Saturday 31 March 2007

കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍


കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍
ചേലൊത്തു പാടുന്ന പൂങ്കുയിലേ
ചാരത്തു ഞാനുമിരുന്നോട്ടെ നിന്‍ കുളിറ്‍
നാദത്തെയുള്ളില്‍നിറച്ചെടുക്കാന്‍
മാന്തളില്‍തിന്നിട്ടോ പൂന്തേന്‍ നുകര്‍ന്നിട്ടോ
മുന്തിരിച്ചാറു കുടിച്ചിട്ടാണൊ
അമ്പാടിക്കണ്ണന്നമ്പോറ്റിപ്പൂങ്കുഴല്‍
അന്‍പോടെ നിന്‍ കൈയില്‍ തന്നിട്ടാണോ
ആരുംകൊതിക്കുന്നൊരീണവുമായ്‌ നീയെ-
ന്നാരാമ റാണിയായ്‌ മാറിയല്ലോ
പാലുമായമ്മ വിളിച്ചാലുമമ്മൂമ്മ
പായസം നീട്ടിക്കൊതിപ്പിച്ചാലും
നീയൊന്നു പാടിയാല്‍ വേറേതോ ലോകത്തില്‍
നീന്തി ഞാനെല്ലാം മറക്കുമല്ലോ
പോവല്ലേ നീയെങ്ങും പൂങ്കുയിലേ നിന-
ക്കാവുന്നതെല്ലാം ഞാന്‍ വാങ്ങിയേകാം
എന്നുമെന്‍ മുറ്റത്തു വന്നു നീ പാടിയാല്‍
പൊന്നും പവിഴവും വാങ്ങിയേകാം

6 comments:

G.MANU said...

കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍
ചേലൊത്തു പാടുന്ന പൂങ്കുയിലേ
ചാരത്തു ഞാനുമിരുന്നോട്ടെ നിന്‍ കുളിറ്‍
നാദത്തെയുള്ളില്‍നിറച്ചെടുക്കാന്‍
മാന്തളില്‍തിന്നിട്ടോ പൂന്തേന്‍ നുകര്‍ന്നിട്ടോ
മുന്തിരിച്ചാറു കുടിച്ചിട്ടാണൊ
അമ്പാടിക്കണ്ണന്നമ്പോറ്റിപ്പൂങ്കുഴല്‍
അന്‍പോടെ നിന്‍ കൈയില്‍ തന്നിട്ടാണോ

Sona said...

നല്ല കവിത. ഈണത്തില്‍ ചൊല്ലാന്‍ ആരും കൊതിച്ചു പോവുംട്ടൊ.

സുന്ദരന്‍ said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞാനങ്ങോട്ടെയ്ക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം...

മനുവിന്റെ കുഞ്ഞുപാട്ടിനു
ചേരുന്ന ഒരു മറുപാട്ടുപാടാന്‍ ഇതല്ലാതെ എന്റെ കയ്യില്‍ വേറൊന്നുമില്ല...

വേണു venu said...

;)

അപ്പു ആദ്യാക്ഷരി said...

മനു, നല്ല കവിത. കുട്ടീകളെ പാടിക്കേള്‍പ്പിച്ചു. മൂന്നുവയസ്സുകാരന്‍ മനു (എന്റെ കുട്ടി) അതേറ്റുപാടുന്നതുകേള്‍ക്കാന്‍ നല്ല രസമായിരുന്നു.
“മുതിരിച്ചാറു കുടിച്ചിട്ടാണോ” എന്നതൊന്നു മാറ്റിയെഴുതിക്കൂടേ..? നമ്മുടെ നാട്ടില്‍ കുയിലിന് കുടിക്കാന്‍ മുന്തിരിച്ചാര് കിട്ടാറില്ലല്ലോ?

purushotham said...

dear manu very goog welldone