Friday, 23 March 2007

പട്ടുനൂല്‍ കൊട്ടാരത്തിലെ രാക്ഷസ രാജാവ്‌


പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രാജരാജന്‍
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചരിക്കാന്‍
കൊട്ടാരം കാണുവാനെത്തുന്ന കൂട്ടരെ
കെട്ടിവരിഞ്ഞുമുറുക്കിയിട്ടു
ഒട്ടുവിശക്കുമ്പോള്‍ കൂട്ടത്തിലൊന്നിനെ
വെട്ടിവിഴുങ്ങിയഹങ്കരിച്ചു
വട്ടുണ്ണി വണ്ടുമൊരിക്കല്‍ കടന്നല്ലൊ
വട്ടത്തിലുള്ളൊരാ കൊട്ടാരത്തില്‍
പെട്ടന്നുരാജാവു വന്നു കടും പാടു
പെട്ടവന്‍ രക്ഷപെട്ടോടിയോടി
കുന്നില്‍മുകളിലെ പക്ഷിരാജാവിനെ
ചെന്നുകണ്ടെല്ലാം പറഞ്ഞുവല്ലോ
എത്തിയുടന്‍പക്ഷിരാജനാ ദുഷ്ടനെ
കൊത്തിയെടുത്തുപറന്നകന്നു..

3 comments:

G.MANU said...

പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രജരാജാന്‍
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചയിക്കാന്‍

കുട്ടികള്‍ക്കിതൊരു ചിലന്തിക്കഥ..വലിയവര്‍ക്ക്‌ ഇത്‌ നഥാരിയിലെ കൂട്ടക്കൊലപാതകക്കഥ. പക്ഷേ വലിയയവരുടെ കഥയില്‍ പക്ഷിരാജനും രാക്ഷസരാജാവും ഒന്നിക്കുമോ...കാടല്ലേ.. ഒന്നും പറയാന്‍ പറ്റില്ലല്ലോ

അനിയന്‍കുട്ടി | aniyankutti said...

നന്നായിരിക്കുന്നു... വലിയവര്‍ക്കും ചെറിയവര്‍ക്കും ഒരു പോലെ ഒരു സന്ദേശം... ഹ്രിദയം നിറഞ്‌ഞ ആശംസകള്‍...

Anonymous said...

രാക്ഷസരാജാവേക്കാണ്ടായിരുന്നു.. വയറ്റി പിഴപ്പിനു വേണ്ടി ഒരു സ്വയം തൊഴില്‍ പദ്ധതി എന്നു കൂട്ടിയാല്‍ മതിയായിരുന്നു...അതും എത്ര മാന്യമായാ ഇരയെ വകവരുത്തുന്നതും കരുതിവെപ്പും..ക്രൂരമായി കൊത്തിക്കീറുന്നില്ലാല്ലോ...എനിക്കീ രാക്ഷസനെയാണിഷ്ടം.