Tuesday, 13 March 2007

പേന തലതിരിച്ചാല്‍ തെളിയാത്തതെന്താ അച്ഛാ?


അച്ഛനൊരു പുത്തന്‍ പേന കൊടുത്തപ്പോള്‍
അക്കച്ചിപ്പെണ്ണുകുതിച്ചെടുത്തു
കുത്തിയും കോറിയുമോരൊന്നെഴുതിയ
കൊച്ചുമിടുക്കി ചിരിച്ചിരുന്നു
അപ്പു അനുജണ്റ്റെ മൊട്ടത്തലയും പി-
ന്നപ്പൂപ്പന്‍ തണ്റ്റെ നരച്ച താടീം
കപ്പക്കിഴങ്ങിണ്റ്റെ ചിത്രവും പൂക്കളു-
മൊപ്പം വരച്ചു ചിരിച്ചിരുന്നു
അമ്മയെന്നച്ഛനെന്നമ്മൂമ്മയെന്നും പി-
ന്നമ്മിക്കല്ലെന്നുമെഴുതിനിന്നു
പാടവും നെല്ലും വരമ്പും അരികിലെ
മാടക്കിളിയെയും കോറിനിന്നു
അച്ഛനോടായവള്‍ ചോദിച്ചു പിന്നൊരു
നിശ്ചലമാക്കുന്ന കുഞ്ഞുചോദ്യം
"ഏറെയുയറ്‍ത്തിപ്പിടിച്ച കടലാസില്‍
കോറിവരയ്ക്കുവാന്‍ നോക്കിയപ്പോള്‍
ഒന്നും തെളിയുന്നില്ലേന്തിതു കാരണം
ഒന്നു പറയാമോ ആരെങ്കിലും"

"കുഞ്ഞേനിന്‍ തൂലികത്തുമ്പില്‍ മഷിത്തുള്ളി
കൊണ്ടുവരുന്നതു ഭൂഗുരുത്വം
ചെറ്റുതലതിരിച്ചൊന്നു പിടിക്കുകില്‍
അറ്റത്തതെങ്ങനെയെത്തി നില്‍ക്കും

എന്നെയുംനിന്നെയും എല്ലാത്തിനേയുമീ
മണ്ണിലായ്‌ താങ്ങുന്ന ഭൂഗുരുത്വം
മണ്ണുമറന്നു മദിക്കല്ലെ ഓമലേ
മങ്ങുമീ പേനപോല്‍ നമ്മളെല്ലാം... "

4 comments:

G.MANU said...

അച്ഛനൊരു പുത്തന്‍ പേന കൊടുത്തപ്പോള്‍
അക്കച്ചിപ്പെണ്ണുകുതിച്ചെടുത്തു
കുത്തിയും കോറിയുമോരൊന്നെഴുതിയ
കൊച്ചുമിടുക്കി ചിരിച്ചിരുന്നു

കുട്ടികള്‍ക്കായി അല്‍പം കുസൃതി, അല്‍പം വേദാന്തം, അല്‍പം സയന്‍സ്‌

മുല്ലപ്പൂ said...

മനൂ ഈ കുട്ടിക്കവിത കൊള്ളാം. കുട്ടികള്‍ക്കു പറ്റിയ ഈണം

അഡ്വ.സക്കീന said...

പത്രാസേട്ടന്‍ ഇങ്ങനെയും?

സുന്ദരന്‍ said...

മണ്ണുമറന്നു മദിക്കല്ലെ ഓമലേ
മങ്ങുമീ പേനപോല്‍ നമ്മളെല്ലാം

വളരെ ശരി