും പറയാതെ
പേരക്കാപുഞ്ചിരി നല്‍കുന്നോളെ
വാടിയ നെറ്റിയില്‍ പാറുന്ന ചെമ്മുടി
മാടിയൊതുക്കി ഞാന്‍ തന്നിടട്ടെ
ഒട്ടുവിയര്‍പ്പുമണിപടരുമിളം
നെറ്റിയില്‍ ഞാനൊരു പൊട്ടിടട്ടെ
സ്വപ്നങ്ങളില്ലാത്ത കുഞ്ഞുമിഴികളില്‍
സ്വല്‍പ്പം മഷിയെടുത്തൊന്നിടട്ടെ
കൊച്ചുമുറിവുകള്‍ വീണനിന്‍ കൈകളില്‍
കുപ്പിവളകളണിയിക്കട്ടെ
പിന്നിയൊരീപഴഞ്ചേലഴിച്ചൊരു
കിന്നരിപ്പാവാട നല്‍കിടട്ടെ
അക്ഷരംവീഴാത്ത കുഞ്ഞുമനസില്‍ ഞാന്‍
അച്ഛനും അമ്മയും കോറിടട്ടെ
ഒന്നും പറയാതെ കൈയിലെ ചാരത്താല്‍
പിന്നെയുമെന്തോ വരയ്ക്കുന്നു നീ
പുസ്തകമേന്തി കളിച്ചു നീങ്ങുമൊരു
കുട്ടിയെ നോക്കിച്ചിരിക്കുന്നു നീ
കാത്തിരിക്കാമൊരുജന്‍മവും കൂടി നീ
കൊച്ചനുജത്തിയായെത്തുമെങ്കില്‍....
മുറ്റത്തെമുല്ലയും പിച്ചിയും മന്ദാര
മൊട്ടും നിനക്കായി കാത്തുവക്കാം

Friday, 16 March 2007

പൌലോസുചേട്ടണ്റ്റെ കൈയിലെ പാലൈസ്


(കുഞ്ഞുങ്ങളെ അടുത്തുപോവല്ലെ . അതു മിന്നാമിന്നിയല്ല)

പൌലോസു ചേട്ടണ്റ്റെ ചുണ്ടിലുണ്ടേ
പാലൈസു പോലുരു മിന്നാമിന്നി
ഒന്നു നുണയുമ്പോള്‍ മിന്നുമല്ലോ
പിന്നെയിടാക്കൊന്നു മങ്ങുമല്ലൊ
ചാരിയിരുന്നു പുകയെടുക്കും
ചാരമിടക്കൊന്നു ഞൊട്ടിയിടും
ചിന്തിച്ചിരുന്നു വളയമൊന്നു
ചുണ്ടുവളച്ചുപുറത്തുവിടും
മഞ്ഞയരഞ്ഞാണമെത്തുവോളം
ആഞ്ഞു വലിച്ചതില്‍ നോക്കുമല്ലോ
കുറ്റികെടുത്തിവലിച്ചെറിഞ്ഞു
കുത്തിയിരുന്നു ചുമയ്ക്കുമല്ലൊ
പൊന്നേയീ ശീലം കളയൂവെന്ന്
പൊന്നമ്മച്ചേച്ചി കയര്‍ക്കുമല്ലൊ
ഇന്നൂടെയുള്ളെടീയെന്നു ചൊല്ലി
ഒന്നൂടെയൊന്നു കൊളുത്തുമല്ലൊ
ചെല്ലക്കിടാങ്ങളെ മാറിനില്‍ക്കൂ
ഉള്ളില്‍ വിഷപ്പുകയേറ്റിടാതെ..

Tuesday, 13 March 2007

പേന തലതിരിച്ചാല്‍ തെളിയാത്തതെന്താ അച്ഛാ?


