Friday, 4 April 2008

രാധയും അച്ഛനും ഓഡിയോ

“രാധയും അച്ഛനും ആകാശവും“ എന്ന കവിത ശ്രീ മനോജ് ചൊല്ലിയത് ഇവിടെ.
http://www.kapeesh.com/music/blog/GManu-Radha-aakaasam.mp3



രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛന്‍‌റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..

Monday, 31 March 2008

പാപ്പിയും പീപ്പിയും പിന്നെ ബലൂണും

രണ്ടു കുട്ടിക്കവിതകള്‍ എം.പി.ത്രീയില്‍


പാപ്പിയും പീപ്പിയും





"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

------------------

ബലൂണ്‍




പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍

******************
“മകളേ വളരാതിരിക്കുക“ എന്ന കവിത വനിതാലോകത്ത്
http://vanithalokam.blogspot.com/2008/03/7.html