Monday, 10 December 2007

വട്ടക്കയറില്‍ കുട്ടപ്പന്‍ ചേട്ടന്‍


വട്ടക്കയറിന്നുള്ളില്‍ പെട്ടു
കുട്ടപ്പന്‍ചേട്ടന്‍
മൊട്ടത്തലയൊന്നൂരാനാവാ-
തൊട്ടു കുഴങ്ങിപ്പോയ്‌
കിട്ടന്‍ വന്നു കിഴുക്കു കൊടുത്തൂ
പെട്ടെന്നൂരിപ്പോയ്‌


(ബട്ടണ്‍ ഹോളില്‍ ബട്ടണ്‍.. അമര്‍ത്തുമ്പോള്‍ വെളിയില്‍)

Wednesday, 28 November 2007

ഇന്‍സ്‌റ്റ്രമെന്‍റു ബോക്സ്‌


മുള്ളും വടിയും വട്ടക്കോലും
കൊള്ളും കുഞ്ഞിപ്പെട്ടിയിത്‌
പള്ളിക്കൂടത്തില്‍ പോകുമ്പോള്‍
അല്ലിക്കുട്ടിയെടുക്കുമിത്‌
നെല്ലിയ്ക്കായും ചാമ്പയ്ക്കായും
നുള്ളിയെടുത്തു നിറയ്ക്കുമിത്‌
തുള്ളിച്ചാടിപ്പോരും നേരം
തെല്ലുതുറന്നു തുളുമ്പുമത്‌
കള്ളച്ചിരിയൊടു ചുറ്റും നോക്കി
മെല്ലെയെടുത്തു തുടയ്ക്കുമത്‌

ചൊല്ലുക ചൊല്ലുക ചെല്ലക്കുട്ടാ
അല്ലിതുറക്കും പെട്ടിയിത്‌