അച്ഛനൊരു പുത്തന്‍ പേന കൊടുത്തപ്പോള്‍
അക്കച്ചിപ്പെണ്ണുകുതിച്ചെടുത്തു
കുത്തിയും കോറിയുമോരൊന്നെഴുതിയ
കൊച്ചുമിടുക്കി ചിരിച്ചിരുന്നു
അപ്പു അനുജണ്റ്റെ മൊട്ടത്തലയും പി-
ന്നപ്പൂപ്പന്‍ തണ്റ്റെ നരച്ച താടീം
കപ്പക്കിഴങ്ങിണ്റ്റെ ചിത്രവും പൂക്കളു-
മൊപ്പം വരച്ചു ചിരിച്ചിരുന്നു
അമ്മയെന്നച്ഛനെന്നമ്മൂമ്മയെന്നും പി-
ന്നമ്മിക്കല്ലെന്നുമെഴുതിനിന്നു
പാടവും നെല്ലും വരമ്പും അരികിലെ
മാടക്കിളിയെയും കോറിനിന്നു
അച്ഛനോടായവള്‍ ചോദിച്ചു പിന്നൊരു
നിശ്ചലമാക്കുന്ന കുഞ്ഞുചോദ്യം
"ഏറെയുയറ്‍ത്തിപ്പിടിച്ച കടലാസില്‍
കോറിവരയ്ക്കുവാന്‍ നോക്കിയപ്പോള്‍
ഒന്നും തെളിയുന്നില്ലേന്തിതു കാരണം
ഒന്നു പറയാമോ ആരെങ്കിലും"

"കുഞ്ഞേനിന്‍ തൂലികത്തുമ്പില്‍ മഷിത്തുള്ളി
കൊണ്ടുവരുന്നതു ഭൂഗുരുത്വം
ചെറ്റുതലതിരിച്ചൊന്നു പിടിക്കുകില്‍
അറ്റത്തതെങ്ങനെയെത്തി നില്‍ക്കും

എന്നെയുംനിന്നെയും എല്ലാത്തിനേയുമീ
മണ്ണിലായ്‌ താങ്ങുന്ന ഭൂഗുരുത്വം
മണ്ണുമറന്നു മദിക്കല്ലെ ഓമലേ
മങ്ങുമീ പേനപോല്‍ നമ്മളെല്ലാം... "

Monday, 12 March 2007

അമ്മയടുക്കളക്കോണിലിരുന്നിത്ര കണ്ണുതുടക്കുന്നതതെന്തിനച്ഛാ


അമ്മയടുക്കളക്കോണിലിരുന്നിത്ര
കണ്ണുതുടക്കുന്നതതെന്തിനച്ഛാ
ഉള്ളിയരിഞ്ഞുതളര്‍ന്നതിനാലാണോ
ഉള്ളം ഉരുകി തിളച്ചാതാണൊ
മുറ്റമടിച്ചുകിതച്ചതിനാലാണോ
മുട്ടൊന്നു പൊള്ളിത്തുടുത്തിട്ടാണോ
കുന്നുപോല്‍പാത്രം കഴുകിത്തുടക്കുമ്പോള്‍
കുഞ്ഞുകൈ തെല്ലു മുറിഞ്ഞിട്ടാണോ
കണ്ണിമാങ്ങയുപ്പു തെല്ലുപുരട്ടുമ്പോള്‍
ഉണ്ണിബാല്യത്തെയിന്നോര്‍ത്തിട്ടാണോ
വെള്ളം നനച്ചു തറതുടയ്ക്കുന്നേരം
തെല്ലുകാല്‍തെറ്റിമറിഞ്ഞിട്ടാണൊ
ആകെമൂടുന്നൊരാ കുപ്പായച്ചൂടിലെ
ആറാത്തചൂടില്‍തളര്‍ന്നതാണോ
ചാരംകരിവീണ മേനിയില്‍ പണ്ടത്തെ
ചാരുത ഉള്ളിലൊന്നോര്‍ത്തതാണോ
ചോദിച്ചു ഞാന്‍ പലവട്ടവും, ഉത്തരം
സീതേ നീയിപ്പോഴറിയേണ്ടെന്ന്
കുഞ്ഞാണു നീ വളരുമ്പൊളറിഞ്ഞിടും
പെണ്ണായ നൊമ്പരമൊക്കെയെന്ന്
അച്ഛനുംകൂടൊന്നു ചെല്ലുമോ അമ്മതന്‍
കൊച്ചുപണികളെ പങ്കുവക്കാന്‍
മോറിയും നീറിയുമോടിയും കണ്ണുനീറ്‍
വാരിയും അമ്മ തളരുകല്ലേ?

