
അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍
അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പിളിപ്പൊന്‍ മുഖം തെല്ലുമിനുക്കുന്നു
അമ്പോ ചുവന്നൊരു പൊട്ടിടുന്നു
രണ്ടായ് പിരിച്ചു മുടിയൊന്നൊരുക്കുന്നു
വണ്ടിണക്കണ്ണില്‍ മഷിയിടുന്നു
കൊച്ചുകവിളില്‍ കറുത്ത കുത്തേകുന്നു
കുപ്പിവളകള്‍ നിറച്ചിടുന്നു
ചെറ്റു തലചരിച്ചൊന്നു നോക്കീടുന്നു
നെറ്റിയില്‍ തെല്ലു മുടിയിടുന്നു
നീലപ്പാവാട ഞൊറിയൊരുക്കീടുന്നു
ചേലൊത്ത മാലയണിഞ്ഞീടുന്നു
തൂവാലയൊന്നു തിരഞ്ഞെടുത്തീടുന്നു
തൂമ തികഞ്ഞോന്നു ചോദിക്കുന്നു
ഒക്കെയും കണ്ടു ചിരിച്ചു നിന്നമ്മ പി-
ന്നൊക്കത്തു വച്ചു പുണര്‍ന്നിടുന്നു
"അമ്മു അടുത്തു നീയിങ്ങനെ നില്‍ക്കുമ്പോള്‍
അമ്പലോം അമ്പോറ്റീം വേറെന്തിനു.... "
