Wednesday, 28 February 2007

ആലീസിനൊരു കടലാസു വിമാനം വേണം


വെള്ളക്കടലാസു നുള്ളിയെടുത്തൊരു
വള്ളമുണ്ടാക്കി വിരുതനുണ്ണി
വെള്ളത്തിലിട്ടതു നീങ്ങുന്ന കണ്ടപ്പൊ
തുള്ളിച്ചിരിച്ചു മിടുക്കന്‍ അമ്പി
കല്ലിട്ടൊരോളത്താല്‍ പിന്നെയും നീങ്ങുന്ന
കണ്ടു കുതിച്ചു മദിച്ചുണ്ണൂണ്ണി
കൂനനുറുമ്പിനെ കാശുവാങ്ങാതുള്ളില്‍
കേറ്റിയിരുത്തിമിടുക്കിയല്ലി
പച്ചപ്പുല്ലൊന്നു പറിച്ചെടുത്തറ്റത്തു
കുത്തിവച്ചൊന്നു ചിരിച്ചമ്മിണി
തുമ്പപ്പൂകൈയാലിറുത്തെടുത്തക്കരെ
തുമ്പിക്കു നല്‍കാന്‍ പറഞ്ഞമ്പിളി
അങ്ങു ദൂരെ കടലമ്മയ്ക്കു നല്‍കുവാന്‍
ഉമ്മനിറയെ കൊടുത്തു നീലി
വര്‍ണ്ണക്കടലാസു നീട്ടി കുഞ്ഞാലീസൊ-
ന്നുണ്ണിയെ മാടി വിളിച്ചു നിന്നു
"ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "

13 comments:

G.manu said...

ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍....

puthia kunjikkavitha

ജ്യോതിര്‍മയി said...

മനുജി :-)
വളരെ ഇഷ്ടമായി. കൂടുതല്‍ കുട്ടികളിലേയ്ക്കെത്തിയ്ക്കാന്‍ എന്തെങ്കിലും ചെയ്യണമല്ലോ.
വലിയവര്‍ക്കും ഇഷ്ടമാവും.

മഴവെള്ളത്തിലെ കടലാസുകപ്പലിനെ ഭാവനകൊണ്ടെടുത്തുയര്‍ത്തി...വെണ്മേഘങ്ങളോടൊപ്പം പറക്കാറാക്കുന്ന വരികള്‍! നന്ദിയുണ്ടേ.

ജ്യോതിര്‍മയി said...

മനുജി,
“....വിണ്ണിന്നുമപ്പുറം പോണൊരെണ്ണം...”
എന്നാവും അല്ലേ?
നന്ദി

ശിശു said...

ഇത്രയും നല്ലൊരു കുഞ്ഞിക്കവിതയി-
തിത്രയും നാളു ഞാന്‍ കണ്ടതില്ല,
എന്നുംവരും ഞാനിവിടേക്കതില്‍ നിന്നു-
മെന്നെ തടയാന്‍ മെനക്കെടല്ലെ..!

Ramesh said...

ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "


:)

അപ്പു said...

വളരെ നന്നായി.....
നാലാമത്തെ വരിയിലെ “സണ്ണി” പായസത്തില്‍ കല്ലു കടിച്ചപോലെ. ഒന്നു മലയാളീകരിച്ചുകൂടേ?

deepa said...

നന്നായി.......നന്നായിരിക്കുന്നു..........ഇനിയും എഴുതൂ...... ഒരുപാട്........ഒരുപാട്

പി. ശിവപ്രസാദ് said...

അവസാനവരികള്‍ വായിച്ചപ്പോള്‍ ഒരു ബാല്യകാലസഖിയെ ഓര്‍ത്തു. അവളുടേ അമ്മയെ ഓര്‍ത്തു. കണുനിറയാന്‍ വേറെന്തു വേണം. മനൂ... കുഞ്ഞിക്കവിതകളൊക്കെ മനോഹരമായിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ഇതൊക്കെ വായിച്ചിരുന്നെങ്കില്‍.. എന്നൊരു ചിന്ത. ഞാന്‍ എന്തായാലും... ചിലതിന്റെയൊക്കെ പ്രിന്റെടുത്തു; മക്കള്‍ക്ക്‌ അയച്ചുകൊടുക്കാന്‍. പിണക്കമുണ്ടോ?

സു | Su said...

മനൂ, പാവം ആലീസ്.

കുട്ടിക്കവിത നന്നായിട്ടുണ്ട്, പതിവുപോലെ.

Jobish Pachat said...

Nalla kavitha Manu. Pakshe സണ്ണി
varunna variyil entho oru cheraika..

G.manu said...

എല്ലാവര്‍ക്കും ഒരുപാട്‌ നന്ദി.. ശിവപ്രസാദേട്ടാ...അതിനു അനുവാദം വേണൊ?...ഇതു എല്ലാ കുഞ്ഞുങ്ങളും വായിക്കട്ടേ എന്നാ എനിക്കു...ഓഡിയൊ ആക്കി വെറുതെ വിതരണം ചെയ്യാന്‍ ആലൊചനയുണ്ട്‌.. കുറെ പൂക്കള്‍ വിതറിയിട്ട്‌ ഭൂമിയില്‍ നിന്ന് മടങ്ങുന്നത്‌ നല്ലതല്ലെ? പലരും പറഞ്ഞത്‌ കൊണ്ട്‌ "സണ്ണി"യെ മാറ്റി "അമ്പി" എന്നാക്കി

സുന്ദരന്‍ said...

എന്റെ മോനു ഓലപ്പീപ്പി, കടലാസ്‌ വഞ്ചി, കാറ്റാടി കടലാസിന്റെ വിമാനം ഇതെല്ലാം ഉണ്ടാക്കിക്കൊടുക്കാനാണെനിക്കിഷ്ടം...

കളിപ്പാട്ടകടയിലെ ഇലക്ട്രോനിക്സ്‌ ഐറ്റംസ്‌ വാങ്ങിക്കൊടുക്കാന്‍ ഭാര്യക്കിഷ്ടം...

ഈ കവിത ഞാന്‍ ആദ്യം ഭാര്യയെ പാടിക്കേള്‍പ്പിക്കട്ടെ ...അതിനു ശേഷം മകനെ പഠിപ്പിക്കാം

Siji said...

നല്ലൊരു ഉണ്ണിക്കവിത. പിള്ളേരെ മലയാളം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിന്റെടുത്തു വക്കുന്നുണ്ട്‌.