Saturday, 10 March 2007

നീലാണ്ടേട്ടാ നീലാണ്ടേട്ടാ കാലത്തേതന്നെങ്ങോട്ടാ?


"നീലാണ്ടേട്ടാ നീലാണ്ടേട്ടാ
കാലത്തേതന്നെങ്ങോട്ടാ?
നാലാം മുണ്ടും തോളിലുമിട്ടീ-
കാലത്തേ തന്നെങ്ങോട്ടാ?
ചേലായ്‌ ചീകിയ മുടിയും കൈയില്‍
ശീലക്കുടയും കൈലേസും
നീലാണ്ടേട്ടാ നീലാണ്ടേട്ടാ
കാലത്തേതന്നെങ്ങോട്ടാ?"

"കോലപ്പായിന്നല്ലേ നമ്മുടെ
നീലിപ്പെണ്ണിനു കല്യാണം
നാലാളെത്തുന്നിടമല്ലേടേ
ചേലായ്‌ തന്നെ പോവണ്ടെ?
നീലിപ്പെണ്ണിന്‍ കല്യാണത്തിനു
നാലപ്പാട്ടെ ഊണല്ലെ
പാലക്കാടന്‍ പുത്തരികാണും
ആലത്തൂരന്നവിയേലും
ഓലന്‍ തോരന്‍ പുളിശ്ശേരി പി-
ന്നാലങ്കോടന്നച്ചാറും
പാലട നെയ്യും പപ്പടവും ഹാ
കോലപ്പാ ഇന്നുല്‍സവമാ "

"നീലാണ്ടേട്ടാ പോയാട്ടേയെന്‍
കോലന്‍ നാവു നനക്കാതെ... "

Friday, 9 March 2007

അയ്യൊ ഇതെന്തൊരു കലപ്പ (സിപ്‌)


മുണ്ടകന്‍ പാടമുഴുതുമറിക്കുവാന്‍
വണ്ടന്നൂറ്‍ നിന്നു കലപ്പയെത്തി
തണ്ടു വലിക്കുവാന്‍ കൂറ്റനാം കാളകള്‍
രണ്ടെണ്ണം മുന്നിലൊരുങ്ങിനിന്നു
കണ്ടമുഴുതപ്പോളയ്യയ്യോ കാണുന്നു
രണ്ടായ മണ്ണിതാ ഒന്നിക്കുന്നു
കണ്ടവര്‍ കണ്ടവര്‍ ചുണ്ടത്തു കൈവച്ചു
കണ്ടോയിതെന്തൊരു മായമയ്യൊ
രണ്ടായ്‌ പിളരേണ്ട മണ്ണു കലപ്പായാല്‍
വീണ്ടുമൊന്നാവുന്നു തമ്പുരാനെ

(രണ്ടു വിരലാല്‍ കുപ്പായത്തിലെ സിപ്‌ വലിച്ചിടുന്നത്‌)

Thursday, 8 March 2007

പാപ്പീ പാപ്പീ ചൊല്ലാമൊയീ പീപ്പിയിതെങ്ങനെയുണ്ടാക്കി


"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

Wednesday, 7 March 2007

കഷ്ടം കഷ്ടം പട്ടിക തലയില്‍ ഒട്ടും കയറുന്നില്ലല്ലൊ


"കഷ്ടം കഷ്ടം പട്ടിക തലയില്‍
ഒട്ടും കയറുന്നില്ലല്ലൊ
ആറെട്ടേഴേട്ടറുപത്തെട്ടെ-
ന്നറിയാതോതിപ്പോകുന്നേ
സാറേ സാറേ ഞങ്ങടെ കാര്യം
സീറോയായിപ്പോകുന്നേ
തൊട്ടുഗുണിക്കാന്‍ യന്ത്രമൊരെണ്ണം
തൊട്ടരികത്തായുള്ളപ്പോള്‍
എന്തിനു സാറെ വെറുതേയിങ്ങനെ
തൊന്തരവോരോന്നുണ്ടാക്കി
ഈരെട്ടുരുപത്തെട്ടെന്നേയീ
പൊട്ടന്‍ തലയില്‍ വരുവുള്ളൂ
പട്ടികപടിയെട ലുട്ടാപ്പീ നീ
ചുട്ടടി നല്‍കും കുട്ടന്‍ സാറ്‍"

