Monday, 7 May 2007

മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു മുല്ലപ്പൂമണമേറ്റിട്ടു


മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു
മുല്ലപ്പൂമണമേറ്റിട്ടു
മൂളിപ്പാട്ടും പാടിത്തെക്കേ
മൂലയ്ക്കോടും നേരത്ത്‌
മുറ്റത്തങ്ങേക്കോണില്‍ ദേഹം
മൊത്തോം മുത്തുമണിഞ്ഞിട്ടു
മഞ്ഞിന്‍ തുള്ളിക്കുളിരിന്നുള്ളില്‍
മുങ്ങിയിരുന്നു ചിരിച്ചിട്ട്‌
മാടിവിളിച്ചു കൊതിപ്പിച്ചല്ലൊ
മോടിയിലിന്നൊരു ചാമ്പത്തൈ

"മോളിക്കുട്ടീ പുളിയും മധുരോം
മേളിക്കുന്നൊരു ചാമ്പക്ക
മേളില്‍ വരയൂം കൈയെത്തുന്നേല്‍
മേടിച്ചോ നീ ചാമ്പയ്ക്ക
മറ്റൊരു നാട്ടില്‍ കിട്ടത്തില്ല
മറ്റെങ്ങും ഞാന്‍ വളരൂലാ..
മോളിക്കുട്ടീ മധുരം വേണേല്‍
മേളില്‍ക്കേറിക്കൂടിക്കോ"

മോഹംകൂടി ചാടിത്തുള്ളി
മോളിക്കുട്ടി തളര്‍ന്നപ്പോള്‍
മിന്നിയണഞ്ഞൊരു തെക്കന്‍ കാറ്റ്‌
മെല്ലെയടര്‍ത്തീ ചാമ്പയ്ക്ക
മഞ്ഞപ്പാവടപ്പൂങ്കുമ്പിള്‍
മുഴുവന്‍ നല്‍കീ ചാമ്പയ്ക്ക

മോളിക്കുട്ടി മദിച്ചു കുതിച്ചു
മൂളിമറഞ്ഞൂ പൂങ്കാറ്റും..

Friday, 4 May 2007

കന്നിനിലാവിന്നു കിന്നരി വച്ചൊരു കുന്നുമിറങ്ങി വരുന്ന കണ്ടോ


കന്നിനിലാവിന്നു കിന്നരി വച്ചൊരു
കുന്നുമിറങ്ങി വരുന്ന കണ്ടോ
കുഞ്ഞരിപ്പൂവിണ്റ്റെയല്ലിക്കവിളത്തൊ-
രുമ്മകൊടുത്തു ചിരിച്ച കണ്ടോ
മുറ്റത്തു വെള്ളിപ്പരമ്പുവിരിച്ചൊരു
നൃത്തം ചവിട്ടിരസിച്ച കണ്ടോ
തുള്ളിച്ചിരിക്കുന്ന മുല്ലപ്പൂപെണ്ണിനെ
നുള്ളിച്ചെവിക്കു പിടിച്ചകണ്ടോ
മിന്നാമിനുങ്ങിണ്റ്റെ മുന്നിലായ്‌ നിന്നൊരു
കണ്ണുമടച്ചുകളിച്ച കണ്ടോ
താഴെക്കിണറ്റിലിറങ്ങിയാ വെള്ളത്തിന്‍
ആഴമളന്നുതിരിച്ച കണ്ടോ
പച്ചയുടുപ്പിട്ട കൊച്ചുതുളസിക്കു
പുത്തന്‍ വളകള്‍ കൊടുത്തകണ്ടോ
മെല്ലെയുറങ്ങും പശുക്കിടാവിന്‍ മിഴി
തെല്ലുതടവിക്കൊടുത്തകണ്ടോ
അങ്ങേപ്പറമ്പിലെ ചെമ്പകപ്പൂമണം
കിങ്ങിണിക്കൈയില്‍ പകര്‍ന്ന കണ്ടോ
ഇങ്ങേപ്പറമ്പിലെ തൈവാഴച്ചെക്കനെ
ഇങ്ങനെ വാരിപ്പുണര്‍ന്ന കണ്ടോ
ഉമ്മറത്തങ്ങനിരിക്കുമെന്‍ കൈയിലും
ഇമ്മിണിവെട്ടം പകര്‍ന്ന കണ്ടോ

പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍..