Friday, 2 February 2007

ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ അമ്പിളിക്കുട്ടാ നീ എന്തുകണ്ടു


"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നപ്പൊ
അമ്പിളിക്കുട്ടാ നീ എന്തുകണ്ടു?"

"അമ്പാരി കണ്ടു ഞാനാനയെ കണ്ടു ഞാന്‍
അമ്പലമുറ്റത്തെയാളെ കണ്ടു
പീപ്പിവാങ്ങിക്കുന്ന മീനൂനെ കണ്ടു ഞാന്‍
ആപ്പിള്‍പോലുള്ള ബലൂണുകണ്ടു.
തൊട്ടാല്‍ നിരങ്ങുന്ന കാറു പിടിക്കുന്ന
മൊട്ടത്തലയന്‍ അപ്പൂനെകണ്ടു
വെള്ളം തെറിക്കുന്ന തോക്കു കണ്ടു വിള-
ക്കുള്ളില്‍ കൊളുത്തുന്ന ബോട്ടുകണ്ടു
കുപ്പിവളയിട്ടു കൊഞ്ചിച്ചിരിക്കുന്ന
കൊച്ചുമിടുക്കി ദേവൂനെക്കണ്ടു"

"ആമ്പല്ലൂരമ്പലമുറ്റത്തു നിന്നെണ്റ്റെ
അമ്പിളിക്കുട്ടാ നീ എന്തുവാങ്ങി?
തൊട്ടാല്‍ നിരങ്ങുന്ന കാറോ തിളങ്ങുന്ന
പൊട്ടാസുവേണ്ടാ കറുത്ത തോക്കൊ?"

"തൂവാലക്കെട്ടഴിച്ചമ്മ ചുടുകണ്ണീര്‍
തൂവിയെടുത്ത മുഷിഞ്ഞ കാശ്‌
ആരുമെടുക്കാതൊടുവിലെനിക്കമ്മ
ആരോമലുമ്മകള്‍ നൂറു തന്നു

അഛന്‍ വരട്ടെ ജയിലില്‍ നിന്നൊത്തിരി
കൊച്ചു കളിപ്പാട്ടം കിട്ടുമല്ലൊ..... "

Thursday, 1 February 2007

അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും വിങ്ങിക്കരയുന്നതെന്തമ്മേ


അങ്ങേലെയമ്മിണിയെന്തു പറഞ്ഞാലും
വിങ്ങിക്കരയുന്നതെന്തമ്മേ
കിങ്ങിണിയിട്ടാലും കൊങ്ങിണിയിട്ടാലും
ഒന്നു ചിരിക്കാത്തതെന്തമ്മേ
കുന്നിക്കുരുമണി നൂറുകൊടുത്താലും
ഒന്നും പറയാത്തതെന്തമ്മേ
കുഞ്ഞിക്കവിളില്‍ ഞാനുമ്മകൊടുത്താലും
ഒന്നു കുണുങ്ങാത്തതെന്തമ്മേ
പ്ളാവിലത്തൊപ്പി ഞാന്‍ വച്ചു കൊടുത്താലും
ഒന്നു മിനുങ്ങാത്തതെന്തമ്മേ
പാലക്കാമൊതിരമിട്ടു കൊടുത്താലും
ഒന്നു തിളങ്ങാത്തതെന്തമ്മേ
പൂരംനാള്‍ വാങ്ങിയ മാലകൊടുത്താലും
പുഞ്ചിരി തൂവാത്തതെന്തമ്മേ
പൂക്കളിറുത്തു ഞാന്‍ കൈയില്‍കൊടുത്താലും
കണ്ണു ന്‍ഇറയുന്നതെന്തമ്മേ

അങ്ങേലെയമ്മിണിക്കുമ്മ കൊടുക്കുവാന്‍
അമ്മയും അച്ഛനുമില്ല മോളെ
അമ്മയുമച്ഛനുമില്ലെങ്കിലെങ്ങനെ
അമ്മിണി കൊഞ്ചി ചിരിക്കും മോളെ