"ആരാടാ ആ പുറകില്ലെ ബഞ്ചില്‍
ആരവമുണ്ടാക്കീടുന്നു
പട്ടിക ചൊല്ലാന്‍ പറ്റുന്നില്ലേല്‍
വീട്ടില്‍ പോകട കുട്ടപ്പാ"

"കുട്ടന്‍ സാറെ ഞാനല്ലിവനാ
മൊട്ടത്തലയന്‍ കുട്ടായീ
പട്ടികയൊന്നു പറഞ്ഞുകൊടുത്താല്‍
പൊട്ടാസൊന്നു തരാമെന്ന്"

Tuesday, 6 March 2007

കത്തിക്കെടുന്നൊരീ മിന്നാമിന്നി


ആരുകൊളുത്തിവിടുന്നതാണീരാവില്‍
ആരും കൊതിക്കുമീ മിന്നാമിന്നി
തുള്ളിവെളിച്ചത്തിന്‍ മാലയണിഞ്ഞല്ലൊ
മുല്ലയും പിച്ചിയും ചെമ്പകവും
ഒന്നു തൊടാന്‍ ഞാനടുത്തുചെല്ലുമ്പഴൊ
മിന്നിമറഞ്ഞതു പോകുന്നല്ലൊ
വിണ്ണിലെ നക്ഷത്രമെല്ലാമൊരുദിനം
മണ്ണിലേക്കെത്തിയാതാണോ അച്ഛാ
പാവം കുരുവിക്കു കൂട്ടില്‍ തെളിക്കുവാന്‍
ദൈവം കൊടുക്കുന്നതാണൊ അമ്മെ
ഒന്നുപിടിച്ചു തരുമോ എനിക്കൊരു
കുഞ്ഞിക്കളിവീടൊരുക്കു വക്കാന്‍
ക്രിസ്തുമസ്സെത്തുമ്പോള്‍ വര്‍ണ്ണമരമൊന്നില്‍
കെട്ടിക്കൊളുത്തിയലങ്കരിക്കാന്‍
മിട്ടായി നൂറെണ്ണം തന്നാലും ഞാന്‍ നാളെ
കുട്ടായിക്കൊന്നും കൊടുക്കില്ലിതില്‍
അത്രമേലിഷ്ടമാണമ്മെ ഇടയ്ക്കിടെ
കത്തിക്കെടുന്നൊരീ മിന്നാമിന്നി

Monday, 5 March 2007

പാവം പാവം പാവം ഞാനൊരു പാവക്കായാണേ


പാവം പാവം പാവം ഞാനൊരു
പാവക്കായാണേ
ഒത്തിരിയൊത്തിരു മുള്ളുണ്ടേലും
ഒട്ടും കുത്തില്ലേ
ഉള്ളില്‍നിറയെ കയ്പ്പാണേലും
തുള്ളീം വിഷമില്ലേ
പണ്ടൊരുചേട്ടന്‍ പൂങ്കുരുകുത്തി
പന്തലതിട്ടപ്പോള്‍
വെള്ളോം വളവും ചുറ്റിക്കയറാന്‍
വള്ളീം തന്നപ്പോള്‍
പച്ചപ്പിട്ടു വളര്‍ന്നൂ എന്നെ
പെറ്റിട്ടെന്നമ്മ
കടലാസുംകൊണ്ടാരോ കുമ്പിള്‍
കുപ്പായം തന്നു
ചന്തത്തില്‍ പൂന്തൊട്ടിലിലിട്ടൊരു
ചന്തയിലെത്തിച്ചേ
ചന്തുമ്മാവന്‍ ചില്ലറ നല്‍കി
സഞ്ചിയിലാക്കീലോ
എണ്ണയിലിട്ടു വറുത്തു തണുപ്പി-
ച്ചെന്നെ തിന്നോളൂ
കിച്ചടിയാക്കിച്ചൂടാറാതെന്‍
കൊച്ചേ തിന്നോളൂ
നന്നായ്‌ വളരാനെല്ലാമറിയാ-
നെന്നെത്തിന്നോളൂ

Saturday, 3 March 2007

എന്തും കാണാമെന്തും ചെയ്യാം എന്തൊരുപെട്ടിയിതെണ്റ്റമ്മോ


അമ്മുക്കുട്ടിക്കമ്മാവന്നൊരു
കുഞ്ഞിപ്പെട്ടികൊടുത്തല്ലൊ
എന്തും കാണാമെന്തും ചെയ്യാം
എന്തൊരുപെട്ടിയിതെണ്റ്റമ്മോ
ഏഴാം കടലിന്നക്കരെയുള്ളോ-
രേട്ടായിക്കൊരു കത്തെഴുതാം
ഏഴുവെളുപ്പിനു മുമ്പേ തന്നെ
എല്ലാ പത്രോം വായിക്കാം
കല്ലുപുരക്കല്‍ കുഞ്ഞിപ്പെണ്ണില്‍
കല്യാണക്കഥ കണ്ടീടാം
കാതുകുളിര്‍ക്കെ പാട്ടുകള്‍ കേള്‍ക്കാം
കമ്മല്‍ വളകള്‍ വാങ്ങിക്കാം
എന്തും കാണാമെന്തും ചെയ്യാം
എന്തൊരുപെട്ടിയിതെണ്റ്റമ്മോ
നാരങ്ങാട്ടെ നാണുമ്മാനെ
നേരില്‍ കണ്ടൊരു ചിരിതൂകാം
പച്ച നിറത്തില്‍ മഞ്ഞകലറ്‍ത്തി
പുത്തന്‍ പടമൊന്നുണ്ടാക്കാം
പുത്തന്‍ ലിപിയില്‍ പഴയതരത്തില്‍
പുസ്തകമൊത്തിരിയുണ്ടാക്കാം
ആകാശത്തു കറങ്ങും ചേച്ചി-
ക്കരികില്‍ ചെന്നൊരു പൂ നല്‍കാം
ഈലോകത്തെയുരുട്ടിയെടുത്തി-
ട്ടിങ്ങനെവച്ചിതിലാരമ്മോ
എന്തും കാണാമെന്തും ചെയ്യാം
എന്തൊരുപെട്ടിയിതെണ്റ്റമ്മോ

Thursday, 1 March 2007

പത്രോസേട്ടനും മത്തായിച്ചനും


പത്രോസേട്ടന്‍ പത്രോസേട്ടന്‍
പത്രക്കാരന്‍ ചേട്ടന്‍
പത്രക്കെട്ടും വച്ചു ചവിട്ടും
പത്തുവെളുപ്പാന്‍ കാലം
മത്തീമയലേം വിറ്റു നടക്കും
മത്തായിച്ചന്‍ കണ്ടു

"പത്രോസേയെന്‍ പത്രോസേ പുതു
വാര്‍ത്തകളെന്താ ചൊല്ലൂ"

"മുത്തങ്ങായില്‍ മുന്തിരിപോലൊരു
മത്തങ്ങാക്കുല കണ്ടു
പത്തിരിവില്‍ക്കും പരമുച്ചേട്ടനു
പത്തരലക്ഷം കിട്ടി
ചാത്തന്നൂരൊരു പോത്തന്‍ കടുവ
പത്തായത്തില്‍ ചത്തു

പുത്തന്‍ വാര്‍ത്തകളിനിയും വേണേല്‍
പത്രം വാങ്ങിനിവര്‍ത്ത്‌"

പൂത്തിരിപോലൊരു പുഞ്ചിരി നല്‍കി
പത്രോസേട്ടന്‍ പോയി
"മത്തിക്കിന്നു വിലക്കുറവാണേ"
മത്തായിച്ചന്‍ കൂവി